ആണവ ബാധ്യതാ ബില്ലിന് വഴി തെളിഞ്ഞു

August 18, 2010 ദേശീയം,മറ്റുവാര്‍ത്തകള്‍

ന്യുദല്‍ഹി: അപ്രതീക്ഷിതമായ ചുവടുമാറ്റത്തില്‍ ബി.ജെ.പി പിന്തുണക്കാന്‍ തീരുമാനിച്ചതോടെ വിവാദമായ ആണവ ബാധ്യതാ ബില്ലിന് പാര്‍ലമെന്റില്‍ വഴി തെളിഞ്ഞു. ഭേദഗതികള്‍ വരുത്തിയ ബില്‍ ബുധനാഴ്ച പാര്‍ലമെന്റില്‍ കൊണ്ടുവരാമെന്ന പ്രതീക്ഷയിലാണ് കേന്ദ്രം.
ലോക്‌സഭയിലെ സഭാ നേതാവ് കൂടിയായ കേന്ദ്ര ധനമന്ത്രി പ്രണബ് മുഖര്‍ജിയുമായി പ്രതിപക്ഷ നേതാവ് സുഷമാ സ്വരാജ്, അരുണ്‍ ജയ്റ്റ്‌ലി, യശ്വന്ത് സിന്‍ഹ തുടങ്ങിയ നേതാക്കള്‍ നടത്തിയ ചര്‍ച്ചയിലാണ് ധാരണയിലെത്തിയത്. ആശങ്കകള്‍ പരിഹരിക്കാമെന്ന് കോണ്‍ഗ്രസ് ഉറപ്പു നല്‍കിയതോടെയാണ് ബി.ജെ.പി നിലപാട് മാറ്റിയത്. ബി.ജെ.പിയുടെ ആശങ്കകള്‍ പരിഹരിക്കും വിധം ആവശ്യമായ മാറ്റങ്ങള്‍ ആണവ ബാധ്യതാ ബില്ലില്‍ വരുത്തുമെന്ന് കോണ്‍ഗ്രസ് ഉറപ്പു നല്‍കി.
കോണ്‍ഗ്രസുമായി ധാരണയിലെത്തിയതിനാല്‍ ഇടതുപക്ഷത്തെ പോലെ ബി.ജെ.പി ബില്ലില്‍  വിയോജനക്കുറിപ്പ് രേഖപ്പെടുത്തില്ല. ധാരണയനുസരിച്ച് ആണവ നിലയത്തിന്റെ നടത്തിപ്പുകാര്‍ വിതരണക്കാരായ അമേരിക്കന്‍ കമ്പനികളുമായി ഉടമ്പടി ഒപ്പുവെക്കണം. ഏതെങ്കിലും അന്താരാഷ്ട്ര ആണവ കണ്‍വെന്‍ഷനില്‍ ഒപ്പുവെക്കാന്‍ ഇന്ത്യ നിര്‍ബന്ധിതമായിത്തീരുന്ന തരത്തിലുള്ള വകുപ്പും ബില്ലില്‍ നിന്ന് നീക്കം ചെയ്യുമെന്ന് കേന്ദ്ര സര്‍ക്കാറുമായി ബന്ധപ്പെട്ട കേന്ദ്രങ്ങള്‍ വ്യക്തമാക്കി.

കൂടുതല്‍ വാര്‍ത്തകള്‍ - ദേശീയം