എരുമേലി ക്ഷേത്രത്തിനടുത്ത് തീപിടുത്തം

January 11, 2012 കേരളം

എരുമേലി: എരുമേലി വലിയമ്പലത്തിനടുത്തു കൊപ്രാ അട്ടിക്കു തീപിടിച്ചു പൂര്‍ണമായും കത്തിനശിച്ചു. എട്ടു ലക്ഷം രൂപയുടെ നഷ്ടമുണ്ടായെന്നാണു പ്രാഥമിക നിഗമനം. ആളപായമില്ല. തീ കെടുത്താന്‍ ശ്രമിക്കുന്നതിനിടെ അഗ്നിശമനസേനാംഗത്തിനു പൊള്ളലേറ്റു. അയ്യപ്പഭക്തര്‍ വഴിപാടായി ഉടയ്ക്കുന്ന നാളികേരം ലേലത്തിനെടുത്തു കൊപ്രയാക്കാനായി ശേഖരിച്ചിരുന്ന സ്ഥലത്താണ് അര്‍ധരാത്രി പന്ത്രണ്ടരയോടെ തീപിടുത്തമുണ്ടായത്. ക്ഷേത്രത്തില്‍നിന്നും നൂറുമീറ്റര്‍ അകലെയാണീ സ്ഥലം. ഏകദേശം രണ്ടു ടണ്ണോളം കൊപ്ര കത്തിനശിച്ചു. തൊട്ടടുത്തു കാമ്പ് ചെയ്യുന്ന ഫയര്‍ഫോഴ്‌സെത്തി തീപിടുത്തം നിയന്ത്രണ വിധേയമാക്കാന്‍ ശ്രമിച്ചുവെങ്കിലും പൂര്‍ണമായും കത്തിനശിച്ചു.

അടുത്തുള്ള കെട്ടിടങ്ങള്‍ക്കു ഭാഗികമായി നാശനഷ്ടങ്ങളുണ്ടായി. കൊപ്ര ഉണക്കാനായി തീയിട്ടിരുന്നതില്‍നിന്നും പടര്‍ന്നതാണു അഗ്നിബാധയ്ക്കു കാരണമെന്നു കരുതുന്നു. പൊള്ളലേറ്റ അഗ്നിശമനസേനാംഗത്തെ ആശുപത്രിയിലാക്കി.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം