നായര്‍ സര്‍വീസ് സൊസൈറ്റി ഉന്നയിച്ചിട്ടുള്ള ആവശ്യങ്ങളിലെല്ലാം നീതിപൂര്‍വമായ തീരുമാനമുണ്ടാകുമെന്നു മുഖ്യമന്ത്രി

January 3, 2012 കേരളം

കോട്ടയം: വിദ്യാഭ്യാസ മേഖലയില്‍ നായര്‍ സര്‍വീസ് സൊസൈറ്റി ഉന്നയിച്ചിട്ടുള്ള ആവശ്യങ്ങളിലെല്ലാം നീതിപൂര്‍വമായ തീരുമാനമുണ്ടാകുമെന്നു മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. പെരുന്നയിലെ എന്‍എസ്എസ് ആസ്ഥാനത്തു 135-ാം മന്നം ജയന്തി സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. എന്‍എസ്എസ് ഇതുവരെ ആവശ്യപ്പെട്ടതെല്ലാം ന്യായമായ കാര്യങ്ങളാണ്. പരിധിവിട്ട് ഒന്നും ആവശ്യപ്പെടാറില്ല. അതുകൊണ്ടു തന്നെ അവയെല്ലാം ചെയ്യാന്‍ സര്‍ക്കാരിനു സന്തോഷമേ ഉണ്ടായിട്ടുള്ളൂ. തുടര്‍ന്നും അതുതന്നെ ഉണ്ടാവും – മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാനത്തെ 80% എയ്ഡഡ് സ്‌കൂളുകളിലും ഇഷ്ടമുള്ള ഫീസും 20% സ്‌കൂളുകളില്‍ സര്‍ക്കാര്‍ പറയുന്ന ഫീസും എന്ന വൈരുധ്യം കഴിഞ്ഞതവണ മുഖ്യമന്ത്രി ആയപ്പോള്‍ തന്നെ തന്റെ ശ്രദ്ധയില്‍ പെട്ടതാണ്.  അത് അന്നേ തിരുത്താന്‍ ശ്രമിച്ചിരുന്നു. എന്നാല്‍ അന്ന് അതു സംബന്ധിച്ചു കൊണ്ടുവന്ന ഉത്തരവിലെ അപാകത മൂലം തീരുമാനം നടപ്പായില്ല.

നിയമഭേദഗതി കൊണ്ടുവരാന്‍ ആലോചിച്ചപ്പോഴേക്കും തിരഞ്ഞെടുപ്പു പ്രഖ്യാപിച്ചു. അഞ്ചുവര്‍ഷം വൈകിയാണ് ഇപ്പോള്‍ സര്‍ക്കാര്‍ ഫീസ് ഏകീകരണം സംബന്ധിച്ച തീരുമാനമെടുത്തത്. അന്നേ ചെയ്യേണ്ടതായിരുന്നു. വൈകിയതില്‍ എനിക്കു കുറ്റബോധമുണ്ട്. വിദ്യാഭ്യാസ മേഖലയില്‍ എന്‍എസ്എസ് ഉന്നയിച്ച മറ്റു കാര്യങ്ങളിലും അനുകൂലമായ തീരുമാനമുണ്ടാകും – മുഖ്യമന്ത്രി പറഞ്ഞു.

കേരളത്തില്‍ സാമ്പത്തികമായും സാമൂഹികമായും പിന്നാക്കം നില്‍ക്കുന്ന എല്ലാവരുടെയും ഉന്നമനമാണു സര്‍ക്കാരിന്റെ ലക്ഷ്യമെന്ന് അനുസ്മരണ പ്രഭാഷണം നടത്തിയ മന്ത്രി കെ.എം. മാണി പറഞ്ഞു. അവരുടെ അവശതകള്‍ക്കു പരിഹാരമുണ്ടാകണം. സാമ്പത്തിക മായാലും സാമൂഹികമായാലും പിന്നാക്കാവസ്ഥയുള്ളവരെല്ലാം ഒരു വര്‍ഗമാണ്. കാലം മറുന്നതനുസരിച്ചു മുന്നാക്കം, പിന്നാക്കം തുടങ്ങിയവ സംബന്ധിച്ച നിര്‍വചനങ്ങളും മാറേണ്ടതുണ്ട് – മാണി പറഞ്ഞു.

സാമൂഹികനീതി ഉറപ്പുവരുത്തുകയാണു യുഡിഎഫ് സര്‍ക്കാരിന്റെ നയമെന്നും എന്‍എസ്എസിന്റെ ന്യായമായ എല്ലാ ആവശ്യങ്ങളും സര്‍ക്കാര്‍ അംഗീകരിക്കുമെന്നും കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തല പറഞ്ഞു.ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍ ഉപാധ്യക്ഷന്‍ ടി.പി. ശ്രീനിവാസന്‍ സ്മരണാഞ്ജലി നിര്‍വഹിച്ചു. നിലവാരമുള്ള കൂടുതല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ കേരളത്തിലുണ്ടാവണമെന്നും വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ കാര്യമാലോചിക്കുമ്പോള്‍ ആദ്യം മനസ്സില്‍ വരുന്ന പ്രസ്ഥാനം എന്‍എസ്എസ് ആണെന്നും അദ്ദേഹം പറഞ്ഞു.

മന്നം ജയന്തി നിയന്ത്രിത അവധിയാക്കല്‍, മുന്നാക്കക്ഷേമ കോര്‍പറേഷന്‍ രൂപീകരണം, അണ്‍ എയ്ഡഡ് സ്‌കൂളുകളുടെ ഫീസ് ഏകീകരണം, ഗുരുവായൂര്‍ ക്ഷേത്രത്തിനു ചുറ്റുമുള്ള ഭൂമി ഏറ്റെടുക്കല്‍ നിര്‍ത്തിവയ്പിച്ചത്, ദേവസ്വം റിക്രൂട്‌മെന്റ് ബോര്‍ഡ് രൂപീകരണത്തിനു പഠനം നടത്താന്‍ സമിതി എന്നിവ ഉള്‍പ്പെടെ എന്‍എസ്എസ് ഉന്നയിച്ച വിവിധ ആവശ്യങ്ങളോട് അനുകൂലമായി പ്രതികരിക്കുകയും തീരുമാനമെടുക്കുകയും ചെയ്ത മുഖ്യമന്ത്രിയെയും സര്‍ക്കാരിനെയും ആമുഖപ്രസംഗത്തില്‍ ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍ അഭിനന്ദിച്ചു. വിദ്യാഭ്യാസ നയത്തെ വികലമാക്കുന്നത് ഉദ്യോഗസ്ഥ വൃന്ദമാണെന്ന ആരോപണം അദ്ദേഹം ആവര്‍ത്തിച്ചു. അതിനെ തിരുത്താന്‍ കരുത്തുള്ള സര്‍ക്കാരാണ് ഇവിടെ ഭരിക്കുന്നതെന്നും പറഞ്ഞു.

നായര്‍ സമുദായാംഗങ്ങളായ ജനപ്രതിനിധികള്‍ തങ്ങള്‍ നായന്മാരാണെന്നു പറയാന്‍ മടിക്കുകയോ പേടിക്കുകയോ വേണ്ടെന്ന് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍ പറഞ്ഞു. നിങ്ങള്‍ നായര്‍ തന്നെയാണ്. സ്വന്തം സമുദായവും അതിലൂടെ സമൂഹവും അതിലൂടെ രാജ്യവും പുരോഗമിക്കണമെന്നതായിരുന്നു മന്നത്തു പത്മനാഭന്റെ ദര്‍ശനം. എന്‍എസ്എസ് പിന്തുടരുന്നതും അതേ പാതയാണ്. നായന്മാരായ ജനപ്രതിനിധികള്‍ നായരുടെ മാത്രം ഉന്നമനത്തിനു വേണ്ടി പ്രവര്‍ത്തിക്കുന്നവരല്ല. അവര്‍ സമൂഹത്തിനു മുഴുവനും വേണ്ടിയാണു നിലകൊള്ളുന്നത്. അവരെ ഇനിയും ആരും മഞ്ഞക്കണ്ണട വച്ചു കാണരുത് – സുകുമാരന്‍ നായര്‍ പറഞ്ഞു.

എന്‍എസ്എസ് ട്രഷറര്‍ പി.എന്‍. നരേന്ദ്രനാഥന്‍ നായര്‍ അധ്യക്ഷത വഹിച്ചു. നായകസഭാംഗം ഡോ. ശശികുമാര്‍ പ്രസംഗിച്ചു. കേന്ദ്ര – സംസ്ഥാന മന്ത്രിമാര്‍, എംപിമാര്‍, എംഎല്‍എമാര്‍ എന്നിവരടക്കമുള്ള ജനപ്രതിനിധികള്‍, നേതാക്കള്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.  ആയിരക്കണക്കിനു പേര്‍ മന്നം സമാധിയില്‍ പുഷ്പാര്‍ച്ചനയും നടത്തി.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം