റഷ്യയില്‍ ആണവ മുങ്ങിക്കപ്പലില്‍ തീപിടിത്തം

December 30, 2011 രാഷ്ട്രാന്തരീയം

മോസ്‌കോ: റഷ്യയില്‍ ആണവ മുങ്ങിക്കപ്പലില്‍ തീപിടിത്തം. മര്‍മാന്‍സ്‌ക്   തുറമുഖത്തിനു സമീപമുളള കപ്പല്‍ നിര്‍മാണ കേന്ദ്രത്തില്‍ അറ്റകുറ്റപ്പണികള്‍ നടത്തുന്നതിനിടെ   യെക്തറിന്‍ബര്‍ഗ് എന്ന മുങ്ങിക്കപ്പലിലാണ് തീപിടിത്തം ഉണ്ടായത്. ആളപായം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. കപ്പല്‍ നിര്‍മാണശാലയിലെ തടി ആവരണത്തിന് പിടിച്ച തീ കപ്പലിലേക്ക് പടരുകയായിരുന്നു.

ആണവവികിരണ ഭീഷണിയില്ലെന്നും തീ   നിയന്ത്രണ വിധേയമാണെന്നും റഷ്യന്‍ പ്രതിരോധ മന്ത്രാലയം   അറിയിച്ചു. സംഭവത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചു. തീപിടിത്തം ഉണ്ടായപ്പോള്‍ തന്നെ കപ്പലിലെ ആണവ റിയാക്ടറുകള്‍ അടച്ചിരുന്നു. 16 ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈലുകള്‍ വഹിക്കാന്‍ ശേഷിയുള്ളതാണ് യെക്തറിന്‍ബര്‍ഗ് മുങ്ങിക്കപ്പല്‍. അറ്റകുറ്റപ്പണികള്‍ക്കായി എത്തിക്കുന്നതിനു മുമ്പ് മുങ്ങിക്കപ്പലിലെ മിസൈലുകളെല്ലാം മാറ്റിയിരുന്നതായി അധികൃതര്‍ അറിയിച്ചു.  1985 ലാണ് റഷ്യ ഈ മുങ്ങിക്കപ്പല്‍ കമ്മിഷന്‍ ചെയ്തത്.

റഷ്യന്‍ നാവികസേനയുടെ സുരക്ഷാ സജ്ജീകരണങ്ങളെപ്പറ്റി രാജ്യാന്തരതലത്തില്‍ വിശ്വാസം കുറവാണ്. 2003 ല്‍ റഷ്യന്‍ നാവികസേന ഡീ കമ്മിഷന്‍ ചെയ്ത ആണവ മുങ്ങിക്കപ്പല്‍ കെ  159 വടക്കന്‍ തീരത്തെ ബാരന്റ്‌സ് കടലില്‍ മുങ്ങി ഒന്‍പതു നാവികരാണ് മരിച്ചത്. 1989ല്‍ സേവനത്തില്‍നിന്നു നീക്കിയ മുങ്ങിക്കപ്പല്‍ പൊളിച്ചുനീക്കാനായി പോള്‍യാര്‍നി ഡോക്യാര്‍ഡിലേക്കു കൊണ്ടുപോകും വഴിയായിരുന്നു മുങ്ങിയത്. 2000 ല്‍ ബറന്റ്‌സ് കടലില്‍ ‘കുര്‍സ്‌ക് ആണവമുങ്ങിക്കപ്പല്‍ അപകടത്തില്‍പ്പെട്ട് 118 നാവികരും കൊല്ലപ്പെട്ടിരുന്നു.

കൂടുതല്‍ വാര്‍ത്തകള്‍ - രാഷ്ട്രാന്തരീയം