വിഎച്ച്പി പ്രതിനിധി സമ്മേളനത്തിന്‌ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

December 15, 2011 കേരളം

കൊച്ചി : ഈ മാസം 16,17,18 തീയതികളില്‍ കൊച്ചിയില്‍ നടക്കുന്ന വിഎച്ച്പി ദേശീയ പ്രതിനിധി സമ്മേളനത്തിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. 13 വിദേശരാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധികള്‍ ഉള്‍പ്പെടെ 350 ഓളം പേര്‍ സമ്മേളനത്തില്‍ സംബന്ധിക്കും. 16 ന്‌ രാവിലെ 9.30 ന്‌ ആരംഭിക്കുന്ന പ്രതിനിധിസമ്മേളനത്തിന്‌ മുമ്പുള്ള ഉപസമിതിയോഗങ്ങള്‍ ആരംഭിച്ചു. വിഎച്ച്പി പ്രസിഡന്റ്‌ അശോക്‌ സിഗാള്‍ യോഗത്തില്‍ അദ്ധ്യക്ഷത വഹിച്ചു.  അയോദ്ധ്യയില്‍ രാമക്ഷേത്ര നിര്‍മ്മാണം പൂര്‍ത്തിയാക്കുന്നതു സംബന്ധിച്ചുള്ള കാര്യങ്ങള്‍ക്ക്‌ പ്രതിനിധി സമ്മേളനം അന്തിമരൂപം നല്‍കും. കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവരാന്‍ ഉദ്ദേശിക്കുന്ന കലാപ വിരുദ്ധ ബില്ലിനെ എങ്ങനെ നേരിടാമെന്ന കാര്യവും സമ്മേളനത്തില്‍ ചര്‍ച്ചാവിഷയമാകും. ലൗജിഹാദ്‌, മതംമാറ്റം, മതവിവേചനം, മതതീവ്രവാദം തുടങ്ങിയ വിവിധ വിഷയങ്ങളും സമ്മേളനം ചര്‍ച്ച ചെയ്യും.

പാവക്കുളം ക്ഷേത്ര ഓഡിറ്റോറിയത്തിലാണ്‌ സമ്മേളനം നടക്കുക. സമ്മേളനത്തില്‍ പങ്കെടുക്കാനുള്ള ഭൂരിപക്ഷം പ്രതിനിധികളും എത്തികഴിഞ്ഞു. വിഎച്ച്പി അന്തര്‍ദേശീയ പ്രസിഡന്റ്‌ അശോക്‌ സിംഗാള്‍, സെക്രട്ടറി ജനറല്‍ ഡോ. പ്രവീണ്‍ഭായി തൊഗാഡിയ, വര്‍ക്കിംഗ്‌ പ്രസിഡന്റ്‌ എസ്‌. വേദാന്തം മറ്റ്‌ ദേശീയ ഭാരവാഹികളായ ചമ്പത്ത്‌ റായി (വൈസ്‌ പ്രസിഡന്റ്‌) ദിനേശ്‌ ചന്ദ്രന്‍ (സംഘടന സെക്രട്ടറി) രാഘവുലു (ജനറല്‍ സെക്രട്ടറി) വിനായക്‌ റാവ്‌ ദേശ്‌ പാണ്ഡെ, സ്വാമി വിജ്ഞാനാനന്ദ, മോഹന്‍ജോഷി, മധുദായി കുല്‍കര്‍ണി തുടങ്ങിയവര്‍ എത്തിച്ചേര്‍ന്നിട്ടുണ്ട്‌. വിഎച്ച്പി അന്തര്‍ദേശീയ പ്രസിഡന്റ്‌ അശോക്‌ സിംഗാള്‍ ഇന്നലെ വൈകീട്ട്‌ 5 മണിക്ക്‌ കൊച്ചിയിലെ അമൃത ആശുപത്രി സന്ദര്‍ശിച്ചു.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം