ശര്‍ക്കരയിലെ മായം: പരിശോധിക്കാന്‍ ഭക്തര്‍ കോടതിയെ സമീപിക്കാനൊരുങ്ങുന്നു

December 22, 2011 കേരളം

ശബരിമല: ശബരിമലയിലെ ഇഷ്ടവഴിപാടായ അരവണ പ്രസാദം ഉണ്ടാക്കുന്ന ശര്‍ക്കരയില്‍ മായം കണ്ടെത്തിയതിനേത്തുടര്‍ന്ന് ഭക്തര്‍ക്കുള്ള ആശങ്ക പരിഹരിക്കാന്‍ കോടതിയുടെ സഹായം തേടും. ദേവസ്വം വിജിലന്‍സ് എസ്പി ഗോപകുമാര്‍ ഇന്നലെ പുലര്‍ച്ചെ നടത്തിയ തെരച്ചിലിലാണ് ശര്‍ക്കരയില്‍ മായം കണെ്ടത്തിയത്. മൂന്നു ദിവസമായി ഉത്പാദിപ്പിച്ച അമ്പതിനായിരം കണ്ടെയ്‌നര്‍ അരവണ പൊട്ടിയത് കണ്ടതിനേത്തുടര്‍ന്നാണ് ദേവസ്വം വിജിലന്‍സ് എസ്പി അന്വേഷണം നടത്തിയത്. അന്വേഷണത്തില്‍ ശര്‍ക്കരയിലെ മായമാണ് അരവണ ടിന്‍ പൊട്ടിത്തെറിയ്ക്കാന്‍ കാരണമെന്നു കണ്ടെത്തി. വെള്ളത്തിന്റെ അംശം ശര്‍ക്കരയില്‍ കൂടുതലുള്ളതിനാലാണ് അരവണ കണ്ടെയ്‌നര്‍ പൊട്ടിത്തെറിച്ചാണ് പ്രാഥമിക നിഗമനം. മാര്‍ക്കറ്റ് ഫെഡ്, സോണ എന്നീ ഏജന്‍സികള്‍ വിതരണം ചെയ്ത ശര്‍ക്കരയിലാണ് മായം കണ്ടെത്തിയിരിക്കുന്നത്.

പൊതുമാര്‍ക്കറ്റില്‍ ശര്‍ക്കരയുടെ വില 35 രൂപയാണ് ഇപ്പോഴുള്ളത് എന്നതിനാല്‍ തന്നെ ബോധപൂര്‍വം തരംതാണ ശര്‍ക്കരയാണ് ചില സ്ഥാപനങ്ങള്‍ സന്നിധാനത്ത് എത്തിക്കുന്നതെന്ന് ആദ്യഘട്ടത്തില്‍ വിമര്‍ശനമുണ്ടായിരുന്നു. സഹകരണ മേഖലയിലുള്ള റെയ്‌കോ എന്ന സ്ഥാപനം മാത്രമാണ് നല്ലയിനം ശര്‍ക്കര സന്നിധാനത്ത് നല്കിയത്.

ശബരിമലയിലേക്കുള്ള ശര്‍ക്കരയുടെ ഓര്‍ഡര്‍ ലഭിച്ചപ്പോള്‍ തന്നെ 29 രൂപ നിരക്കില്‍ തമിഴ്‌നാട്ടിലെ തേനിയില്‍ ശര്‍ക്കരയ്ക്ക് കരാര്‍ നല്കിയതാണ് ഇവര്‍ക്കു ഗുണമായതെന്നു പറയുന്നു. 15 ലക്ഷം കിലോ ശര്‍ക്കരയാണ് ഇവര്‍ക്ക് ആദ്യഘട്ടത്തില്‍ ഓര്‍ഡര്‍ ലഭിച്ചിരുന്നത്. ഇതില്‍ 13 ലക്ഷം കിലോ സന്നിധാനത്ത് എത്തിച്ചു. രണ്ടുലക്ഷം കിലോ ശര്‍ക്കര കൊടുക്കാനിരിക്കെ വീണ്ടും അഞ്ചുലക്ഷം കിലോ ശര്‍ക്കര കൂടി നല്കുന്നതിനു ബോര്‍ഡ് അനുവാദം നല്കി. എന്നാല്‍ കേന്ദ്ര ഏജന്‍സിയായ എന്‍സിസിഎഫ് അഞ്ചുലക്ഷം കിലോ ശര്‍ക്കരയ്ക്കാണ് ഓര്‍ഡര്‍ ലഭിച്ചത്. ഇവര്‍ രണ്ടുലക്ഷം കിലോ മാത്രമാണ് നല്കിയത്. വിവാദ സ്ഥാപനമായ സോണാ ഏജന്‍സി യ്ക്ക് 7.5 ലക്ഷം കിലോ ശര്‍ക്കരയ്ക്കാണ് ഓര്‍ഡര്‍ ലഭിച്ചിരുന്നത്.

ഇതില്‍ 3.5 കിലോ ശര്‍ക്കര കൊടുത്തതിലാണ് മായം കണ്ടെത്തിയതായി തെളിഞ്ഞിരിക്കുന്നത്. മാര്‍ക്കറ്റിംഗ് ഫെഡിനു 7.5 ലക്ഷം കിലോയ്ക്കാണ് ഓര്‍ഡര്‍ ലഭിച്ചത്. ഇവരും 3.5 ലക്ഷം കിലോ ശര്‍ക്കര മാത്രമാണ് നല്കിയത്. ദേവസ്വം ബോര്‍ഡിന്റെ സന്നിധാനത്തുള്ള ഒരു ഉയര്‍ന്ന ഉദ്യോഗസ്ഥന്റെ അറിവോടുകൂടി വര്‍ഷങ്ങളായി ശബരിമലയില്‍ കച്ചവടം നടത്തുന്ന രണ്ടു വ്യാപാരികള്‍ ബിനാമിയായിട്ടാണ് സോണാ ഏജന്‍സിയും മാര്‍ക്കറ്റിംഗ് ഫെഡും പ്രവര്‍ത്തിക്കുന്നതെന്ന വിവരവും വിജിലന്‍സ് വിഭാഗത്തിനു ലഭിച്ചതായി അറിയുന്നു. വിവാദ സ്ഥാപനത്തിന്റെ പേരില്‍ ഇടുക്കി ജില്ലയില്‍ ഒരു ഹാര്‍ഡ് വെയര്‍ ഷോപ്പ് മാത്രമാണ് ഉള്ളതെന്നും വിജിലന്‍സ് കണ്ടെത്തിയിട്ടുണ്ട്. എന്നാല്‍ ശര്‍ക്കരയുമായി ബന്ധപ്പെട്ട വിഷയത്തിലും ഹൈക്കോടതിയുടെ ഇടപെടല്‍ ഉണ്ടാകണമെന്ന ആവശ്യം സന്നിധാനത്ത് ശക്തമാകുകയാണ്. ശബരിമലയിലെത്തുന്ന തീര്‍ഥാടകര്‍ ആദരവോടെ വാങ്ങുന്ന അരവണയ്ക്ക് ഉപയോഗിക്കുന്ന ശര്‍ക്കരയില്‍ മായം കണ്ടെത്തിയതിനാലാണ് ഭക്തര്‍ ഈ ആവശ്യം ഉന്നയിച്ചത്.

ശര്‍ക്കര ഇടപാടില്‍ കുറഞ്ഞത് അഞ്ചുവര്‍ഷത്തെയെങ്കിലും പരിചയമുള്ള സ്ഥാപനങ്ങള്‍ക്കു മാത്രമേ സന്നിധാനത്ത് ശര്‍ക്കര നല്കാവുവെന്നും ഭക്തര്‍ അഭിപ്രായപ്പെട്ടു. ടെന്‍ഡര്‍ നല്കുന്ന സ്ഥാപനങ്ങളെപ്പറ്റിയും സമഗ്ര അന്വേഷണം നടത്തണമെന്നും ഇവര്‍ കോടതിയോട് ആവശ്യപ്പെടുമെന്ന് പറയുന്നു.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം