കൊള്ളക്കാര്‍ റാഞ്ചിയ ഇന്ത്യന്‍ കപ്പല്‍ നാറ്റോ മോചിപ്പിച്ചു

January 10, 2012 രാഷ്ട്രാന്തരീയം

ബ്രസ്സല്‍സ്: സൊമാലിയന്‍ കടല്‍ക്കൊള്ളക്കാരുടെ പിടിയിലായിരുന്ന ഇന്ത്യയുടെയും ഇറാന്റെയും കപ്പലുകള്‍ നാറ്റോ സൈനികര്‍ മോചിപ്പിച്ചു. കൊള്ളക്കാര്‍ ബന്ദികളാക്കിയിരുന്ന 20 ഇന്ത്യക്കാരെയും ഒമ്പത് പാകിസ്ഥാന്‍കാരെയും അഞ്ച് ഇറാന്‍കാരെയും നാറ്റോ പടക്കപ്പലുകള്‍ മോചിപ്പിച്ചു. ഒന്നരമാസം കൊള്ളക്കാരുടെ പിടിയിലായിരുന്ന 13 ഇറാന്‍കാരെ അമേരിക്കന്‍ സൈന്യം രക്ഷപ്പെടുത്തിയ വാര്‍ത്തയ്ക്ക് പിന്നാലെയാണ് ഈ സംഭവവും.

തെക്ക് പടിഞ്ഞാറന്‍ ഒമാന്‍ തീരത്ത് നിന്നാണ് വെള്ളിയാഴ്ച 20 ഇന്ത്യക്കാരടങ്ങിയ അല്‍ ഖ്വാഷ്മിയെന്ന കപ്പല്‍ അമേരിക്കന്‍ സൈന്യം മോചിപ്പിച്ചത്. അഞ്ച് ഇറാന്‍കാരും ഒമ്പത് പാകിസ്താനികളും ഉള്ള ഇറാന്‍ ഉടമസ്ഥയിലുള്ള കപ്പല്‍ നാറ്റോയുടെ ഭാഗമായ ഡെന്‍മാര്‍ക്ക് സൈന്യമാണ് മോചിപ്പിച്ചത്. സൊമാലിയന്‍ തീരത്തേക്ക് രക്ഷപ്പെടാന്‍ ശ്രമിച്ച കൊള്ളക്കാരെ ഹെലികോപ്റ്ററില്‍ പിന്തുടര്‍ന്ന് മുന്നറിയിപ്പ് വെടിവെച്ചാണ് കീഴടക്കിയത്. ജീവനക്കാര്‍ക്ക് ആര്‍ക്കും പരിക്കേറ്റിട്ടില്ല. കപ്പലിനെ ലക്ഷ്യസ്ഥാനത്തേക്ക് യാത്ര തുടരാന്‍ അനുവദിച്ചു.

കൂടുതല്‍ വാര്‍ത്തകള്‍ - രാഷ്ട്രാന്തരീയം