ശബരിമല: 8368 ബസ് സര്‍വീസുകള്‍; വരുമാനം 2.59 കോടി

December 15, 2011 കേരളം

ശബരിമല: ശബരിമല തീര്‍ഥാടനത്തിന് ചൊവ്വാഴ്ചവരെ കെഎസ്ആര്‍ടിസി പമ്പയില്‍ നിന്നും 8368 സര്‍വീസുകള്‍ നടത്തി. 2.59 കോടി രൂപയാണ് സര്‍വീസുകളില്‍ നിന്നുള്ള വരുമാനം. കഴിഞ്ഞവര്‍ഷത്തേതിനെ അപേക്ഷിച്ച് 85 ലക്ഷത്തിന്റെ വര്‍ധനയാണ് വരുമാനത്തിലുണ്ടായത്. 12,54,000 തീര്‍ഥാടകരാണ് കെഎസ്ആര്‍ടിസിയുടെ പമ്പനിലയ്ക്കല്‍ ചെയിന്‍ സര്‍വീസുകള്‍ പ്രയോജനപ്പെടുത്തിയത്. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 2,14,000 പേരുടെ വര്‍ധനയുണ്ടായി. ഏറ്റവും കൂടുതല്‍ സര്‍വീസുകള്‍ ഓപ്പറേറ്റ് ചെയ്തിട്ടുള്ളത് ചെങ്ങന്നൂര്‍ ഡിപ്പോയില്‍ നിന്നാണ്. 2029 സര്‍വീസുകള്‍ ഇതുവരെ ചെങ്ങന്നൂരില്‍ നിന്നും ഓപ്പറേറ്റു ചെയ്തു. 1193 സര്‍വീസുകളുമായി കോട്ടയമാണ് രണ്ടാമത്. പമ്പനിലയ്ക്കല്‍ റൂട്ടില്‍ 12,246 ട്രിപ്പുകള്‍ നടത്തി. 

കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 1780 സര്‍വീസുകളുടെ വര്‍ധന രേഖപ്പെടുത്തി. മണ്ഡലപൂജയ്ക്ക് പ്രതീക്ഷിക്കുന്ന ഭക്തജനതിരക്ക് കണക്കിലെടുത്ത് ചെയിന്‍ സര്‍വീസുകള്‍ നിലവിലുള്ള 83ല്‍ നിന്നും 100 ആക്കി വര്‍ധിപ്പിക്കാനും പദ്ധതിയുണ്ട്.ദീര്‍ഘദൂരസര്‍വീസുകള്‍ക്കായി കൂടുതല്‍ ബസുകള്‍ തയാറാക്കിയിട്ടുണ്ട്.  തീര്‍ഥാടകരെ ശബരിമലയിലെത്തിക്കുന്നതിനും തിരിച്ച് ലക്ഷ്യസ്ഥാനങ്ങളിലെത്തി ക്കുന്നതിനും വേണ്ടിയുള്ള പ്രവര്‍ത്തനം പമ്പ കെഎസ്ആര്‍ടിസി സ്‌റ്റേഷന്‍ കേന്ദ്രീകരിച്ച് ഊര്‍ജിതമാണ്. കുമളി വഴിയുള്ള യാത്രാക്കാരുടെ എണ്ണത്തില്‍ കുറവുണ്െടങ്കിലും തെങ്കാശിവഴിയുള്ള യാത്രാക്കാരുടെ എണ്ണം കൂടിയിട്ടുണ്െടന്ന് സ്‌പെഷല്‍ ഓഫീസര്‍ ഈസ്റ്റര്‍ യാഷിക്ക അറിയിച്ചു.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം