ശിവഗിരിയുടെ സമഗ്രവികസനത്തിനു സര്‍ക്കാര്‍ സഹായം: മുഖ്യമന്ത്രി

December 31, 2011 കേരളം

തിരുവനന്തപുരം: ശിവഗിരിയുടെയും അനുബന്ധ പ്രദേശങ്ങളുടെയും സമഗ്ര വികസന പ്രവര്‍ത്തനങ്ങള്‍ സര്‍ക്കാര്‍ മുന്തിയ പരിഗണന നല്‍കി നടപ്പാക്കുമെന്നു മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. എഴുപത്തൊമ്പതാമത് ശിവഗിരി തീര്‍ഥാടന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ശിവഗിരിയില്‍ കണ്‍വന്‍ഷന്‍ സെന്റര്‍ അടക്കമുള്ളവ നിര്‍മിക്കുന്നതു സര്‍ക്കാരിന്റെ സജീവ പരിഗണനയിലാണ്. പതിനായിരങ്ങള്‍ എത്തിച്ചേരുന്ന ശിവഗിരിയില്‍ റോഡു വികസനത്തിന് ഒന്നര കോടിയിലേറെ രൂപ അനുവദിച്ചിട്ടുണ്ട്. ശിവഗിരിയുടെ വികസനം സംസ്ഥാനത്തിന്റെ തന്നെ പൊതു വികസനത്തിനു സമാനമാണ്. ശുചിത്വം ഇന്നു സമൂഹം നേരിടുന്ന ഏറ്റവും സങ്കീര്‍ണമായ പ്രശ്‌നമാണ്. നഗരവാസികള്‍ മാത്രമല്ല, ഗ്രാമവാസികളും ഇന്നു മാലിന്യത്തെ ഭയപ്പാടോടെയാണു കാണുന്നത്. നൂറ്റാണ്ടിനു മുന്‍പു ജീവിച്ചിരുന്ന ശ്രീനാരായണഗുരു ഇതു മുന്‍കൂട്ടി കണ്ടിരുന്നു.

സമൂഹത്തിന്റെ എല്ലാ മേഖലകളിലേയും അനിഷേധ്യ നേതൃത്വമായിരുന്നു ശ്രീനാരായണ ഗുരുവിന്റേത്. ആധ്യാത്മികതയും ഭൗതികതയും സമഗ്രമായി കോര്‍ത്തിണക്കി മുന്നോട്ടു കൊണ്ടുപോയ മഹദ് വ്യക്തിത്വമായിരുന്നു ശ്രീനാരായണഗുരു. സമൂഹത്തെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ കാഴ്ചപ്പാട് സാമൂഹിക- സാമുദായിക സൗഹാര്‍ദത്തില്‍ അധിഷ്ഠിതമായിരുന്നു. ഗുരുവിന്റെ ദര്‍ശനങ്ങള്‍ക്കു കാലം കഴിയുംതോറും പ്രസക്തി വര്‍ധിച്ചുവരുന്നു. ഒരു ജാതി, ഒരു മതം, ഒരു ദൈവം മനുഷ്യന് എന്ന വാക്കുകള്‍ക്ക് ഒരിക്കലും മരണമില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഗുരുവിന്റെ ദര്‍ശനവും കാഴ്ചപ്പാടും പുതുതലമുറ ഉള്‍ക്കൊള്ളണമെന്നു മുഖ്യപ്രഭാഷണം നടത്തിയ മന്ത്രി കെ. ബാബു പറഞ്ഞു. ആത്മവിരോധികളുടെ കടന്നുകയറ്റം രാജ്യത്തിന് ആപത്താണെന്നു അധ്യക്ഷത വഹിച്ച ശ്രീനാരായണ ധര്‍മസംഘം പ്രസിഡന്റ് സ്വാമി പ്രകാശാനന്ദ പറഞ്ഞു. കേന്ദ്രമന്ത്രി കെ.വി. തോമസ്, കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തല, എ. സമ്പത്ത് എംപി, എംഎല്‍എമാരായ വര്‍ക്കല കഹാര്‍, ബി. സത്യന്‍, ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍ വൈസ് ചെയര്‍മാന്‍ ടി.പി. ശ്രീനിവാസന്‍, സ്വാമി സുധാനന്ദ, സ്വാമി ഋതംഭരാനന്ദ, സ്വാമി അമൃതാനന്ദ, ഗോകുലം ഗോപാലന്‍, ഡോ. അച്യുത് ശങ്കര്‍, സൂര്യപ്രകാശ്, കെ.ജി. സുരേഷ് എന്നിവര്‍ പ്രസംഗിച്ചു. തീര്‍ഥാടനം നാളെ സമാപിക്കും.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം