പശ്ചിമ ബംഗാളില്‍ വിഷമദ്യ ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 98 ആയി

December 15, 2011 ദേശീയം

കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ ബുധനാഴ്ച ഉണ്ടായ വിഷമദ്യ ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 98 ആയി. ഗുരുതരാവസ്ഥയില്‍ ചികിത്സയില്‍ കഴിഞ്ഞ 31 പേര്‍ വ്യാഴാഴ്ച രാവിലെ മരിച്ചു. ദക്ഷിണ പര്‍ഗാനാസ് ജില്ലയിലെ സംഗ്രാംപുര്‍ ഗ്രാമത്തിലാണ് നാടിനെ നടുക്കിയ ദുരന്തമുണ്ടായത്. മരണസംഖ്യ ഇനിയും ഉയരുമെന്നാണ് സൂചന. ബങ്കൂര്‍, ചിത്തരഞ്ജന്‍, ഡയമണ്ട് ഹാര്‍ബര്‍ ആസ്പത്രികളില്‍ ചികിത്സയില്‍ കഴിഞ്ഞവരാണ് വ്യാഴാഴ്ച മരിച്ചത്.

സംഗ്രാംപുര്‍ ഗ്രാമത്തിലെ മദ്യവില്‍പ്പനകേന്ദ്രത്തില്‍ നിന്ന് മദ്യം കഴിച്ചവര്‍ക്ക് കടുത്ത വയറുവേദനയും ഛര്‍ദിയും അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് നൂറോളം പേരെ നാട്ടുകാര്‍ ഡയമണ്ട് ഹാര്‍ബര്‍ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചത്. ഗുരുതരാവസ്ഥയില്‍ ആയവരെ പിന്നീട് മറ്റ് ആസ്പത്രികളിലേക്ക് മാറ്റി. മരിച്ചവരുടെ ബന്ധുക്കള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ രണ്ട് ലക്ഷം രൂപവീതം നഷ്ടപരിഹാരം പ്രഖ്യാപിച്ചിട്ടുണ്ട്. പശ്ചിമബംഗാളില്‍ നഗര, ഗ്രാമ വ്യത്യാസമില്ലാതെ തെരുവുകള്‍തോറും അനധികൃത മദ്യശാലകള്‍ വ്യാപകമെന്നു മാത്രമല്ല. അധികൃതരുടെ ഭാഗത്തുനിന്നും യാതൊരു നിയന്ത്രണവും ഇതിന് ഏര്‍പ്പെടുത്തിയിട്ടുമില്ല.

കൂടുതല്‍ വാര്‍ത്തകള്‍ - ദേശീയം