മലയാളികള്‍ക്ക് നേരെയുള്ള അക്രമങ്ങള്‍ക്ക് കാരണം കുപ്രചരണങ്ങളാണെന്ന് മുഖ്യമന്ത്രി

December 17, 2011 കേരളം

കൊച്ചി: തമിഴ്‌നാട്ടില്‍ മലയാളികള്‍ക്ക് നേരെ ഉണ്ടാവുന്ന അക്രമങ്ങള്‍ക്ക് കാരണം കുപ്രചരണങ്ങളാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. തമിഴ്‌നാട്ടുകാര്‍ കേരളത്തില്‍ അക്രമത്തിന് ഇരയാകുന്നുവെന്ന തെറ്റായ വാര്‍ത്തകള്‍ ചിലര്‍ നിരന്തരം പ്രചരിപ്പിക്കുന്നു. തമിഴ്‌നാട്ടിലെ ഒരാള്‍ക്കും കേരളത്തില്‍ അക്രമം നേരിടേണ്ടി വന്നിട്ടില്ല. കേരളത്തിലെ തമിഴ്‌നാട്ടുകാരെല്ലാം സുരക്ഷിതരാണെന്ന് അദ്ദേഹം പറഞ്ഞു.

തമിഴ്‌നാട്ടില്‍നിന്ന് വന്നവരെ തൊഴില്‍ ചെയ്യാന്‍ അനുവദിക്കുന്നില്ലെന്നും അയ്യപ്പ ഭക്തരെ ആക്രമിക്കുന്നുവെന്നുമുള്ള തെറ്റായ വാര്‍ത്തകളാണ് ചിലര്‍ പ്രചരിപ്പിക്കുന്നത്. അടിസ്ഥാന രഹിതമാണ് ഈ വാര്‍ത്തകള്‍. കുപ്രചരണങ്ങള്‍ തമിഴ്‌നാട്ടുകാര്‍ വിശ്വസിക്കരുത്. മുല്ലപ്പെരിയാര്‍ പ്രശ്‌നത്തില്‍ കേരളം അങ്ങേയറ്റത്തെ സഹിഷ്ണുതയാണ് പ്രകടിപ്പിക്കുന്നത്. ഇത് മലയാളികളുടെ മാന്യതയുടെ ഭാഗമാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

തമിഴ്‌നാട്ടില്‍ മലയാളികളുടെ വ്യാപാരസ്ഥാപനങ്ങള്‍ക്ക് നേരേ ക്രമങ്ങള്‍ തുടരുന്ന സാഹചര്യത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം പറഞ്ഞത്. ചെന്നൈ നഗരത്തില്‍ എട്ടോളം കടകള്‍ അഭിഭാഷകര്‍ പ്രകടനമായി എത്തി വെള്ളിയാഴ്ച തകര്‍ത്തിരുന്നു. റോയപ്പേട്ടയില്‍ മലയാളിയായ ഷബീറിന്റെ ചായക്കടയും ആക്രമിച്ചു. മൈലാടുതുറയില്‍ മലയാളിയുടെ ഉടമസ്ഥതയിലുള്ള ധനകാര്യ സ്ഥാപനത്തിനുനേരെയും അക്രമം നടന്നു. എതാനും ദിവസം മുമ്പ് സൈദാപ്പേട്ടിലെതന്നെ മലയാളിയുടെ ഉടമസ്ഥതയിലുള്ള ബേക്കറി അക്രമികള്‍ തകര്‍ത്തിരുന്നു.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം