11 മാസത്തെ പീഡനങ്ങള്‍ക്കു വിട; ഹരിക്ക് ഇതു പുനര്‍ജന്മം

January 11, 2012 കേരളം

കോട്ടയം: പുനര്‍ജന്മം ലഭിച്ച സന്തോഷത്തോടെയാണു സൊമാലിയന്‍ കൊള്ളക്കാരുടെ പിടിയില്‍നിന്നു മോചിതനായി ഹരി സ്വന്തം വീട്ടിലേക്ക് ഓടിക്കയറിയത്. സന്തോഷം നിറഞ്ഞുകവിഞ്ഞകണ്ണുകളോടെ അമ്മ ഓമനയും ഭാര്യ പ്രസീദയും ഹരിയെ സ്വീകരിച്ചു. പതിനൊന്നുമാസത്തെ ഉള്ളുരുകിയ പ്രാര്‍ഥനയ്ക്കും കാത്തിരിപ്പിനുമൊടുവില്‍ ഹരി വീട്ടുമുറ്റത്തെത്തിയപ്പോള്‍ അവരുടെ മാത്രമല്ല പല ബന്ധുക്കളുടെയും കവിളിലൂടെ സന്തോഷാശ്രുക്കള്‍ ഒഴുകിയിറങ്ങി. സഹോദരന്‍ ശ്രീരാജും ബന്ധുക്കളും അയല്‍വാസികളുമൊക്കെ ആഹ്ലാദത്തില്‍ ഒന്നായി.

ഇന്നലെ പുലര്‍ച്ചെ നാലിനു നെടുമ്പാശേരിയില്‍ എത്തിയ ഹരി സി. നായരെ സുഹൃത്തുക്കളും ബന്ധുക്കളും ചേര്‍ന്നാണു സ്വീകരിച്ചു വീട്ടിലെത്തിച്ചത്. രാവിലെ 6.30നു ഹരി കോട്ടയം ചുങ്കത്തുള്ള വീട്ടിലെത്തി. ഹരിയെക്കൂടാതെ കൊയിലാണ്ടി സ്വദേശി വിജേഷ് ബാലകൃഷ്ണന്‍, കാഞ്ഞങ്ങാട് നഫീസ് മന്‍സിലില്‍ ഫാസില്‍ ഷെയ്ക്ക് എന്നീ രണ്ടു മലയാളികള്‍ കൂടി കപ്പലില്‍ ഉണ്ടായിരുന്നു. ഇവര്‍ ഉള്‍പ്പെടെ 19 കപ്പല്‍ ജീവനക്കാര്‍ വിമോചിതരായി വെള്ളിയാഴ്ചയാണ് ദുബായിയിലെത്തിയത്. ഇറ്റാലിയന്‍ നാവിക സേനയുടെ സഹായത്തോടെയാണു ജീവനക്കാരെ അവിടെ എത്തിച്ചത്.

പരേതനായ ചന്ദ്രശേഖരന്‍ നായരുടെയും ഓമനയുടെയും മകനായ ഹരി ഏഴു വര്‍ഷം മുമ്പാണു കപ്പലില്‍ ജോലിയില്‍ പ്രവേശിച്ചത്. 2010 സെപ്റ്റംബര്‍ 27-നായിരുന്നു ഹരി റാഞ്ചപ്പെട്ട കപ്പലിലെ യാത്രയുടെ ആരംഭം. കഴിഞ്ഞ ഫെബ്രുവരി അവസാനത്തോടെ നാട്ടിലെത്താന്‍ ഒരുങ്ങിയിരിക്കവേയാണു ഹരി ഉള്‍പ്പെട്ട സംഘം കൊള്ളസംഘത്തിന്റെ പിടിയിലായത്.

കൊള്ളക്കാരുടെ പിടിയില്‍ നെഞ്ചിടിപ്പോടെ കഴിഞ്ഞ ദിവസങ്ങളെപ്പറ്റി ഹരി ഓര്‍മിച്ചു. കടല്‍ക്കാറ്റിന്റെ ഗന്ധവും ഉത്കണ്ഠയും നിറഞ്ഞുനിന്ന പതിനൊന്നു മാസം. ചുറ്റും തോക്കുകളുമേന്തി നില്ക്കുന്ന സൊമാലിയന്‍ കടല്‍ക്കൊള്ളക്കാര്‍. കപ്പലിനുള്ളില്‍നിന്നു കേള്‍ക്കാന്‍ കഴിയുന്നതു വെടിയൊച്ചകളും ആക്രോശങ്ങളും ഭീതിനിറഞ്ഞ മാസങ്ങള്‍ക്കുശേഷമോചനം ലഭിച്ചു സ്വന്തം വീട്ടിലെത്തിയിട്ടും ഭയം ഇപ്പോഴും പൂര്‍ണമായി വിട്ടുമാറിയിട്ടില്ല. രണ്ടാം ജന്മമാണെന്നു ഹരി ആവര്‍ത്തിക്കുന്നു.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം