ദേശീയപാത 45 മീറ്ററില് തന്നെ വികസിപ്പിക്കാന് ധാരണ

August 18, 2010 ദേശീയം,മറ്റുവാര്‍ത്തകള്‍

തിരുവനന്തപുരം: ദേശീയ പാത 17-ഉം 47-ഉം 45 മീറ്ററില്‍ തന്നെ വികസിപ്പിക്കാന്‍ മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന സര്‍വകക്ഷിയോഗത്തില്‍ ധാരണയായി. സ്വകാര്യ പങ്കാളിത്തത്തോടെയുള്ള ബി.ഒ.ടി. വ്യവസ്ഥയും അംഗീകരിച്ചു.
പ്രതിപക്ഷ നേതാവ് ഉമ്മന്‍ചാണ്ടി, സി.പി.എം. സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍, കെ.പി.സി.സി. പ്രസിഡന്റ് രമേശ് ചെന്നിത്തല, കേരള കോണ്‍ഗ്രസ് (എം) ചെയര്‍മാന്‍ കെ.എം.മാണി, മുസ്‌ലിംലീഗ് ജനറല്‍ സെക്രട്ടറി പി.കെ.കുഞ്ഞാലിക്കുട്ടി എന്നിവരുള്‍പ്പെടെ വിവിധ രാഷ്ട്രീയ പാര്‍ട്ടികളുടെ പ്രതിനിധികള്‍ പങ്കെടുത്ത യോഗത്തിന്റെതാണ് ഈ തീരുമാനങ്ങള്‍.
ഒഴിപ്പിക്കുന്നവരുടെ സ്ഥലത്തിന് അതത് പ്രദേശത്തെ വിപണി വിലയും ന്യായമായ പുനരധിവാസവും ഉറപ്പാക്കണമെന്ന് യോഗ തീരുമാനങ്ങള്‍ വിശദീകരിച്ച മുഖ്യമന്ത്രി പറഞ്ഞു. കടകള്‍, വീടുകള്‍ എന്നിവ നഷ്ടപ്പെടുന്നവര്‍ക്കും ജോലിയും ഉപജീവനവും ഇല്ലാതാവുന്നവര്‍ക്കും അര്‍ഹമായ നഷ്ടപരിഹാരവും പുനരധിവാസവും നിര്‍ബന്ധപൂര്‍വം നേടിയെടുക്കണമെന്ന് എല്ലാവരും അഭിപ്രായപ്പെട്ടു.

കേരളത്തിന്റെ നഷ്ടപരിഹാര പാക്കേജ് അംഗീകരിക്കുമെന്നാണ് യോഗത്തില്‍ പങ്കെടുത്ത ദേശീയപാത അതോറിറ്റി അധികൃതര്‍ ഉറപ്പുനല്‍കിയത്. തീരുമാനം ഉടന്‍ കേന്ദ്രത്തെ അറിയിക്കുമെന്നും മന്ത്രി എം.വിജയകുമാര്‍ പറഞ്ഞു.
ഗത്യന്തരമില്ലാതെയാണ് ഇത്തരത്തില്‍ ഒരു തീരുമാനത്തില്‍ എത്തിയതെന്ന വികാരമാണ് ഭൂരിഭാഗം കക്ഷികളും പങ്കുവെച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു.

ജനങ്ങളുടെ ബുദ്ധിമുട്ട് പരമാവധി കുറച്ചുകൊണ്ടേ ദേശീയ പാത വികസിപ്പിക്കാവൂവെന്ന്പത്രസമ്മേളനത്തില്‍ പ്രതിപക്ഷ നേതാവ് ഉമ്മന്‍ചാണ്ടി പറഞ്ഞു. ഉയരപ്പാതകള്‍ പണിഞ്ഞും പാത വഴി തിരിച്ചുവിട്ടും ജനസാന്ദ്രതയേറിയ സ്ഥലങ്ങളെ ഒഴിവാക്കണമെന്നും ഉമ്മന്‍ചാണ്ടി ആവശ്യപ്പെട്ടു.

സര്‍വകക്ഷിയോഗത്തിന് മുന്‍പ് എല്‍.ഡി.എഫിന്റെ അനൗപചാരിക യോഗം ചേര്‍ന്നിരുന്നു. പൊതുധാരണ 45 മീറ്ററാണെങ്കില്‍ അതിനെ പിന്തുണയ്ക്കാനായിരുന്നു തീരുമാനം.
എന്നാല്‍ വ്യത്യസ്ത അഭിപ്രായമാണ് സോഷ്യലിസ്റ്റ് ജനത, ജെ.എസ്.എസ്. എന്നിവര്‍ പ്രകടിപ്പിച്ചത്. സര്‍വകക്ഷി സംഘം നേരത്തെ നല്‍കിയ നിവേദനത്തിന് പ്രധാനമന്ത്രി മറുപടി തരുംവരെ കാക്കണമെന്നും ബി.ഒ.ടി. വ്യവസ്ഥ അംഗീകരിക്കാനാവില്ലെന്നും സോഷ്യലിസ്റ്റ് ജനത സീനിയര്‍ വൈസ് പ്രസിഡന്റ് പ്രൊഫ.വര്‍ഗീസ് ജോര്‍ജ് അഭിപ്രായപ്പെട്ടു.

കൂടുതല്‍ വാര്‍ത്തകള്‍ - ദേശീയം