തന്ത്രി കണ്ഠര് മഹേശ്വരരുടെ ചെറുമകന്‍ രാഹുല്‍ ഈശ്വറിന് താന്ത്രികാവകാശം ഇല്ലെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്

December 14, 2011 കേരളം

പത്തനംതിട്ട: ശബരിമല തന്ത്രി കണ്ഠര് മഹേശ്വരരുടെ ചെറുമകന്‍ രാഹുല്‍ ഈശ്വറിന് താന്ത്രികാവകാശം ഇല്ലെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് വ്യക്തമാക്കി. ശ്രീകോവിലില്‍ പ്രവേശിക്കാന്‍ അദ്ദേഹത്തിന് യാതൊരു അവകാശവുമില്ലെന്ന് ബോര്‍ഡ് പ്രസിഡന്റ് അഡ്വ. എം രാജഗോപാലന്‍ നായര്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു. തന്ത്രി പറയുന്ന ആര്‍ക്കും ശ്രീകോവിലില്‍ പ്രവേശിക്കാന്‍ കഴിയില്ല. കണ്ഠര് മോഹനരെ സഹായിയായി ശബരിമലയില്‍ കൊണ്ടുവരാന്‍ തന്ത്രി നേരത്തെ ശ്രമിച്ചിരുന്നു. എന്നാല്‍ ദേവസ്വം ബോര്‍ഡ് അനുവദിച്ചില്ല. ഇതിനെതിരെ തന്ത്രികുടുംബം ഹൈക്കോടതിയെ സമീപിച്ചുവെങ്കിലും ദേവസ്വം ബോര്‍ഡിന്റെ നിലപാട് കോടതി ശരിവച്ചുവെന്ന് അദ്ദേഹം പറഞ്ഞു. കോടതി വിധികള്‍ മനസിലാക്കാതെ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനാണ് തന്ത്രിയും രാഹുല്‍ ഈശ്വറും ശ്രമിക്കുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കഴിഞ്ഞ ദിവസം ഉച്ചപ്പൂജയ്ക്ക് തന്ത്രി കണ്ഠര് മഹേശ്വരരോടൊപ്പം ശ്രീകോവിലില്‍ പ്രവേശിക്കാനെത്തിയ ചെറുമകന്‍ രാഹുല്‍ ഈശ്വറിനെ ദേവസ്വം ഉദ്യോഗസ്ഥര്‍ തടഞ്ഞിരുന്നു. പിന്നീട് രാഹുലിനെ ന്യായീകരിച്ച് തന്ത്രിയും തടഞ്ഞതിന് ന്യായീകരണവുമായി ദേവസ്വം ബോര്‍ഡ് അധികൃതരും രംഗത്തെത്തി. ശബരിമലയിലെ ആചാര്യകാര്യങ്ങളില്‍ പരമാചാര്യന്‍ തന്ത്രിയാണെന്ന് തന്ത്രി കണ്ഠര് മഹേശ്വരര് അവകാശപ്പെട്ടു. തന്ത്രികുടുംബത്തിന്റെ അവകാശത്തിന്മേലുള്ള കടന്നുകയറ്റമായാണ് സംഭവത്തെ കാണുന്നതെന്നും രാഹുല്‍ പറഞ്ഞിരുന്നു.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം