സൈബീരിയയില്‍ ഭഗവദ്ഗീതയ്ക്ക് വിലക്കേര്‍പ്പെടുത്തിയ നടപടിയില്‍ റഷ്യ ഖേദം പ്രകടിപ്പിച്ചു

December 20, 2011 രാഷ്ട്രാന്തരീയം

മോസ്‌ക്കൊ: സൈബീരിയയില്‍ ഭഗവദ്ഗീതയ്ക്ക് വിലക്കേര്‍പ്പെടുത്തിയ നടപടിയില്‍ റഷ്യ ഖേദം പ്രകടിപ്പിച്ചു. ഗീതപോലുള്ള ഒരു വിശുദ്ധ ഗ്രന്ഥം കോടതി കയറേണ്ടിവന്ന സാഹചര്യം നിര്‍ഭാഗ്യകരമാണെന്നും ഇന്ത്യയിലെ റഷ്യന്‍ അംബാസിഡര്‍ അലക്‌സാണ്ടര്‍ എം. കാദാകിന്‍ പറഞ്ഞു. അതും ടോംസ്‌ക്‌പോലെ മതസൗഹാര്‍ദത്തിന് പേരുകേട്ട ഒരു പ്രദേശത്ത് ഇത്തരമൊരു സംഭവം ഉണ്ടാകാന്‍ പാടില്ലായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

സൈബീരിയയില്‍ ഭഗവദ്ഗീത നിരോധിച്ചത് ഇന്ത്യയില്‍ വലിയ പ്രതിഷേധത്തിന് വഴിവച്ചിരുന്നു. തിങ്കളാഴ്ച ഈ പ്രശ്‌നം പാര്‍ലമെന്റ് നടപടികളെയും പ്രക്ഷുബ്ധമാക്കിയിരുന്നു.

ക്രിസ്ത്യന്‍ ഓര്‍ത്തഡോക്‌സ് പള്ളിയുമായ ബന്ധമുള്ള ഒരു സംഘടനയുടെ ആവശ്യപ്രകാരമാണ് ഭഗവദ്ഗീതയ്ക്ക് നിരോധനം ഏര്‍പ്പെടുത്തിയത്. പ്രശ്‌നം ശ്രദ്ധയില്‍പ്പെട്ട ഉടനെ ഇന്ത്യന്‍ എംബസി അധികൃതര്‍ റഷ്യന്‍ സര്‍ക്കാരിനെ പ്രതിഷേധം അറിയിച്ചിരുന്നു. നിരോധനത്തെ ചോദ്യം ചെയ്ത്ത് ഹരേ കൃഷ്ണ പ്രസ്ഥാനം സമര്‍പ്പിച്ച ഹര്‍ജിയില്‍ ഡിസംബര്‍ 28ന് കോടതി വാദം കേള്‍ക്കാനിരിക്കുകയാണ്.

കൂടുതല്‍ വാര്‍ത്തകള്‍ - രാഷ്ട്രാന്തരീയം