കൊല്‍ക്കത്ത ആശുപത്രിയില്‍ വന്‍തീപ്പിടിത്തം: 50 മരണം

December 9, 2011 ദേശീയം

കൊല്‍ക്കത്ത: കൊല്‍ക്കത്തയിലെ ധാക്കുരിയയിലുള്ള എ.എം.ആര്‍.ഐ ആശുപത്രിയില്‍ വന്‍ തീപ്പിടിത്തം. 50 പേര്‍ മരിച്ചു. മരണസംഖ്യ ഉയരാന്‍ ഇടയുണ്ടെന്നാണ് സൂചന. വെള്ളിയാഴ്ച പുലര്‍ച്ചെ 2.15 നാണ് അഗ്‌നിബാധ ഉണ്ടായത്. രോഗികള്‍ അടക്കം നിരവധിപേര്‍ ആസ്പത്രിയില്‍ കുടുങ്ങിക്കിടക്കുന്നതായി സംശയമുണ്ട്. നിരവധി പേര്‍ക്ക് പരിക്കേറ്റു. രാത്രി ഡ്യൂട്ടിയിലുണ്ടായിരുന്ന മലയാളി നഴ്‌സുമാരായ വിനിത, രമ്യ എന്നിവരെ കാണാതായിട്ടുണ്ട്. 40 പേരുടെ മരണം സ്ഥിരീകരിച്ചതായി സംഭവസ്ഥലം സന്ദര്‍ശിച്ച മുഖ്യമന്ത്രി മമത ബാനര്‍ജി മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. മരിച്ചവരുടെ മൃതദേഹങ്ങള്‍ എസ്.എസ്.കെ.എം സര്‍ക്കാര്‍ ആശുപത്രിയിലേക്ക് മാറ്റി. അന്വേഷണം നടത്തിയശേഷം ആശുപത്രി അധികൃതര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്ന് അവര്‍ കൂട്ടിച്ചേര്‍ത്തു.

വൈദ്യുതി ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകട കാരണമെന്നാണ് ആദ്യ വിവരം. താഴത്തെ നിലയിലെ ഇലക്ട്രിക്കല്‍ ഡിപ്പാര്‍ട്ട്‌മെന്റില്‍നിന്ന് ആസ്പത്രിയിലെ ഒന്നും രണ്ടും നിലകളിലേക്ക് തീ പെട്ടെന്ന് പടര്‍ന്നു. ആസ്പത്രിയുടെ ജനല്‍ ചില്ലുകള്‍ തകര്‍ത്ത് അഗ്‌നിശമനസേന നിരവധി പേരെ രക്ഷപെടുത്തി. 40 ഓളം രോഗികളും ഡോക്ടര്‍മാരും നഴ്‌സുമാരും ഇപ്പോഴും കുടുങ്ങിക്കിടക്കുന്നവെന്നാണ് സൂചന. തീവ്രപരിചരണ വിഭാഗം അടക്കമുള്ളവയിലാണ് ആളുകള്‍ കുടുങ്ങി കിടക്കുന്നതായി സംശയിക്കുന്നത്. അഗ്‌നിബാധ ഇനിയും നിയന്ത്രണ വിധേയമാക്കാന്‍ കഴിഞ്ഞിട്ടില്ല.
25 ഫയര്‍ എന്‍ജിനുകള്‍ തീ കെടുത്താനുള്ള തീവ്രശ്രമത്തിലാണ്. കൊല്‍ക്കത്ത പോലീസ് കമ്മീഷണര്‍, മുനിസിപ്പല്‍ വകുപ്പ്, അഗ്‌നിശമന വകുപ്പ് മന്ത്രിമാര്‍ എന്നിവര്‍ സംഭവ സ്ഥലത്തെത്തി രക്ഷാ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നുണ്ട്. കൊല്‍ക്കത്ത പോലീസ്, ദുരന്ത നിവാരണ വിഭാഗം, അഗ്‌നിശമന സേന എന്നിവരാണ് രക്ഷാപ്രവര്‍ത്തനം നടത്തുന്നത്. നാല് കെട്ടിടങ്ങളിലായി നൂറു കണക്കിന് രോഗികള്‍ ഈ ആസ്പത്രിയില്‍ ചികിത്സയില്‍ കഴിയുന്നുണ്ട്. ഇടുങ്ങിയ ഇടവഴികള്‍ അഗ്‌നിശമന പ്രവര്‍ത്തനങ്ങള്‍ക്ക് തടസ്സം സൃഷ്ടിക്കുന്നുണ്ട്.

അപകട സമയത്ത് രോഗികളെ പുറത്ത് കൊണ്ടുവരാനുള്ള സൗകര്യങ്ങള്‍ ഇല്ലാതിരുന്നത് അപകടത്തിന്റെ തീവ്രത വര്‍ദ്ധിപ്പിച്ചു. ആസ്പത്രിയില്‍ വേണ്ടത്ര അഗ്‌നിശമന സംവിധാനങ്ങള്‍ ഇല്ലാത്തതും തിരിച്ചടിയായി. വേണ്ടത്ര ഗതാഗത സൗകര്യമോ സുരക്ഷാ സംവിധാനങ്ങളോ ഇല്ലാതെ ഈ ആസ്പത്രിക്ക് അംഗീകാരം ലഭിച്ചത് എങ്ങനെയാണെന്ന് അന്വേഷിക്കുമെന്ന് മുനിസിപ്പല്‍ വകുപ്പ് മന്ത്രി ഫിര്‍ഹാദ് ഹക്കിം മാധ്യമങ്ങളോട് പറഞ്ഞു.

അഗ്‌നിബാധയെ തുടര്‍ന്ന് തിരക്കേറിയ ധാക്കുരിയ പ്രദേശത്തെ ഗതാഗതം തടസപ്പെട്ടു. രോഗികളുടെ ബന്ധുക്കളും നാട്ടുകാരും പരിഭ്രാന്തരായി പ്രദേശത്ത് തടിച്ചുകൂടി. തൊട്ടടുത്തുള്ള ചേരി നിവാസികളാണ് തീ ആദ്യംകണ്ടത്. മുഖ്യമന്ത്രി മമതാ ബാനര്‍ജി മന്ത്രിമാരുമായി ഫോണില്‍ ബന്ധപ്പെട്ട് സ്ഥിതിഗതികള്‍ വിലയിരുത്തി. നാലുനില കെട്ടിടത്തിലെ നിലവറയ്ക്കടുത്താണ് ആദ്യം തീ കണ്ടത്. ഇവിടെ ഗാസ് സിലിണ്ടറുകളും വയറുകളും രാസവസ്തുക്കളും ശേഖരിച്ചിരുന്നത് പെട്ടെന്ന് തീപടരാന്‍ കാരണമായി. രാവിലെ ഏഴുവരെ ആശുപത്രി അധികൃതരെ ആരെയും ബന്ധപ്പെടാന്‍ മാധ്യമ പ്രവര്‍ത്തകര്‍ക്ക് കഴിഞ്ഞില്ല. അതിനാല്‍ ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞ രോഗികളുടെ എണ്ണം വൈകിയും ലഭ്യമായിട്ടില്ല. 170 ഓളം രോഗികള്‍ അപകടം നടക്കുമ്പോള്‍ ആശുപത്രിയില്‍ ഉണ്ടായിരുന്നുവെന്നാണ് സൂചന.

കൂടുതല്‍ വാര്‍ത്തകള്‍ - ദേശീയം