പാദപൂജ

December 18, 2011 ഗുരുവാരം

സ്വാമി സത്യാനന്ദ സരസ്വതി

ദേഹാന്തരപ്രാപ്തി

ഉത്തരോത്തരശരീരങ്ങളില്‍ പ്രജ്ഞയെ കേന്ദ്രീകരിക്കുന്ന സാധകന്മാര്‍ക്ക് യോഗസാധന പൂര്‍ത്തിയാകാതെ ദേഹവിയോഗം സംഭവിച്ചാല്‍ യോഗസാധനയില്‍ അവരെത്തിയ മണ്ഡലങ്ങളില്‍ത്തന്നെ ആ പുണ്യാംശം അവസാനിക്കുന്നതുവരെ ജലമയമായ ശരീരത്തിലിരുന്ന് സുഖമനുഭവിക്കാം. പുണ്യാംശമനുഭവിച്ചു തീര്‍ന്നതിനുശേഷമേ കര്‍മശിഷ്ടമനുഭവിക്കുന്നതിനുവേണ്ടി പുനര്‍ജന്മം ഉണ്ടാവുകയുള്ളൂ. അങ്ങനെയുള്ള ജന്മത്തില്‍ ഉത്തരശരീരത്തില്‍ നേടിയ പുണ്യാംശസംസ്‌കാരം അവശേഷിക്കുന്നുവെങ്കില്‍ അവര്‍ തുടക്കത്തില്‍ തന്നെ സാധകന്മാരായി യോഗചര്യ അനുഷ്ഠിച്ചു തുടങ്ങും. അവര്‍ക്കുണ്ടായിട്ടുള്ള അധ്യാത്മപുരോഗതി മുമ്പെത്തിയ അധ്യാത്മശരീരത്തിലെ സംസ്‌കാരത്തിനനുസരിച്ചായിരിക്കുമെന്ന് മുമ്പ് സൂചിപ്പിച്ചുവല്ലോ. സാധാരണ ജീവിതത്തില്‍ പുണ്യപാപങ്ങള്‍ മിശ്രാവസ്ഥയില്‍ സമ്പാദിക്കുന്നവര്‍ പുണ്യാംശമനുഭവിച്ചുതീരുന്നതുവരെ പുനര്‍ജന്മത്തിനവകാശികളായി ഭവിക്കുന്നില്ല.

അവര്‍ ബാക്കിവന്ന പാപാംശകര്‍മഫലത്തിനവകാശികളായി വീണ്ടും സാധാരണജീവിതത്തിലേക്ക് തള്ളപ്പെടുന്നു. പാപാംശം കൂടുതലാണെങ്കില്‍ അതിനനുസരിച്ച ശരീരങ്ങളില്‍ ജന്മമെടുക്കുന്നു. പൂര്‍വജന്മത്തില്‍ മനുഷ്യനായിരുന്നതുകൊണ്ട് പുനര്‍ജന്മത്തില്‍ മനുഷ്യനാകണമെന്നില്ല. മറിച്ച് വൃക്ഷമായോ ജന്തുജാലങ്ങളില്‍പ്പെട്ട ഏതെങ്കിലുമായോ മനുഷ്യജന്മത്തില്‍ നിന്ന് അധഃപതിച്ചുകൂടെന്നില്ല. അനന്തകോടി ശരീരങ്ങളിലൂടെ  പ്രവര്‍ത്തിക്കുന്ന ജീവന്‍ അര്‍ഹമായ ഭൂതമാത്രകളെ സ്വീകരിച്ചാണ് ശരീരസൃഷ്ടി നടത്തുന്നത്. ഈശ്വരത്വത്തിലെത്തിച്ചേരുന്നതുവരെ ഈ ശരീരസൃഷ്ടിയും പ്രസ്തുതശരീരങ്ങളിലൂടെയുള്ള ജീവാത്മാവിന്റെ ജന്മങ്ങളും സംഭവിച്ചുകൊണ്ടിരിക്കും. ജന്മങ്ങളുടെ ആവര്‍ത്തനപ്രത്യാവര്‍ത്തനംകൊണ്ട് പുണ്യാംശം വര്‍ധിക്കുമ്പോഴാണ് മനുഷ്യജന്മം ലഭിക്കുന്നത്. ക്രമാനുസൃതമായ മനുഷ്യജന്മം ലഭിച്ചാല്‍ ഗുരുക്കന്മാരുടെ നിയന്ത്രണവും ഉപദേശവും കൈക്കൊണ്ട് യോഗസാധനയിലൂടെ മുന്നോട്ടുപോകുമ്പോള്‍ ഉത്തരോത്തരശരീരങ്ങളില്‍ ദൃഢപ്രജ്ഞന്മാരായിത്തീരുന്നു. യോഗഭ്രഷ്ടന്മാരായി ഭവിയ്ക്കാതെ ഗുരുസങ്കല്പത്തെ ആദരിച്ച് മുന്നോട്ടുപോകുന്ന സാധകന് ഒരു ജന്മം കൊണ്ടു തന്നെ മുക്തി നേടുവാന്‍ സാധിയ്ക്കും.

കൂടുതല്‍ വാര്‍ത്തകള്‍ - ഗുരുവാരം