പുതുവത്സരം: ഗേള്‍ഫ്രണ്ടിന് ട്രെയിന്‍ എഞ്ചിന്‍ സമ്മാനിക്കാന്‍ നീക്കം നടത്തിയ യുവാവ് അറസ്റ്റില്‍

January 1, 2012 ദേശീയം

കത്തിഹാര്‍: പുതുവത്സരത്തിന് ഗേള്‍ഫ്രണ്ടിന് ട്രെയിന്‍ എഞ്ചിന്‍ സമ്മാനിക്കാന്‍ നീക്കം നടത്തിയ യുവാവ് അറസ്റ്റില്‍. ബീഹാറിലെ മധേപുര ജില്ലയിലാണ് യുവാവിന്റെ സാഹസം അയാള്‍ക്ക് തന്നെ ഒടുവില്‍ വിനയായത്. കുശേല റെയില്‍വെ സ്റ്റേഷനില്‍ വെച്ച് തോക്ക് കാട്ടി ഭീഷണിപ്പെടുത്തിയ ശേഷം ട്രെയിന്റെ എഞ്ചിന്‍ തട്ടിയെടുക്കാനാണ് ബി.ബി.എ വിദ്യാര്‍ഥിയായ കേതന്‍ കുമാര്‍ ശ്രമിച്ചത്. ഇയാളെ അറസ്റ്റ് ചെയ്ത് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ റിമാന്‍ഡ് ചെയ്തിരിക്കുകയാണ്. ചോദ്യം ചെയ്യലില്‍ പക്ഷേ കാമുകിയുടെ പേര് വെളിപ്പെടുത്താന്‍ കേതന്‍ തയാറായില്ല. എന്തുവന്നാലും പ്രിയതമയുടെ പേര് വെളിപ്പെടുത്തില്ലെന്ന് കേതന്‍ മാധ്യമപ്രവര്‍ത്തകരോടും പറഞ്ഞു. വെള്ളിയാഴ്ച രാത്രി എട്ട് മണിയോടെയായിരുന്നു നാടകീയമായ സംഭവങ്ങള്‍ അരങ്ങേറിയത്.

കത്തിഹാറിലേക്ക് പോകുകയായിരുന്നു 15708 അമരാപലി എക്‌സ്പ്രസിന്റെ എഞ്ചിനില്‍ അതിക്രമിച്ച് കയറിയ കേതന്‍ കുമാര്‍ തോക്ക് ചൂണ്ടി ഡ്രൈവറെ ഭീഷണിപ്പെടുത്തി. എന്നാല്‍ കൃത്യസമയത്ത് ഇടപെട്ട റെയില്‍വെ പോലീസുകാരന്‍ യുവാവിനെ കീഴ്‌പ്പെടുത്തി. വിശദമായ ചോദ്യം ചെയ്യലിലാണ് തന്റെ പ്രിയതമയ്ക്ക് പുതുവത്സര സമ്മാനമായി നല്‍കാനാണ് എഞ്ചിന്‍ തട്ടിയെടുക്കാന്‍ ശ്രമിച്ചതെന്ന് കേതന്‍ കുമാര്‍ പോലീസിനോട് സമ്മതിച്ചത്.

കൂടുതല്‍ വാര്‍ത്തകള്‍ - ദേശീയം