കനത്ത മഴ തിരുവനന്തപുരത്ത് ജനജീവിതം സ്തംഭിച്ചു: അഞ്ചു മരണം

December 31, 2011 കേരളം

തിരുവനന്തപുരം കിഴക്കേകോട്ടക്കു സമീപം കനത്തമഴയെ തുടര്‍ന്ന് വെള്ളം പൊങ്ങിയപ്പോള്‍, തുടര്‍ച്ചയായി 10 മണിക്കൂറോളമാണ് മഴ പെയ്തത്.

തിരുവനന്തപുരം: കനത്ത മഴ തിരുവനന്തപുരത്ത് ജനജീവിതം സ്തംഭിച്ചു. ജില്ലയില്‍ കനത്ത മഴയില്‍ ഒരു കുട്ടിയടക്കം 5 പേര്‍ മരണപ്പെട്ടു. രണ്ടുപേരെ ഒഴുക്കില്‍പ്പെട്ട് കാണാതായിട്ടുണ്ട്. കല്ലമ്പലത്തിന് സമീപം മണമ്പൂരില്‍ അമ്മയും മകളും വൈദ്യുതാഘാതമേറ്റും വിളപ്പില്‍ശാലയില്‍ ഒരു സ്ത്രീ വീടിന് മുകളില്‍ മണ്ണിടിഞ്ഞുവീണും വയലിക്കടയില്‍ മൂന്ന് വയസ്സുള്ള ഒരു കുട്ടി ഒഴുക്കില്‍പ്പെട്ടുമാണ് മരിച്ചത്. വയലിക്കടയിലും വട്ടപ്പാറയിലും ഒരോ ആള്‍ക്കാരെ ഒഴുക്കില്‍പ്പെട്ട് കാണാതായിട്ടുണ്ട്. ശബരിമലയിലും കനത്ത മഴയാണ് ശനിയാഴ്ച കാലത്ത് മുതല്‍ പെയ്യുന്നത്.

വിളപ്പില്‍ശാല മുളയറ സ്വദേശി സുമതിയാണ് വീടിന് മുകളില്‍ മണ്ണിടിഞ്ഞുവീണ് മരിച്ചത്. സുമതിയുടെ ഭര്‍ത്താവ് പൊന്നയ്യന്‍ പരുക്കുകളോടെ മെഡിക്കല്‍ കോളേജ് ആസ്പത്രിയില്‍ ചികിത്സയിലാണ്. വീട് പുനര്‍നിര്‍മിക്കുന്നതിന്റെ ഭാഗമായി സമീപത്ത് ഒരു ഓല ഷെഡ്ഡില്‍ കഴിയുകയായിരുന്നു സുമതിയും പൊന്നയ്യനും. ഈ ഷെഡ്ഡിന് മുകളിലേയ്ക്കാണ് മഴയില്‍ മണ്ണിടിഞ്ഞുവീണത്.

പേരൂര്‍ക്കടയ്ക്ക് സമീപം വയലിക്കടയില്‍ ആദര്‍ശിന്റെ മകന്‍ ആദിത്യ (മൂന്ന്) വീടിന് സമീപത്തെ തോട്ടില്‍ വീണാണ് മരിച്ചത്. ആദിത്യയെ രക്ഷിക്കാന്‍ ശ്രമിച്ച് ഒഴുക്കില്‍പ്പെട്ട ആദര്‍ശിനെ ഇതുവരെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല.  ആദര്‍ശിന്റെ കൈയിലുണ്ടായിരുന്ന മകന്‍ തോട്ടിലേയ്ക്ക് വീഴുകയായിരുന്നു.

വെമ്പായത്തിന് സമീപം വട്ടപ്പാറയില്‍ ഒരാളെ ഒഴുക്കില്‍പ്പെട്ട് കണായായിട്ടുണ്ട്. വെള്ളിയാഴ്ച രാത്രി പത്ത് മണിക്ക് പെയ്ത് കനത്ത മഴ ശനിയാഴ്ച പതിനൊന്ന് മണിയോടെ ശമിച്ചെങ്കിലും ജില്ലയിലെ താഴ്ന്ന പ്രദേശങ്ങള്‍ ഭൂരിഭാഗവും വെള്ളത്തിനടിയിലായിരിക്കുകയാണ്. നഗരത്തില്‍ റോഡുകളിലെല്ലാം വെള്ളം കയറി ഗതാഗതവും താറുമാറായി. കനത്ത മഴയും വെള്ളക്കെട്ടും റെയില്‍ഗതാഗതത്തെയും ബാധിച്ചിട്ടുണ്ട്. രാവിലെ തിരുവനന്തപുരത്ത് നിന്ന് യാത്രപുറപ്പെടേണ്ടിയിരുന്ന രണ്ട് സര്‍വീസുകള്‍ വളരെ വൈകിയാണ് പുറപ്പെട്ടത്. ആറു മണിക്ക് പുറപ്പെടേണ്ടിയിരുന്ന മധുരകൊല്ലം പാസഞ്ചര്‍ മൂന്ന് മണിക്കൂറും ഏഴരയ്ക്ക് പോകേണ്ടിയിരുന്ന മുംബൈ കന്യാകുമാരി എക്‌സ്പ്രസ് രണ്ടേകാല്‍ മണിക്കൂറും വൈകിയാണ് തിരുവനന്തപുരത്ത് നിന്ന് പുറപ്പെട്ടത്. തിരുവനന്തപുരത്ത് എത്തേണ്ട പല വണ്ടികളും മറ്റു സ്‌റ്റേഷനുകളില്‍ മണിക്കൂറുകളോളം പിടിച്ചിട്ടു. സിഗ്‌നല്‍ സംവിധാനം താറുമാറായതാണ് പ്രശ്‌നം.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം