മണിമലക്കാവില്‍ നാളെ ആഴിപൂജ

January 9, 2012 കേരളം

കോട്ടയം: ശബരിമല ദര്‍ശനവുമായി ബന്ധപ്പെട്ട അനുഷ്ഠാനങ്ങളുടെ ആരംഭംകുറിച്ച് എഴുനൂറ്റമ്പതോളം വരുന്ന അമ്പലപ്പുഴ അയ്യപ്പഭക്തസംഘം രഥഘോഷയാത്രയായി ഇന്ന് വൈകുന്നേരം അഞ്ചിന് മണിമലക്കാവ് ശ്രീഭഗവതീ ക്ഷേത്രത്തില്‍ എത്തിച്ചേരും. 12ന് നടക്കുന്ന വിശ്വപ്രസിദ്ധവും മതമൈത്രി വിളിച്ചോതുന്നതുമായ എരുമേലി പേട്ടതുള്ളലിന്റെ മുന്നോടിയായി, നാളെ മണിമലക്കാവില്‍ അമ്പലപ്പുഴ സംഘം ആഴിപൂജയും, മറ്റു പരമ്പരാഗത ആചാരാനുഷ്ഠാനുങ്ങളും നടത്തും.

10ന് രാവിലെ ആഴിപൂജയുടെ ആരംഭംകുറിച്ച് പടുക്കവയ്ക്കല്‍ ചടങ്ങു നടത്തും. പൊതിച്ച നാളികേരത്തില്‍ മനസില്‍ സങ്കല്‍പ്പിച്ച അയ്യപ്പരൂപം നിര്‍മ്മിക്കുന്ന ചടങ്ങാണ് പടുക്കവയ്ക്കല്‍. വൈകുന്നേരം ദീപാരാധനയ്ക്കുശേഷം ഭക്തിനിര്‍ഭരമായ ഭജന നടക്കും. പിന്നീട് സമൂഹപെരിയോന്‍ കളത്തില്‍ ചന്ദ്രശേഖരന്‍നായരുടെയും മണിമലക്കാവ് മേല്‍ശാന്തി കോറപ്പള്ളി ഇല്ലത്തു നാരായണന്‍ നമ്പൂതിരിയുടെയും നേതൃത്വത്തില്‍ സര്‍വ പ്രായശ്ചിത്തവും ആഴിപൂജയും നടക്കും. ആഴിപൂജയില്‍ നിവേദിച്ച ഭക്ഷ്യവസ്തുക്കള്‍ക്കു വിളമ്പുന്ന മഹാപ്രസാദ ഊട്ടും നടക്കും. നൂറ്റാണ്ടുകളായി നടന്നുവരുന്ന ഈ ചടങ്ങുകള്‍ക്ക് ശേഷം സംഘം പിറ്റേന്ന് എരുമേലിക്ക് തിരിക്കും. പന്ത്രണ്ടിനാണ് എരുമേലി പേട്ടതുള്ളല്‍.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം