മുല്ലപ്പെരിയാര്‍ മുതല്‍ അറബിക്കടല്‍ വരെ എല്‍.ഡി.എഫിന്റെ നേതൃത്വത്തില്‍ മനുഷ്യമതില്‍ തീര്‍ത്തു

December 8, 2011 കേരളം

ഉപ്പുതറ: മുല്ലപ്പെരിയാറില്‍ പുതിയ ഡാം നിര്‍മിച്ച് കേരളത്തിന് സുരക്ഷയും തമിഴ്‌നാടിന് ജലവും ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് മുല്ലപ്പെരിയാര്‍ മുതല്‍ അറബിക്കടല്‍ വരെ എല്‍.ഡി.എഫിന്റെ നേതൃത്വത്തില്‍ മനുഷ്യമതില്‍ തീര്‍ത്തു. ഇടുക്കി ജില്ലയില്‍ മുല്ലപ്പെരിയാര്‍ മുതല്‍ അതിര്‍ത്തിയായ നീണ്ടപാറ വരെ 121 കിലോമീറ്റര്‍ ദൂരത്തില്‍ മനുഷ്യമതില്‍ തീര്‍ത്ത് പ്രതിജ്ഞയെടുത്തു.

പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്‍, സി.പി.എം. സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍, ഇ.പി.ജയരാജന്‍, കോടിയേരി ബാലകൃഷ്ണന്‍, വൈക്കം വിശ്വന്‍, കെ.ഇ.ഇസ്മയില്‍, കാനം രാജേന്ദ്രന്‍, ബിനോയ് വിശ്വം, മുല്ലക്കര രത്‌നാകരന്‍, എന്‍.കെ.പ്രേമചന്ദ്രന്‍, മാത്യു ടി.തോമസ്, എ.കെ.ശശീന്ദ്രന്‍, വി.സുരേന്ദ്രന്‍പിള്ള തുടങ്ങിയ എല്‍.ഡി.എഫ്. നേതാക്കളും മറ്റ് ജനപ്രതിനിധികളും മത-സാമുദായിക-സാംസ്‌കാരിക രംഗത്തെ പ്രമുഖരും ഉള്‍പ്പെടെ ആയിരക്കണക്കിന് പേര്‍ വിവിധ കേന്ദ്രങ്ങളില്‍ മനുഷ്യമതില്‍ തീര്‍ക്കാനെത്തി.

മനുഷ്യമതിലിന് അഭിവാദ്യമര്‍പ്പിക്കാന്‍ മന്ത്രിയും കേരളാ കോണ്‍ഗ്രസ് നേതാവുമായ പി.ജെ.ജോസഫ് എത്തിയതും കൗതുകമായി. വണ്ടിപ്പെരിയാറില്‍ പിണറായി അടക്കമുള്ളവരെ ഹസ്തദാനം ചെയ്ത് അഭിവാദ്യം ചെയ്ത ശേഷമാണ് ജോസഫ് മടങ്ങിയത്.

മുല്ലപ്പെരിയാറില്‍ തുടങ്ങിയ മനുഷ്യമതില്‍, വണ്ടിപ്പെരിയാര്‍, ചപ്പാത്ത്, കട്ടപ്പന, ഇരട്ടയാര്‍, തങ്കമണി, ഇടുക്കി, ചെറുതോണി, തടിയമ്പാട്, ചുരുളി, ചേലച്ചുവട്, കീരിത്തോട്, ലോവര്‍പെരിയാര്‍, കരിമണല്‍, നീണ്ടപ്പാറ, നേര്യമംഗലം, നെല്ലിമറ്റം, കോതമംഗലം, പെരുമ്പാവൂര്‍, ആലുവ വഴി മറൈന്‍ഡ്രൈവിലെ കടലോരത്ത് സമാപിച്ചു. പിണറായി വിജയന്‍ വണ്ടിപ്പെരിയാറിലും വി.എസ്.അച്യുതാനന്ദന്‍ കൊച്ചി മറൈന്‍ ഡ്രൈവിലും മനുഷ്യമതിലില്‍ പങ്കെടുത്തു.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം