മുല്ലപ്പെരിയാര്‍ വിഷയത്തില്‍ കേരളം ഹൈക്കോടതിയില്‍ പുതിയ പ്രസ്താവന സമര്‍പ്പിച്ചു

December 15, 2011 കേരളം

കൊച്ചി: മുല്ലപ്പെരിയാര്‍ വിഷയത്തില്‍ കേരളം ഹൈക്കോടതിയില്‍ പുതിയ പ്രസ്താവന സമര്‍പ്പിച്ചു. 136 അടി ജലം ഉള്‍ക്കൊളളാനുള്ള ബലം മുല്ലപ്പെരിയാര്‍ അണക്കെട്ടിനില്ലെന്ന് പ്രസ്താവനയില്‍ പറയുന്നു. അണക്കെട്ട് ബലപ്പെടുത്താന്‍ സ്വീകരിച്ച നടപടികള്‍ കൊണ്ട് കാര്യമായ പ്രയോജനം ഉണ്ടായിട്ടില്ല. 116 വര്‍ഷം പഴക്കമുള്ള അണക്കെട്ട് ബലപ്പെടുത്താന്‍ സാധ്യമല്ല. പുതിയ അണക്കെട്ട് നിര്‍മ്മിക്കാനാണ് തീരുമാനമെന്ന് കേരളം പ്രസ്താവനയില്‍ വ്യക്തമാക്കി. ദുരന്തം ഉണ്ടായാല്‍ നേരിടാന്‍ സര്‍ക്കാര്‍ സ്വീകരിച്ചിട്ടുള്ള നടപടികളും സംസ്ഥാനം കോടതിയെ ധരിപ്പിച്ചു. ഐ.ജിയുടെ നേതൃത്വത്തില്‍ പോലീസ് ദുരന്ത നിവാരണം സംബന്ധിച്ച കര്‍മ്മ പദ്ധതി തയ്യാറാക്കിയിട്ടുണ്ട്. ആവശ്യം വന്നാല്‍ കരസേനയുടെയും വ്യോമസേനയുടെയും സഹായം പോലീസ് തേടും. കൂടുതല്‍ പോലീസ് സേനയെ വിന്യസിച്ചുകഴിഞ്ഞു.

ജലനിരപ്പ് അളക്കാന്‍ കുമിളിയില്‍ ഡിജിറ്റല്‍ സംവിധാനം സ്ഥാപിക്കുമെന്നും കേരളം വ്യക്തമാക്കി. അണക്കെട്ട് ദുര്‍ബലമാണെന്ന് ദേശീയ ഏജന്‍സികള്‍ കണ്ടെത്തിയകാര്യം കേരളം ഹൈക്കോടതിയുടെ ശ്രദ്ധയില്‍പ്പെടുത്തി. ഇതുസംബന്ധിച്ച രഹസ്യാന്വേഷണ ഏജന്‍സികളുടെ റിപ്പോര്‍ട്ടുകളും കേരളം കോടതിയില്‍ സമര്‍പ്പിച്ചു. ദുരന്തമുണ്ടായാല്‍ അത് 40 ലക്ഷം പേരെ ബാധിക്കുമെന്നാണ് വിലയിരുത്തല്‍. ഡാം ബ്രേക്ക് വിശകലനം നടത്തിയാലെ കൂടുതല്‍ കാര്യങ്ങള്‍ വ്യക്തമാകൂവെന്നും എ.ജി ധരിപ്പിച്ചു.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം