ശബ്ദത്തെക്കാള്‍ ആറിരട്ടിവരെ വേഗത്തില്‍ സഞ്ചരിക്കുന്ന ബ്രഹ്‌മോസ് ഹൈപ്പര്‍സോണിക് മിസൈല്‍ വരുന്നു

January 10, 2012 ദേശീയം

കോയമ്പത്തൂര്‍: അന്തരീക്ഷത്തിലൂടെ ശബ്ദത്തെക്കാള്‍ ആറിരട്ടിവരെ വേഗത്തില്‍ സഞ്ചരിക്കാന്‍ കഴിവുള്ള ബ്രഹ്‌മോസ് ഹൈപ്പര്‍സോണിക് മിസൈലിന്റെ നിര്‍മാണം അവസാന ഘട്ടത്തിലെത്തിയതായി ബ്രഹ്‌മോസ് എയ്‌റോസ്‌പേസ് സിഇഒ ഡോ.എ.ശിവതാണു പിളള പറഞ്ഞു. പരീക്ഷണത്തിനായി മിസൈല്‍ ഒരു വര്‍ഷത്തിനകം വ്യോമസേനയ്ക്ക് കൈമാറും. എന്നാല്‍ എല്ലാം പരീക്ഷണങ്ങളും പൂര്‍ത്തിയാകാന്‍ അഞ്ചുവര്‍ഷത്തോളമെടുക്കും. ഇതോടെ ലോകത്തിലെ ഏറ്റവും വേഗതയേറിയ മിസൈലാകും ബ്രഹ്‌മോസ് -2 അദേഹം പറഞ്ഞു.

അമേരിക്ക, റഷ്യ, ഓസ്‌ട്രേലിയ എന്നീ രാജ്യങ്ങള്‍ മാത്രമാണ് ഹൈപ്പര്‍സോണിക് സ്‌ക്രാംജെറ്റ് എന്‍ജിന്‍ വികസനത്തില്‍ ഇതുവരെ ഏര്‍പ്പെട്ടിട്ടുള്ളത്. ഭാവിയില്‍ ഉപഗ്രഹങ്ങള്‍ ഭ്രമണപഥത്തിലെത്തിക്കാനും ഈ സാങ്കേതികവിദ്യ ഉപയോഗിക്കാകും. ലോകത്തിലെ ഏറ്റവും വേഗം കൂടിയ ക്രൂസ് മിസൈലായ ബ്രഹ്‌മോസിന്റെ നാവിക പതിപ്പിന്റെയും കരസേനാ പതിപ്പിന്റെയും വികസനം പൂര്‍ത്തിയായി ഉല്‍പാദനം ആരംഭിച്ചുകഴിഞ്ഞു. ബ്രഹ്‌മോസിന്റെ നാവിക പതിപ്പ് പടക്കപ്പലുകളില്‍ സ്ഥാപിച്ചുകഴിഞ്ഞു.

ഇന്ത്യന്‍, റഷ്യന്‍ ശാസ്ത്രഞ്ജരുടെ സംയുക്ത സംഘമാണ് ബ്രഹ്‌മോസ് ഹൈപ്പര്‍സോണിക് മിസൈലിന്റെ നിര്‍മാണത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നത്. ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് സയന്‍സും മോസ്‌കോ ഏവിയേഷന്‍ ഇന്‍സ്റ്റിറ്റിയൂട്ടുമായിരിക്കും മിസൈലിന്റെ പ്രധാന ഭാഗങ്ങള്‍ വികസിപ്പിക്കുക. സുഖോയ് 30 എംകെഐ വിമാനത്തില്‍ ഈ മിസൈല്‍ കൂട്ടിയിണക്കാനുളള ശ്രമങ്ങള്‍ ബാംഗ്ലൂര്‍ ഹിന്ദുസ്ഥാന്‍ എയ്‌റോനോട്ടിക്‌സില്‍ അവസാന ഘട്ടത്തിലാണ്.

കൂടുതല്‍ വാര്‍ത്തകള്‍ - ദേശീയം