മഅദനി അറസ്റ്റില്

August 17, 2010 കേരളം,ദേശീയം,മറ്റുവാര്‍ത്തകള്‍

അന്‍വാര്‍ശേരി: ബംഗ്‌ളൂരു സ്‌ഫോടനക്കേസില്‍ പ്രതി ചേര്‍ക്കപ്പെട്ട അബ്ദുന്നാസിര്‍ മഅ്ദനിയെ അറസ്റ്റു ചെയ്തു. ഇന്ന് ഉച്ച നമസ്‌കാരത്തിന് ശേഷം കോടതിയില്‍ കീഴടങ്ങാനായി പോവുന്നതിന് ഇറങ്ങിയപ്പോഴായിരുന്നു അന്‍വാര്‍ശ്ശേരി യതീംഖാനയില്‍വെച്ച് കര്‍ണാടക പൊലീസ് അറസ്റ്റ് ചെയ്തത്.  നമസ്‌കാരാനന്തരം പുറത്തിറങ്ങി വാഹനത്തില്‍ കയറിയ ഉടനെ വാഹനം തടഞ്ഞ് കര്‍ണാടക ഡി.സി.പി ഓംകാരയ്യയുടെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റുചെയ്യുകയായിരുന്നു. ഐ.ജി. ഹേമചന്ദ്രന്‍, ബംഗളൂരു സിറ്റി ജോയിന്റ് കമീഷണര്‍ അലോക് കുമാര്‍ എന്നിവര്‍ ചേര്‍ന്ന് മഅ്ദനിയെ അറസ്റ്റ് രേഖപ്പെടുത്തി. കൊല്ലം എസ്.പി അര്‍ഷിത അട്ടല്ലൂരിയുടെ നേതൃത്വത്തിലുള്ള വന്‍പോലീസ് സംഘം ഇവരെ അനുഗമിച്ചിരുന്നു. മഅ്ദനിയുടെ വാഹനത്തിന്റെ ഡ്രൈവറെ മാറ്റി പൊലീസ് ഡ്രൈവറെ ചുമതലപ്പെടുത്തി. മഅ്ദനിയുമായി പൊലീസ് സംഘം തിരുവനന്തപുരത്തേക്ക് തിരിച്ചു. യാത്രാമധ്യേ കൊട്ടാരക്കര വെച്ച് മഅ്ദനിയെ മറ്റൊരു വാഹനത്തിലേക്ക് മാറ്റി. ഇന്ന് വൈകീട്ട് വിമാനമാര്‍ഗം ബംഗളൂരുവിലേക്ക് കൊണ്ടുപോകുമെന്നാണറിയുന്നത്.

  സ്‌ഫോടനം ആസൂത്രണംചെയ്യുന്നതിന് മറ്റുപ്രതികള്‍ക്കൊപ്പം ഗൂഡാലോചന നടത്തിയെന്നാരോപിച്ചാണ് മഅദനിയെ കേസില്‍ പ്രതിചേര്‍ത്തത്. കര്‍ണാടക പോലീസ് കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രപ്രകാരം മുപ്പത്തിയൊന്നാം പ്രതിയാണ് മഅദനി.

 മഅ്ദനിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ സുപ്രീം കോടതി തള്ളി. ജാമ്യാപേക്ഷ പരിഗണിക്കുന്നതിന് മുന്‍പ് അറസ്റ്റ് രേഖപ്പെടുത്തിയതിനാലാണ് ഇത്. മഅ്ദനിക്ക് ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടെങ്കില്‍ കോടതിയെ ബോധിപ്പിക്കാമെന്നും, മുന്‍കൂര്‍ ജാമ്യത്തിനായി വിചാരണക്കോടതിയെ സമീപിക്കാമെന്നും സുപ്രീ കോടതി വ്യക്തമാക്കി. മഅ്ദനി ജാമ്യാപേക്ഷ നല്‍കിയാല്‍ ഉടന്‍ പരിഗണിക്കണമെന്ന് സുപ്രീം കോടതി വിചാരണക്കോടതിയോട് ആവശ്യപ്പെട്ടു.

തിരിച്ചു വരുമെന്ന വിശ്വാസത്തോടെയല്ല താന്‍ പോകുന്നതെന്ന്  അറസ്റ്റ് ചെയ്യുന്നതിന് തൊട്ടുമുമ്പ് അന്‍വാര്‍ശ്ശേരി യതീംഖാനയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിലാ വ്യക്തമാക്കി അറസ്റ്റ് കാരണം കേരളത്തില്‍ എതെങ്കിലും തരത്തിലുള്ള സാമുദായിക പ്രശ്‌നങ്ങള്‍ ഉണ്ടാക്കരുെതന്നും തീര്‍ത്തും ജനാധിപത്യപരമായ രീതിയിലായിരിക്കണം കാര്യങ്ങളെന്നും മഅ്ദനി ഓര്‍മിപ്പിച്ചു.
എന്നെ തകര്‍ക്കുന്നതിന് വേണ്ടി വളരെ ആസൂ്രതിതമായി നടത്തിയ ഗൂഡാലാചനയുടെ ഭാഗമായാണ് ഈ കേസില്‍ എന്നെ കുടുക്കിയിരിക്കുന്നത്. ബംഗളൂരു സ്‌ഫോടനക്കേസില്‍ ഞാന്‍ തീര്‍ത്തും നിരപരാധിയാണ്. സ്‌ഫോടനത്തിന് മുമ്പോ അതിന് ശേഷമോ അത് സംബന്ധിച്ച് ഒന്നും ചര്‍ച്ച ചെയ്തിട്ടില്ല. അതിന്റെ തിയ്യതി പോലും കൃത്യമായി എനിക്കറിയില്ല. മഅ്ദനി പറഞ്ഞു. നിരപരാധിയാണെന്ന പൂര്‍ണ ബോധ്യമുള്ളത് കൊണ്ടാണ് കര്‍ണാടക കോടതിയില്‍ പോയി കീഴടങ്ങാതിരുന്നതെന്നും അദ്ദേഹം പറഞ്ഞു. കോടതിയില്‍ വിശ്വാസമുണ്ടെങ്കിലും ഏത് നിരപരാധിയെയും വേണമെങ്കില്‍ ജയിലിലടക്കാമെന്ന വ്യവസ്ഥിതിയാണ് നിലിവിലുള്ളതെന്ന് മഅ്ദനി ആരോപിച്ചു. പൊലീസിന് വേണമെങ്കില്‍ ഗേറ്റ് തകര്‍ത്ത് അന്‍വാര്‍ശ്ശേരി യതീംഖാനയില്‍ കടന്ന് അനാഥ കുട്ടികളെ അറസ്റ്റ് ചെയ്ത് എന്റെ കൊണ്ടുപോകാമായിരുന്നു. അത് ചെയ്യാതെ തീര്‍ത്തും അവധാനതയോടുകൂടിയാണ് പൊലീസ് പെരുമാറിയത്. ഇതില്‍ കേരള സര്‍ക്കാര്‍ പ്രശംസ അര്‍ഹിക്കുന്നുവെന്നും മഅ്ദനിപറഞ്ഞു.

ഖുറാന്‍ ഉള്‍പ്പെടെയുള്ള മതചിഹ്നങ്ങളെ താന്‍ ഉപയോഗിക്കുന്നു എന്നാണ് ആരോപണം. ആ ഖുറാനാണ് എന്നെ പിടിച്ചു നിര്‍ത്തുന്നതും തീവ്രവാദത്തിനെതിരെ നിലകൊള്ളാന്‍ എന്നെ പ്രേരിപ്പിക്കുന്നതും . അതുകൊണ്ടാണ് ഖുറാന്‍ ഉയര്‍ത്തിപ്പിടിച്ച് എന്റെ നിരപരാധിത്വം വിളിച്ചു പറയുന്നത്- മഅദനി വ്യക്തമാക്കി. ബാംഗ്ലൂര്‍ മജിസ്‌ട്രേറ്റ് കോടതി പുറപ്പെടുവിച്ച വാറന്റ് ഈ നിമിഷം വരെ കിട്ടിയിട്ടില്ല. വാറന്റുള്ള കാര്യം മാധ്യമങ്ങളിലൂടെയാണ് അറിയുന്നത്.

നിയമം അനുസരിക്കുന്ന ഒരു പൗരന്‍ എന്ന നിലയില്‍ എന്താണോ ചെയ്യാന്‍ സാധിക്കുക അതാണ് ഇതുവരെ ചെയ്തത്. വാറന്റ് പുറപ്പെടുവിച്ച കാര്യം മാധ്യമങ്ങളിലൂടെ അറിഞ്ഞപ്പോള്‍ പ്രഗത്ഭരായ വക്കീലന്മാരെ വെച്ച് ഒരു പൗരന്‍ എങ്ങനെയാണ് ചെയ്യേണ്ടത് അത് മാത്രമാണ്് ചെയ്തത്. ജാമ്യ അപേക്ഷ തള്ളിയാല്‍ കോടതി വഴി അടുത്ത കാര്യങ്ങള്‍ ചെയ്യാന്‍ ഒരു പൗരന് അവകാശമുണ്ട്. അത് മാത്രമാണ് താന്‍ ചെയ്തത്. വാറന്റ് ഉണ്ട് എന്ന അറിഞ്ഞ ഉടന്‍ തന്നെ ബാംഗ്ലൂര്‍ പോയി കീഴടങ്ങാനാകില്ല.

ദിവസങ്ങള്‍ നീണ്ട ഉദ്വേഗജനകമായ സംഭവങ്ങള്‍ക്ക് ശേഷമാണ് തികച്ചും നാടകീയമായി മഅ്ദനിയെ പൊലീസ് അറസ്റ്റ് ചെയ്യുന്നത്. തനിക്ക് വാറന്റ് ലഭിക്കുന്ന നിമിഷം അറസ്റ്റിന് വഴങ്ങുമെന്ന് മഅ്ദനി നേരത്തെ അറിയിച്ചിരുന്നു. എന്നാല്‍ ഇന്ന് ഉച്ചക്കാണ് കര്‍ണാടക പൊലീസ് അറസ്റ്റ് ചെയ്തത്. ബംഗളൂരു സ്‌ഫോടനക്കേസില്‍ 31ാം പ്രതിയായ മഅ്ദനിയെ അറസ്റ്റ് ചെയ്യാനുള്ള വാറന്റുമായി കര്‍ണാടക പൊലീസ് ഉദ്യോഗസ്ഥര്‍ ഒരാഴ്ചയായി കേരളത്തിലെത്തി കേരളാ പൊലീസുമായി അറസ്റ്റിനെ തുടര്‍ന്നുണ്ടാകാവുന്ന പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്തുവരികയായിരുന്നു.

മഅ്ദനിയുടെ അറസ്റ്റിന് കേരള സര്‍ക്കാര്‍ എല്ലാ സാഹചര്യങ്ങളും ഒരുക്കി കൊടുത്തെന്നും മറിച്ചുള്ള ആരോപണങ്ങള്‍ അടിസ്ഥാന രഹിതമാണെന്നും കോടിയേരി ബാലകൃഷ്ണന്‍. കര്‍ണാടക പൊലീസിന് സഹായം ചെയ്തു കൊടുത്തില്ലെന്നും അറസ്റ്റ് വൈകിയതിന് കാരണം കേരള പൊലീസാണെന്നുമുള്ള പ്രചാരണങ്ങള്‍ രാഷ്ട്രീയ പ്രേരിതമാണ്്. കേസ് രജിസ്റ്റര്‍ ചെയ്തത് കര്‍ണാടകയിലാണ്. അതിനാല്‍ അറസ്റ്റ് സംബന്ധിച്ച്  തീരുമാനം എടുക്കേണ്ടതും കര്‍ണാടക പൊലീസ് ആണ്. അവര്‍ തീരുമാനമെടുത്തപ്പോള്‍ കേരള പൊലീസ് സഹായിച്ചു. രാഷ്ട്രപതിയുടെ സന്ദര്‍ശനവും സ്വാതന്ത്ര്യ ദിനവും കാരണം പൊലീസിനെ വിട്ടു തരാന്‍ ബുദ്ധിമുട്ടുണ്ടെന്ന് അറിയിച്ചിരുന്നു, കോടിയേരി പറഞ്ഞു. കോടതിയില്‍ കീഴടങ്ങുമെന്ന് പറഞ്ഞ മഅ്ദനി വാര്‍ത്താ സമ്മേളനം നടത്തി മന:പൂര്‍വം വൈകിപ്പിക്കുകയാണെന്ന് കര്‍ണാടക പൊലീസ് സംശയം ഉന്നയിച്ചതിനെ തുടര്‍ന്നാണ് അറസ്റ്റ് നടന്നത്. അറസ്റ്റുമായി ബന്ധപ്പെട്ട്  ക്രമസമാധാനപ്രശ്‌നങ്ങള്‍ ഉണ്ടാവാതിരുന്നതില്‍ സന്തോഷമുണ്ടെന്നും അദ്ദേഹം  പറഞ്ഞു.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം