മുഖ്യമന്ത്രിയുടെ നേതൃത്വത്തിലുള്ള സര്‍വകക്ഷി സംഘത്തിനൊപ്പം പ്രധാനമന്ത്രിയെ സന്ദര്‍ശിക്കുമെന്ന് വി.എസ്

December 11, 2011 കേരളം

തൃശ്ശൂര്‍: മുല്ലപ്പെരിയാര്‍ പ്രശ്‌നത്തില്‍ മുഖ്യമന്ത്രിയുടെ നേതൃത്വത്തിലുള്ള സര്‍വകക്ഷി സംഘത്തിനൊപ്പം പ്രധാനമന്ത്രിയെ സന്ദര്‍ശിക്കുമെന്ന് പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍ പറഞ്ഞു. പ്രധാനമന്ത്രിയെ കാണണമെന്ന് കഴിഞ്ഞ ദിവസം മുഖ്യമന്ത്രി അഭ്യര്‍ത്ഥിച്ചിരുന്നു. മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും ഒരുമിച്ച് പ്രധാനമന്ത്രിയെ കാണുന്നത് നല്ലതാണെന്നാണ് ഉമ്മന്‍ചാണ്ടിയുടെ അഭിപ്രായം. അത് അംഗീകരിക്കുന്നുവെന്ന് വി.എസ് പറഞ്ഞു.

സന്ദര്‍ശന സമയം അറിയിക്കാമെന്ന് പ്രധാനമന്ത്രി അറിയിച്ചിട്ടുണ്ട്. വിവരം അറിയിക്കുന്നത് അനുസരിച്ച് മുഖ്യമന്ത്രിക്കൊപ്പം ന്യൂഡല്‍ഹിയില്‍ പോകുമെന്ന് അദ്ദേഹം മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി വി.എസ്. അച്യുതാനന്ദനുമായി ശനിയാഴ്ച രാത്രി ആലുവ പാലസില്‍ കൂടിക്കാഴ്ച നടത്തിയിരുന്നു. സര്‍വകക്ഷി സംഘം ഡല്‍ഹിയില്‍ പോകുന്നത് സംബന്ധിച്ചായിരുന്നു ചര്‍ച്ച. ഡിസംബര്‍ പതിമൂന്നിനോ, പതിന്നാലിനോ ഡല്‍ഹിയിലെത്തിയാണ് പ്രധാനമന്ത്രിയെ കാണുന്നത്.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം