കാനഡയില് മൂന്നു മന്ത്രാലയങ്ങളില് വന് അഴിമതി; പ്രതിസ്ഥാനത്ത് ലാവലിനും

August 18, 2010 മറ്റുവാര്‍ത്തകള്‍,രാഷ്ട്രാന്തരീയം

ടൊറാന്‍േറാ: കാനഡയിലെ മൂന്നു മന്ത്രാലയങ്ങള്‍ പുറം ഏജന്‍സികള്‍ക്ക് അനുവദിച്ച കരാറുകളില്‍ നാലു ലക്ഷം ഡോളറിന്റെ ( രണ്ടു കോടി) അഴിമതി കണ്ടെത്തി. നിരവധി സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ ഉള്‍പ്പെട്ട കേസില്‍ പ്രതിസ്ഥാനത്തുള്ള ഏജന്‍സികളില്‍ ഒന്ന് കേരളത്തിലെ ജലവൈദ്യുത  പദ്ധതികളുടെ നവീകരണവുമായി ബന്ധപ്പെട്ട അഴിമതിയില്‍ ഉള്‍പ്പെട്ട എസ്.എന്‍.സി ലാവലിനാണ്.

കാനഡയിലെ ഗതാഗതം, സാമ്പത്തിക വികസന-വാണിജ്യം, സാമൂഹിക സേവനം എന്നീ മന്ത്രാലയങ്ങളിലാണ് അഴിമതി കണ്ടെത്തിയത്. ചില പുറം ഏജന്‍സികളുമായുള്ള ഇടപാടുകളില്‍ കൃത്രിമം കണ്ടെത്തിയതിനെ തുടര്‍ന്ന് ഈ മന്ത്രാലയങ്ങളുടെ കാര്യാലയങ്ങളില്‍ ജൂലൈ 15ന് റെയ്ഡ് നടന്നിരുന്നു. ഈ വകുപ്പുകളുടെ ചുമതലയുള്ള മന്ത്രിമാര്‍ രാജിവെയ്ക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു കഴിഞ്ഞു.
എസ്.എന്‍.സി. ലാവലിനു പുറമെ സി.ബി. റിച്ചാര്‍ഡ് എല്ലിസ് എന്ന സ്ഥാപനത്തിനും അഴിമതിയില്‍ പങ്കുണ്ടെന്ന് വ്യക്തമായിട്ടുണ്ട്. എന്നാല്‍ കേസ് ചാര്‍ജ് ചെയ്തിട്ടില്ലെന്നും അന്വേഷണങ്ങള്‍ തുടരുകയാണെന്നും പൊലീസ് അറിയിച്ചു.
വിവാദത്തില്‍ ഉള്‍പ്പെട്ട മന്ത്രാലയങ്ങളുടെ കീഴില്‍ നടന്ന അറ്റകുറ്റപണികളിലാണ് അഴിമതി അരങ്ങേറിയത്. ചെലവ് ഉദ്യോഗസ്ഥര്‍ പെരുപ്പിച്ച് കാണിച്ചെന്നും മറ്റു കമ്പനികള്‍ സമര്‍പ്പിച്ച ടെന്ററുകളുടെ വിവരങ്ങള്‍ ചോര്‍ത്തിക്കൊടുത്തുവെന്നുമാണ് ആരോപണം. തങ്ങളുടെ വകുപ്പുകളിലെ അഴിമതിയുടെ ധാര്‍മിക ഉത്തരവാദിത്തം മന്ത്രിമാര്‍ ഏറ്റെടുത്തു. തിരിമറി യഥാസമയം കണ്ടെത്താനാവാഞ്ഞത് തങ്ങളുടെ വീഴ്ചയാണെന്ന് മന്ത്രിമാരായ കതലീന്‍ വെയിന്‍, സാന്ദ്രാ പുപ്പാടെല്ലോ, മെഡലൈന്‍ മില്ലര്‍ എന്നിവര്‍ പറഞ്ഞു.  ലാവലിന്‍, എല്ലിസ് എന്നീ കമ്പനികളാണ് കരാറുകാരെ കണ്ടെത്താന്‍ സര്‍ക്കാര്‍ മന്ത്രാലയങ്ങളുടെ ഇടനിലക്കാരായി പ്രവര്‍ത്തിച്ചത്.

കൂടുതല്‍ വാര്‍ത്തകള്‍ - മറ്റുവാര്‍ത്തകള്‍