മുല്ലപ്പെരിയാര്‍: സുപ്രീംകോടതി വിധി തമിഴ്‌നാടിന് അനുകൂലമാകുമെന്ന് ചിദംബരം

December 17, 2011 ദേശീയം

ചെന്നൈ: മുല്ലപ്പെരിയാര്‍ വിഷയത്തില്‍ സുപ്രീംകോടതി വിധി തമിഴ്‌നാടിന് അനുകൂലമാകുമെന്ന് തമിഴ്‌നാട്ടുകാരനായ കേന്ദ്രആഭ്യന്തരമന്ത്രി പി. ചിദംബരം. ഫെബ്രുവരി അവസാനം ഉന്നതാധികാര സമിതി റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്നാണ് അറിയാന്‍ കഴിയുന്നത്. ഫെബ്രുവരിയില്‍ തന്നെയോ മാര്‍ച്ച് ആദ്യവാരമോ തമിഴ്‌നാടിന് അനുകൂലമായ വിധിയുണ്ടാകുമെന്നും ചിദംബരം കൂട്ടിച്ചേര്‍ത്തു. കൂടംകുളം, മുല്ലപ്പെരിയാര്‍ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ തമിഴ്‌നാട് കോണ്‍ഗ്രസ് വിളിച്ചുചേര്‍ത്ത യോഗത്തില്‍ സംസാരിക്കുകയായിരുന്നു കേന്ദ്രമന്ത്രി. മുല്ലപ്പെരിയാര്‍ വിഷയത്തില്‍ കേരളത്തിന്റെ ആശങ്ക ഉപതെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണ്. ഉപതെരഞ്ഞെടുപ്പ് വേഗം നടത്തിയാല്‍ കേരളത്തിന്റെ ആശങ്കയും തീരുമെന്നും ചിദംബരം പരിഹസിച്ചു.

മുല്ലപ്പെരിയാര്‍ അണക്കെട്ട് തമിഴ്‌നാടിന് വേണ്ടി കെട്ടിയതാണെന്ന് പരാമര്‍ശിച്ചുകൊണ്ടാണ് ചിദംബരം പ്രസംഗം തുടങ്ങിയത്. തമിഴിലായിരുന്നു പ്രസംഗം. സുപ്രീംകോടതി വിധി അനുകൂലമായിരിക്കുമെന്ന ചിദംബരത്തിന്റെ വാക്കുകള്‍ കരഘോഷത്തോടെയാണ് സദസ് സ്വീകരിച്ചത്.

അതേസമയം യോഗത്തില്‍ പങ്കെടുത്ത കേന്ദ്ര ഷിപ്പിംഗ് മന്ത്രി ജി.കെ. വാസന്‍ ശക്തമായ ഭാഷയില്‍ കേരളത്തെ വിമര്‍ശിച്ചില്ല. വിഷയത്തില്‍ ഇരുസംസ്ഥാനങ്ങള്‍ക്കും ദോഷമില്ലാത്ത തരത്തിലുള്ള പരിഹാരം കാണാനാണ് കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കുന്നതെന്നായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം.

കൂടുതല്‍ വാര്‍ത്തകള്‍ - ദേശീയം