മണിമല കടയനിക്കാട് ഗോപകുമാറിനെ കൊലപ്പെടുത്തിയ കേസില്‍ അനുജന്‍ ഉണ്ണിക്കൃഷ്ണന് ജീവപര്യന്തം

December 16, 2011 കേരളം

കോട്ടയം: സ്വത്തുതര്‍ക്കത്തെ തുടര്‍ന്നു മണിമല കടയനിക്കാട് ഗോപകുമാറിനെ കൊലപ്പെടുത്തിയ കേസില്‍ ഗോപകുമാറിന്റെ അനുജന്‍ ഉണ്ണിക്കൃഷ്ണന് (37) ജീവപര്യന്തം തടവും ഒരുലക്ഷം രൂപ പിഴയും. കേസിലെ രണ്ടാംപ്രതിയാണ് ഉണ്ണിക്കൃഷ്ണന്‍. ഉണ്ണിക്കൃഷ്ണന്റെ വാഹന ബിസിനസിലെ സഹായിയും ക്വട്ടേഷന്‍ സംഘാംഗവും കേസിലെ ഒന്നാം പ്രതിയുമായ പത്തനംതിട്ട റാന്നി മോതിരവയല്‍ തുണ്ടിയില്‍ ബിനുരാജിന് (30)  അഞ്ചുവര്‍ഷം തടവും 25,000 രൂപ പിഴയും ശിക്ഷ വിധിച്ചു. ഉണ്ണിക്കൃഷ്ണനെതിരെ കൊലപാതകം, തെളിവുനശിപ്പിക്കല്‍ എന്നീ കുറ്റങ്ങളള്‍ ചുമത്തിയിരുന്നു. പ്രിന്‍സിപ്പല്‍ ജില്ലാ ജഡ്ജി കെ.പി. പ്രസന്നകുമാരിയാണു ശിക്ഷ വിധിച്ചത്.

മൂന്നാം പ്രതിയും ഗോപകുമാറിന്റെയും ഉണ്ണിക്കൃഷ്ണന്റെയും ബന്ധുവും ഉണ്ണിക്കൃഷ്ണന്റെ ധനകാര്യ സ്ഥാപനത്തിലെ ജീവനക്കാരനുമായ ബിജുവിനെ തെളിവുകളുടെ അഭാവത്തില്‍ കോടതി വിട്ടയച്ചിരുന്നു. ഒന്നാം പ്രതി ബിനുരാജിനെതിരെ തെളിവുനശിപ്പിക്കല്‍ കുറ്റം മാത്രമേ കോടതി കണ്ടെത്തിയിട്ടുള്ളൂ. ഗോപകുമാറിന്റെയും ഉണ്ണിക്കൃഷ്ണന്റെയും പിതാവ് ഗോപിനാഥപിള്ളയുടെ മൊഴിയാണു കേസില്‍ നിര്‍ണായകമായത്. മാതാപിതാക്കള്‍ ഗോപകുമാറിനു തറവാടും പുരയിടവും എഴുതിക്കൊടുത്തതിലുള്ള വിരോധത്തെ തുടര്‍ന്ന് അനുജന്‍ ഉണ്ണിക്കൃഷ്ണന്‍ ഗൂഢാലോചന നടത്തി 2007 നവംബര്‍ 30നു ഗോപകുമാറിനെ കൊലപ്പെടുത്തിയെന്നാണു കേസ്.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം