ഇന്ത്യയെക്കാള് ഭീഷണി തീവ്രവാദികളെന്ന് ഐ.എസ്.ഐ

August 18, 2010 മറ്റുവാര്‍ത്തകള്‍,രാഷ്ട്രാന്തരീയം

വാഷിംഗ്‌ടണ്‍: ഇന്ത്യയെക്കാള്‍ പാകിസ്ഥാന്‌ ഭീഷണി ഇസ്‌ലാമിക തീവ്രവാദികളാണെന്ന്‌ പാക്‌ രഹസ്യ അന്വേഷണ വിഭാഗമായ ഐ.എസ്‌.ഐ. അടുത്തയിടെ ഐ.എസ്‌.ഐ നടത്തിയ ആഭ്യന്തര സുരക്ഷാ നിര്‍ണ്ണയത്തെ തുടര്‍ന്ന്‌ പുറത്തിറക്കിയ റിപ്പോര്‍ട്ടിലാണ്‌ ഈ വെളിപ്പെടുത്തലെന്ന്‌ മുതിര്‍ന്ന ഐ.എസ്‌.ഐ ഉദ്യോഗസ്ഥനെ ഉദ്ധരിച്ച്‌ വാള്‍ സ്റ്റ്രീട്ട്‌ ജേണല്‍ പത്രം റിപ്പോര്‍ട്ട്‌ ചെയ്‌തു. ചരിത്രത്തില്‍ ആദ്യമായാണ്‌ പാകിസ്ഥാന്റെ ചാരസംഘടനയായ ഐ.എസ്‌.ഐ ഈ സത്യം സമ്മതിക്കുന്നതെന്ന്‌ പത്രം വെളിപ്പെടുത്തുന്നു.

പാകിസ്താന്‍ ഭീകരവിരുദ്ധ യുദ്ധം ശക്തമാക്കുമോയെന്നും വടക്കുപടിഞ്ഞാറന്‍ മേഖലയില്‍ കൂടുതല്‍ സൈന്യത്തെ നിയോഗിക്കുമോയെന്നും കാണാനിരിക്കുന്നതേയുള്ളൂവെന്നു പത്രം പറയുന്നു.എന്നാല്‍, വിരമിച്ച ഐ.എസ്.ഐ. ഉദ്യോഗസ്ഥര്‍ മിക്ക ഭീകരസംഘടനകളുടെയും തലപ്പത്തിരിക്കുന്ന സാഹചര്യത്തില്‍ ഐ.എസ്.ഐ. റിപ്പോര്‍ട്ടിനെത്തുടര്‍ന്നുണ്ടാകുന്ന നടപടികള്‍ എത്രത്തോളം പോകുമെന്ന കാര്യത്തില്‍ യു.എസ്. ഉദ്യോഗസ്ഥര്‍ സംശയം പ്രകടിപ്പിച്ചിട്ടുണ്ട്. എന്നാല്‍, വടക്കന്‍ വസീരിസ്താനിലെ ഹഖാനി ഭീകര ശൃംഖലയ്‌ക്കെതിരെ സൈനിക നടപടികള്‍ ശക്തമാക്കാന്‍ പോവുകയാണെന്ന് ജനറല്‍ അഫാര്‍ അബാസിനെ ഉദ്ധരിച്ച് പത്രം റിപ്പോര്‍ട്ടു ചെയ്തു.

കൂടുതല്‍ വാര്‍ത്തകള്‍ - മറ്റുവാര്‍ത്തകള്‍