ഇന്ന് മുഖ്യമന്ത്രിയുടെ ജനസമ്പര്‍ക്ക പരിപാടി ആലപ്പുഴ ജില്ലയില്‍

December 22, 2011 കേരളം

ആലപ്പുഴ: മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ ജനസമ്പര്‍ക്ക പരിപാടി ഇന്ന് ജില്ലയില്‍. രാവിലെ 9.30ന് പരിപാടി ഉമ്മന്‍ചാണ്ടി ഉദ്ഘാടനം ചെയ്യും. ആലപ്പുഴ നഗരത്തിലെ ഇഎംഎസ് സ്‌റ്റേഡിയത്തില്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. കേന്ദ്രമന്ത്രി കെ.സി. വേണുഗോപാല്‍, മന്ത്രി കെ.ബി. ഗണേഷ്‌കുമാര്‍, എംഎല്‍എമാര്‍, മറ്റു ജനപ്രതിനിധികള്‍, വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുക്കും. ശാരീരിക വിഷമത അനുഭവിക്കുന്ന അപേക്ഷകരുടെ പവിലിയനില്‍ മുഖ്യമന്ത്രി നേരിട്ടെത്തി അപേക്ഷകള്‍ സ്വീകരിക്കും. ആയിരത്തോളംപേരെ ഉള്‍ക്കൊള്ളാവുന്ന വലിയ വേദിയില്‍ നൂറ്റന്‍പതോളം പേര്‍ക്ക് ഇരിക്കാവുന്ന വിഐപി സ്‌റ്റേജ്, പന്തല്‍ തുടങ്ങിയവ സജ്ജമാക്കിയിട്ടുണ്ട്. പൊതുജനങ്ങള്‍ക്കായി വിവിധ വകുപ്പുകളുടെ 60 കൗണ്ടറുകളുണ്ട്. ഇതുവരെ ലഭിച്ച 30,968 അപേക്ഷകളില്‍ പകുതിയോളം പരിഹരിച്ചു. പരിഹരിക്കപ്പെടാത്ത അപേക്ഷകളും പരിഹരിക്കപ്പെട്ടവയില്‍ പരാതിയുള്ളവയും കൂടാതെ ഇന്ന് മുഖ്യമന്ത്രിയെ നേരിട്ടു കണ്ട് അപേക്ഷ നല്‍കാന്‍ ആഗ്രഹിക്കുന്നവരുള്‍പ്പെടെ നാല്‍പ്പതിനായിരത്തോളം പേര്‍ വേദിയിലെത്തുമെന്നാണു പ്രതീക്ഷിക്കുന്നത്.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം