സമാധാന ശ്രമങ്ങള്‍ക്കു കേരളം മാതൃകയാകണമെന്ന് പ്രധാനമന്ത്രി

December 15, 2011 ദേശീയം

ന്യൂഡല്‍ഹി : മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ പേരില്‍ രണ്ടു സംസ്ഥാനങ്ങളിലും സംഘര്‍ഷങ്ങളുണ്ടാകുന്ന സാഹചര്യം കണക്കിലെടുത്താണ് ആദ്യം സമാധാനവും ശാന്തിയുമുണ്ടായാലേ ചര്‍ച്ചയിലേക്കു പോകാന്‍ സാധിക്കുകയുള്ളു എന്നു പ്രധാനമന്ത്രി വ്യക്തമാക്കിയത്. സമാധാന ശ്രമങ്ങള്‍ക്കു കേരളം തുടക്കം കുറിച്ചു മാതൃക കാട്ടിയാല്‍ തമിഴ്‌നാടും അതേ വഴിയിലേക്കു നീങ്ങുമെന്നാണ് കേന്ദ്രത്തിന്റെ പ്രതീക്ഷ. അതേസമയം പ്രധാനമന്ത്രിയുമായി നടത്തിയ ചര്‍ച്ചയ്ക്കു പിന്നാലെ, കേരളത്തിലെ സമരപരിപാടികള്‍ അവസാനിപ്പിക്കാന്‍ സര്‍വകക്ഷി സംഘത്തിനു വേണ്ടി മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ അഭ്യര്‍ഥനയുണ്ടായി. തുടര്‍ന്ന്, കോണ്‍ഗ്രസ് സമരം അവസാനിപ്പിക്കുകയാണെന്നു കെപിസിസി അധ്യക്ഷന്‍ രമേശ് ചെന്നിത്തല പ്രഖ്യാപിച്ചു. പൊതു അഭ്യര്‍ഥനയാണ് നല്‍കിയിരിക്കുന്നതെന്നും സമരം കേരളത്തിലായതിനാല്‍ സംസ്ഥാനത്ത് ആലോചിച്ച് തീരുമാനമെടുക്കുമെന്നും സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയനും പറഞ്ഞു. സമരം അവസാനിപ്പിക്കണമോയെന്നതില്‍ വി.എസ്.അച്യുതാനന്ദനും മറ്റു ചില നേതാക്കള്‍ക്കും സംശയമുണ്ടായിരുന്നു. അനങ്ങാപ്പാറ നയമാണു പ്രധാനമന്ത്രി സ്വീകരിക്കുന്നതെന്നു വിഎസ് പറഞ്ഞു.

എന്നാല്‍ പ്രധാനമന്ത്രി വാഗ്ദാനം ചെയ്ത ഇടപെടലിനു കാലതാമസം പാടില്ലെന്നാണ് മന്ത്രി കെ.എം.മാണി പറഞ്ഞത്. ഒരു മാസത്തിനകം തീരുമാനമുണ്ടാകണം. അല്ലെങ്കില്‍ സമീപനം പുനഃപരിശോധിക്കേണ്ടിവരും. സംരക്ഷണ അണക്കെട്ട് പണിയാനുള്ള നടപടികള്‍ക്ക് ബജറ്റില്‍ അഞ്ചു കോടി രൂപ വകയിരുത്തിയിട്ടുണ്ട്.

കൂടുതല്‍ വാര്‍ത്തകള്‍ - ദേശീയം