ലാവലിന്‍: സിബിഐ തുടരന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു

December 19, 2011 കേരളം

തിരുവനന്തപുരം: എസ്എന്‍സി ലാവലിന്‍ കേസില്‍ സിബിഐ തുടരന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. തിരുവനന്തപുരം സിബിഐ കോടതിയിലാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. റിപ്പോര്‍ട്ട് സ്വീകരിച്ച കോടതി സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയനടക്കമുള്ള ഏഴു പ്രതികള്‍ നേരിട്ട് ഹാജരാവണമെന്ന് ആവശ്യപ്പെട്ട് നോട്ടീസയക്കാന്‍ ഉത്തരവിട്ടു. കേസ് വീണ്ടും പരിഗണിക്കുന്ന ഏപ്രില്‍ 10ന് പ്രതികളോട് ഹാജരാവണമെന്നാവശ്യപ്പെട്ടാണ് കോടതി നോട്ടീസയക്കാന്‍ ഉത്തരവിട്ടിരിക്കുന്നത്. കേസിലെ ആറാം പ്രതിയും ലാവലിന്‍ കമ്പനിയുടെ മുന്‍ സീനിയര്‍ വൈസ് പ്രസിഡന്റുമായ ക്ലോസ് ട്രന്‍ഡലിന് വാറണ്ട് അയക്കാനും ലാവലിന്‍ കമ്പനിക്ക് സമന്‍സ് അയക്കാനും കോടതി ഉത്തരവിട്ടിട്ടുണ്ട്. സിബിഐയുടെ ചെന്നൈ യൂണിറ്റാണ് തുടരന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.

ലാവലിന്‍ ഇടപാടില്‍ മുന്‍ വൈദ്യുതമന്ത്രി ജി.കാര്‍ത്തികേയനെതിരെ തെളിവില്ലെന്ന് തുടരന്വേഷണ റിപ്പോര്‍ട്ടില്‍ സിബിഐ വ്യക്തമാക്കിയിട്ടുണടെന്നാണ് സൂചന. ഇടപാടില്‍ സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ സാമ്പത്തിക നേട്ടമുണ്ടാക്കിയതിന് തെളിവില്ലെന്നും റിപ്പോര്‍ട്ടില്‍ സിബിഐ വ്യക്തമാക്കിയിട്ടുണ്ട്. കേസുമായി ബന്ധപ്പെട്ട് ജി. കാര്‍ത്തികേയനെയും പിണറായി വിജയനെയും ചോദ്യം ചെയ്തിരുന്നുവെന്നും പിണറായിയുടെ ബാങ്ക് അക്കൗണ്ടുകള്‍ പരിശോധിച്ചുവെന്നും സിബിഐ തുടരന്വേഷണ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടുണ്ട്.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം