രാമക്ഷേത്രത്തിന് നിയമനിര്മാണം നടത്തണം: അശോക് സിംഘാള്

August 18, 2010 കേരളം,ദേശീയം,മറ്റുവാര്‍ത്തകള്‍

കൊച്ചി: ശ്രീരാമജന്മഭൂമിയില്‍ രാമക്ഷേത്രം നിര്‍മിക്കുന്നതിന്‌ പാര്‍ലമെന്റ്‌ ഐകകണ്ഠ്യേന നിയമനിര്‍മാണം നടത്തണമെന്ന്‌ വിശ്വഹിന്ദുപരിഷത്ത്‌ അന്തര്‍ദേശീയ അധ്യക്ഷന്‍ അശോക്‌ സിംഘാള്‍ ആവശ്യപ്പെട്ടു. രാമജന്മഭൂമി ക്ഷേത്രനിര്‍മാണത്തിന്‌ കരുത്ത്‌ പകരുക എന്ന ലക്ഷ്യത്തോടെ രാജ്യവ്യാപകമായി സംഘടിപ്പിക്കുന്ന ഹനുമദ്ശക്തിജാഗരണത്തിന്റെ ജില്ലാതല ഉദ്ഘാടനം കലൂര്‍ പാവക്കുളം ക്ഷേത്രാങ്കണത്തില്‍ നിര്‍വഹിച്ച്‌ സംസാരിക്കുകയായിരുന്നു സിംഘാള്‍.

കോടതിവിധികൊണ്ട്‌ പ്രശ്നത്തിന്‌ ശാശ്വത പരിഹാരമുണ്ടാകില്ല. വിധി ഹിന്ദുക്കള്‍ക്കനുകൂലമായാല്‍ മുസ്ലീം സംഘടനകളുടെ ഭാഗത്തുനിന്ന്‌ എതിര്‍പ്പുണ്ടാകും. വിധി മുസ്ലീംസമുദായത്തിനനുകൂലമായാല്‍ ഹിന്ദുസമൂഹം അതംഗീകരിക്കണമെന്നില്ല. ഈ സാഹചര്യത്തില്‍ പ്രശ്നം ശാശ്വതമായി പരിഹരിക്കാന്‍ പാര്‍ലമെന്റ്‌ നിയമനിര്‍മാണം മാത്രമാണ്‌ പോംവഴി. ശാന്തിയും സമാധാനവും ആഗ്രഹിക്കുന്നവരാണ്‌ ഹിന്ദുക്കള്‍. അതുകൊണ്ട്‌ അറുപത്‌ വര്‍ഷത്തിലേറെയായി രാമജന്മഭൂമിയുടെ കാര്യത്തില്‍ അപമാനം സഹിച്ച്‌ നീതിക്കായി കാത്തിരിപ്പ്‌ തുടരുകയാണ്‌. ജനാധിപത്യ രീതിയില്‍ വന്‍ ബഹുജനമുന്നേറ്റമുണ്ടാക്കാനാണ്‌ ഹനുമദ്ശക്തിജാഗരണത്തിലൂടെ ലക്ഷ്യമിടുന്നത്‌. ഏപ്രിലില്‍ ഹരിദ്വാറില്‍ നടന്ന കുംഭമേളയില്‍ സന്യാസിശ്രേഷ്ഠരുടെ നേതൃത്വത്തില്‍ നടന്ന മാര്‍ഗദര്‍ശക്‌ മണ്ഡലാണ്‌ രാജ്യവ്യാപകമായി ‘ഹനുമദ്ശക്തിജാഗരണ’മെന്ന പേരില്‍ ഹിന്ദുസമൂഹത്തെ ഉണര്‍ത്താനുള്ള പരിപാടി നിര്‍ദ്ദേശിച്ചത്‌. തുളസീദാസജയന്തി മുതല്‍ ഗീതാജയന്തിദിനമായ ഡിസംബര്‍ 17 വരെയാണ്‌ ‘ഹനുമദ്ശക്തിജാഗരണം.’ നഗരങ്ങളിലും നാട്ടിന്‍പുറങ്ങളിലും ക്ഷേത്രങ്ങള്‍ കേന്ദ്രീകരിച്ച്‌ ഈ നാലുമാസക്കാലയളവില്‍ ഹനുമാന്‍ചാലീസ ജപം സംഘടിപ്പിക്കും. സെപ്തംബറില്‍ കോടതിവിധിയുണ്ടാകുമെന്നാണ്‌ പ്രതീക്ഷിക്കുന്നത്‌. കോടതിവിധി ക്ഷേത്രനിര്‍മാണത്തിനനുകൂലമായാലും ഹനുമദ്ശക്തി ജാഗരണ പരിപാടിയുമായി മുന്നോട്ടുപോകുമെന്നും സിംഘാള്‍ സൂചിപ്പിച്ചു.

രാജ്യത്തിന്റെ പലഭാഗത്തും തീവ്രവാദം ശക്തിപ്പെട്ടുവരുന്നത്‌ അത്യന്തം ആപല്‍ക്കരമാണെന്നും അശോക്‌ സിംഘാള്‍ ചൂണ്ടിക്കാട്ടി. ഇന്ത്യയിലെ ബഹുഭൂരിപക്ഷം മുസ്ലീങ്ങളും സമാധാനം ആഗ്രഹിക്കുന്നവരാണ്‌. എന്നാല്‍ വളരെ ചെറിയ ഒരു കൂട്ടം ‘ജിഹാദി’കള്‍ മുസ്ലീംമതത്തെ ഹൈജാക്ക്‌ ചെയ്തിരിക്കുകയാണ്‌. ജനാധിപത്യത്തിനും നിയമത്തിനും പകരം ഇവര്‍ ഭീകരപ്രവര്‍ത്തനങ്ങളിലൂടെ നേട്ടങ്ങളുണ്ടാക്കാമെന്ന്‌ കരുതുന്നു.

വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ക്രിസ്ത്യന്‍ മിഷണറിമാരും മറ്റു ചിലയിടങ്ങളില്‍ മാവോയിസ്റ്റുകളും ചെയ്യുന്നത്‌ ഇതുതന്നെയാണ്‌. ക്രിസ്ത്യന്‍ ഭീകരവാദം മൂലം മണിപ്പൂരില്‍ ജനജീവിതം ദുസ്സഹമായിരിക്കുകയാണെന്നും സിംഘാള്‍ ചൂണ്ടിക്കാട്ടി. വിശ്വഹിന്ദുപരിഷത്ത്‌ സംസ്്ഥാന കാര്യാലയത്തോടനുബന്ധിച്ചുള്ള ലൈബ്രറിയുടെ ഉദ്ഘാടനം സ്വാമി വിവിക്താനന്ദ നിര്‍വഹിച്ചു.

കാഞ്ഞാണി പഴങ്ങാപറമ്പ്‌ മന പാര്‍ത്ഥസാരഥി ക്ഷേത്രത്തില്‍ നടക്കുന്ന യജൂര്‍വേദ സംഹിതാ യജ്ഞത്തിലും അശോക്‌ സിംഘാള്‍ പങ്കെടുത്തു.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം