വിവാദ പ്രസ്താവന ചിദംബരം പിന്‍വലിച്ചു

December 18, 2011 ദേശീയം

ന്യൂഡല്‍ഹി: മുല്ലപ്പെരിയാര്‍ പ്രശ്‌നം സംബന്ധിച്ചു കേരളത്തിനെതിരായി നടത്തിയ വിവാദ പ്രസ്താവന കേന്ദ്ര ആഭ്യന്തര മന്ത്രി പി.ചിദംബരം പിന്‍വലിച്ചു.മുല്ലപ്പെരിയാര്‍ അണക്കെട്ടിനെ ചൊല്ലിയുള്ള കേരളത്തിന്റെ ആശങ്ക ഉപതിരഞ്ഞെടുപ്പു മുന്നില്‍ കണ്ടാണെന്ന പ്രസ്താവനയാണ് ചിദംബരം പിന്‍വലിച്ചത്. പ്രസ്താവന പിന്‍വലിക്കുന്നതായി വാര്‍ത്താക്കുറിപ്പിലൂടെ അദ്ദേഹം അറിയിക്കുകയായിരുന്നു.

ഇന്നലെ ചെന്നൈയില്‍ തമിഴ്‌നാട് കോണ്‍ഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച സോണിയ ഗാന്ധി ജന്മദിനാഘോഷത്തില്‍ സംസാരിക്കവേ അദ്ദേഹം നടത്തിയ ഈ പരാമര്‍ശം വന്‍ വിവാദമായിരുന്നു.ഭരണ, പ്രതിപക്ഷ ഭേദമെന്യേ കേരളത്തിലെ നേതാക്കള്‍ പ്രസ്താവനയെ ശക്തമായി അപലപിച്ചു. ഈ സാഹചര്യത്തില്‍ ഹൈക്കമാന്‍ഡിന്റെ ഇടപെടലിനെ തുടര്‍ന്നാണ് ചിദംബരം പ്രസ്താവന പിന്‍വലിച്ചുകൊണ്ട് വാര്‍ത്താക്കുറിപ്പ് ഇറക്കിയതെന്നാണ് സൂചന.

പിറവം ഉപതിരഞ്ഞെടുപ്പിനെയും മുല്ലപ്പെരിയാര്‍ പ്രശ്‌നത്തെയും ബന്ധപ്പെടുത്തി നടത്തിയ പ്രസ്താവനയാണ് ചിദംബരം പിന്‍വലിച്ചത്. മുല്ലപ്പെരിയാര്‍ പ്രശ്‌നത്തില്‍ അന്തിമ സുപ്രീം കോടതിവിധി തമിഴ്‌നാടിന് അനുകൂലമാകുമെന്ന് ഉറപ്പുണ്ടെന്നും ചെന്നൈയിലെ പ്രസംഗത്തില്‍ ചിദംബരം പറഞ്ഞിരുന്നു. എന്നാല്‍ ഇത് ഉള്‍പ്പെടെ കേരളത്തിനെതിരായി നടത്തിയമറ്റു പ്രസ്താവനകള്‍ പിന്‍വലിച്ചോ എന്ന കാര്യം വ്യക്തമായിട്ടില്ല.

കൂടുതല്‍ വാര്‍ത്തകള്‍ - ദേശീയം