എരുമേലി പേട്ടതുള്ളലിനു ക്രമീകരണങ്ങള്‍ പൂര്‍ത്തിയായി

January 9, 2012 കേരളം

എരുമേലി: വ്രതാനുഷ്ഠാനത്തിന്റെ പുണ്യവുമായി ശബരിമല കയറാനെത്തുന്ന ഭക്തര്‍ക്ക് പേട്ടതുള്ളല്‍ നാടായ എരുമേലിയില്‍ ഒരുക്കങ്ങള്‍ ആരംഭിച്ചു. ഒപ്പം മഹിഷിനിഗ്രഹത്തിന്റെ ഐതിഹ്യസ്മരണയില്‍ ചരിത്രമായി മാറിയ അമ്പലപ്പുഴ, ആലങ്ങാട്ട് സംഘങ്ങളുടെ പേട്ടതുള്ളലിനായി സര്‍ക്കാര്‍ ക്രമീകരണങ്ങള്‍ അന്തിമഘട്ടത്തിലാണ്. 11-നാണ് ചന്ദനക്കുടാഘോഷം. പിറ്റേന്ന് പേട്ടതുള്ളലും. പോലീസ് ക്രമീകരണങ്ങളുടെ അന്തിമവിശകലനത്തിനായി ഇന്നലെ ജില്ലാ പോലീസ് മേധാവിയുടെ സാന്നിധ്യത്തില്‍ പോലീസുദ്യോഗസ്ഥര്‍ യോഗം ചേര്‍ന്നു. എരുമേലിയില്‍ തീര്‍ഥാടകത്തിരക്ക് പാരമ്യതയിലെത്തുന്ന ദിനങ്ങളാണ് ചന്ദനക്കുടവും പേട്ടതുള്ളലും. മുല്ലപ്പെരിയാര്‍ പ്രശ്‌നത്തില്‍ അയവുണ്ടായതുമൂലം വന്‍തിരക്ക് ഈ ദിവസങ്ങളില്‍ അനുഭവപ്പെടാനാണു സാധ്യത.

ചന്ദനക്കുടാഘോഷറാലിക്കും പേട്ടതുള്ളലിനുമായി എരുമേലി ടൗണ്‍ റോഡ് പൂര്‍ണമായി അടച്ചിടേണ്ടിവരും. തീര്‍ഥാടകര്‍ക്കൊപ്പം ജനത്തിരക്കേറുന്നതിനാല്‍ സുരക്ഷാ ക്രമീകരണങ്ങളും ഗതാഗതനിയന്ത്രണവും പരാതികള്‍ക്കിടയില്ലാത്തവിധം നടപ്പാക്കാനുള്ള രൂപരേഖ തയാറായിക്കൊണ്ടിരിക്കുകയാണ്. പോലീസിന്റെ അംഗബലവും ട്രാഫിക് ക്രമീകരണങ്ങളും ഇന്നു പരസ്യപ്പെടുത്തുമെന്ന് മണിമല സിഐ അറിയിച്ചു. 11-ന് ഉച്ചയ്ക്ക് ഒന്നിന് നൈനാര്‍ പള്ളിമുറ്റത്തുനിന്ന് മാലിസ ഘോഷയാത്രയോടെ ചന്ദനക്കുട ആഘോഷങ്ങള്‍ ആരംഭിക്കും. നാടിന്റെ വിവിധ ഭാഗങ്ങളിലെ സ്വീകരണങ്ങള്‍ ഏറ്റുവാങ്ങി രാത്രിയോടെ പള്ളിമുറ്റത്ത് മടങ്ങിയെത്തി ചന്ദനക്കുടാഘോഷറാലി ആരംഭിക്കും. സര്‍ക്കാരിനുവേണ്ടി ജില്ലാകളക്ടര്‍ റാലിയെ സ്വീകരിക്കും.

വലിയമ്പലത്തില്‍ ദേവസ്വംബോര്‍ഡ് പ്രസിഡന്റ്, അംഗങ്ങള്‍ എന്നിവരുടെ നേതൃത്വത്തില്‍ ഉദ്യോഗസ്ഥരും ഭക്തസംഘ പ്രതിനിധികളും പൂര്‍ണകുംഭം നല്‍കി റാലിയെ എതിരേല്‍ക്കും. അയ്യപ്പന്റെ മാതൃസ്ഥാനീയരായ അമ്പലപ്പുഴ സംഘത്തിന്റെയും പിതൃസ്ഥാനീയരായ ആലങ്ങാട്ട് സംഘത്തിന്റെയും പേട്ടതുള്ളല്‍ ദര്‍ശിക്കാന്‍ എരുമേലി കാത്തിരിക്കുകയാണ്. കാഞ്ഞിരപ്പള്ളി ഡിവൈഎസ്പി എസ്.സുരേഷ്‌കുമാറിന്റെ നേതൃത്വത്തില്‍ പോലീസ് ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തും.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം