സ്വാമി വിവേകാനന്ദന്‍

January 13, 2012 സനാതനം

ഡോ. ഏ. പി. സുകുമാര്‍

ധര്‍മ്മജയത്തിന്‍ കൊടികളുയര്‍ത്തിയ
ഭാരതമെന്നൊരു നാട്ടില്‍
വീര്യമുയര്‍ന്നഭിമാനത്തിന്‍
ഗാഥകള്‍ പാടിയ നാട്ടില്‍
വേദനിഷേവിത മഹിമയെഴും
നവ വേദാന്താധിപനായി
പാരം ഭൂവിനെയാകെയൊരുത്തമ
ഗേഹമതാക്കാന്‍ വെമ്പി
സര്‍വ്വസഹോദരസഖ്യമിയന്നൊരു
ശുഭസന്ദേശം നല്‍കി
ലോകം മുഴുവനുമാദരവാര്‍ന്ന
വിവേക വിശേഷവുമായി
ആനന്ദാമൃതു തൂകീ പാരില്‍
സ്വാമി വിവേകാനന്ദന്‍
സ്വാമി വിവേകാനന്ദന്‍

വിശ്വ ‘സുദര്‍ശന’സന്ദേശത്തിന്‍
കീര്‍ത്തിപരത്തിയ വീര്യം
സര്‍വ്വമതത്തിന്‍ സമഭാവനതന്‍
പൊരുളുകളുള്ളില്‍ നിറച്ചും
ഏകാത്മത തന്‍ ദിവ്യസനാതന
ഭാസുര ദീപ്തി ചൊരിഞ്ഞും
ആത്മ സഹോദരര്‍ നാമെന്നുള്ളതു
ഭീതി വെടിഞ്ഞു പറഞ്ഞും
ധര്‍മ്മാധര്‍മ്മ വിവേകത്തിന്‍ ധ്വനി-
യലകള്‍ നഭസ്സില്‍ നിറച്ചും
സര്‍വ്വചരാചര സത്തുമതൊന്നിന്‍
സത്തയതെന്നറിവാര്‍ന്നും
ആത്മാനാത്മവിവേകസരിത്തായ്‌
സ്വാമി വിവേകാനന്ദന്‍
സ്വാമി വിവേകാനന്ദന്‍

 

കൂടുതല്‍ വാര്‍ത്തകള്‍ - സനാതനം