അച്ചടി മാധ്യമരംഗത്തു വന്‍ പുരോഗതി

December 31, 2011 ദേശീയം

ഭോപ്പാല്‍: ഇന്ത്യയിലെ അച്ചടിമാധ്യമരംഗത്തെ വളര്‍ച്ച പത്തു ശതമാനത്തിലെത്തിയതായി റിപ്പോര്‍ട്ട്. ഏതാനും വര്‍ഷങ്ങളായി പത്തുശതമാനം വാര്‍ഷിക വളര്‍ച്ചയാണ് അച്ചടി മാധ്യമരംഗം കാണിക്കുന്നത്. ഇലക്‌ട്രോണിക് മാധ്യമങ്ങളുടെയും ടിവി ചാനലുകളുടെയും തള്ളിക്കയറ്റത്തിനിടയിലും ജനങ്ങള്‍ പത്രം വായന അത്യാവശ്യ കാര്യമായി പരിഗണിക്കുന്നു എന്നതാണ് ഇതില്‍നിന്നു വ്യക്തമാകുന്നതെന്നു ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ബ്രോഡ്കാസ്റ്റിംഗ് സെക്രട്ടറി ഉദയ് വര്‍മ ചൂണ്ടിക്കാട്ടി. ജനങ്ങളുടെ പല ആവശ്യങ്ങളെയും തൃപ്തിപ്പെടുത്താന്‍ ടെലിവിഷന്‍ ചാനലുകള്‍ക്കുള്ള പരിമിതിയാണു അച്ചടി മാധ്യമങ്ങളോടുള്ള ജനങ്ങളുടെ താത്പര്യവും ആവശ്യവും നിലനിര്‍ത്തുന്നത്.

ടെലിവിഷനും മറ്റ് ഇലക്‌ട്രോണിക് മാധ്യമങ്ങളും സജീവമായപ്പോള്‍ ചില പടിഞ്ഞാറന്‍ രാജ്യങ്ങളില്‍ അച്ചടിമാധ്യമങ്ങളോടുള്ള പ്രതിപത്തിയില്‍ ഇടിവുണ്ടായിരുന്നു. ഇതിനു വിപരീതമായ ട്രെന്‍ഡ് ആണ് ഇന്ത്യയില്‍ ദൃശ്യമാകുന്നത്. ടെലിവിഷന്‍ ചാനലുകള്‍ വര്‍ധിക്കുന്നതിനൊപ്പം പത്രങ്ങളുടെ എണ്ണവും പ്രചാരവും കൂടുകയാണ്. ഏണ്ണൂറോളം ചാനലുകളാണ് ഇപ്പോള്‍ രാജ്യത്തുള്ളത്. മറ്റൊരു 200 എണ്ണം അണിയറയില്‍ തയാറെടുക്കുന്നു.

കൂടുതല്‍ വാര്‍ത്തകള്‍ - ദേശീയം