ശശി തരൂരും സുനന്ദ പുഷ്‌കറും വിവാഹിതരായി

August 22, 2010 മറ്റുവാര്‍ത്തകള്‍

കൊല്ലങ്കോട്: മുന്‍ കേന്ദ്രമന്ത്രിയും എം.പി.യുമായ ശശി തരൂരും കശ്മിരി സ്വദേശിയായ സുനന്ദ പുഷ്‌കറും തമ്മിലുള്ള വിവാഹം പാലക്കാട് എലവഞ്ചേരി മുണ്ടാരത്ത് തറവാട്ടില്‍ നടന്നു. ഞായറാഴ്ച രാവിലെ 7.30 മുതല്‍ 8.30 വരെയുള്ള മുഹൂര്‍ത്തത്തില്‍ മുണ്ടാരത്ത് മുറ്റത്തെ പന്തലിലെ മംഗല്യവേദിയില്‍ ആയിരുന്നു താലികെട്ട്.
ശശി തരൂര്‍ ശനിയാഴ്ച വൈകുന്നേരത്തോടെ എലവഞ്ചേരിയിലെ തറവാട്ടില്‍ എത്തിയിരുന്നു. ശനിയാഴ്ച കോയമ്പത്തൂരില്‍ താമസിച്ച വധു സുനന്ദ പുഷ്‌കറും വീട്ടുകാരും ഞായറാഴ്ച രാവിലെ വിവാഹവേദിയിലെത്തി.
വിവാഹാനന്തരം തറവാട്ടില്‍ നടക്കുന്ന നിറപുത്തരി ചടങ്ങുകള്‍ക്കുശേഷം ഉച്ചയ്ക്ക് നവദമ്പതിമാര്‍ തിരുവനന്തപുരത്തേക്ക് പോകുമെന്ന് ബന്ധുക്കള്‍ പറഞ്ഞു.കശ്മീരിലെ സോപോര്‍ സ്വദേശിനിയാണ് സുനന്ദ പുഷ്‌കര്‍.

തരൂരിന്റെ 94 വയസുള്ള മുത്തശ്ശി ജയശങ്കരിയമ്മ, സുനന്ദയുടെ അച്ഛന്‍ കേണല്‍ പുഷ്‌കര്‍നാഥ് ദാസ്, തരൂരിന്റെ അമ്മ ലില്ലി തരൂര്‍, മക്കളായ ഇഷാന്ത്, കനിഷ്‌ക്, സഹോദരിമാരായ ശോഭ, സ്മിത എന്നിവരുടെ സാന്നിധ്യത്തില്‍ ആയിരുന്നു വിവാഹം. ഇവരെ കൂടാതെ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും ചടങ്ങില്‍ പങ്കെടുത്തു. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് മണിശങ്കര്‍ അയ്യര്‍ മാത്രമാണ് വിവാഹ ചടങ്ങില്‍ പങ്കെടുത്ത പ്രമുഖ നേതാവ്. തിരുവനന്തപുരത്ത് തിങ്കളാഴ്ച തരൂര്‍ വിരുന്ന് സല്‍ക്കാരം നടത്തുന്നുണ്ട്.

കൂടുതല്‍ വാര്‍ത്തകള്‍ - മറ്റുവാര്‍ത്തകള്‍