കുറ്റപത്രം സമര്‍പ്പിച്ചാല്‍ ഉചിതമായ തീരുമാനമെടുക്കും: വി.എസ്

January 13, 2012 കേരളം

 തിരുവനന്തപുരം: ബന്ധുവിന് അനധികൃതമായി ഭൂമി പതിച്ചു നല്‍കിയെന്ന ആരോപണത്തില്‍ തല്‍ക്കാലം പ്രതിപക്ഷ നേതൃസ്ഥാനം രാജിവെയ്ക്കില്ലെന്ന് വി.എസ്.അച്യുതാനന്ദന്‍. കേസില്‍ തനിക്കെതിരെ കുറ്റപത്രം സമര്‍പ്പിച്ചാല്‍ അപ്പോള്‍ ഉചിതമായ തീരുമാനമെടുക്കുമെന്നും വി.എസ്.പറഞ്ഞു.
അഴിമതിക്കേസുകളില്‍ കുറ്റപത്രം ലഭിച്ചിട്ടും അധികാരസ്ഥാനത്ത് ചടഞ്ഞുകൂടിയിരിക്കുന്നവരാണ്് യുഡിഎഫ് മന്ത്രിസഭയിലെ പലരും. തനിക്കെതിരായ കേസ് ഗൂഡാലോചനയുടെ ഭാഗമാണ്. കള്ളക്കേസ് കൊടുത്ത് തന്നെ തകര്‍ക്കാമെന്ന് ആരും വ്യാമോഹിക്കേണ്ട, കേസിനെ രാഷ്ട്രീയമായും നിയമപരമായും നേരിടുമെന്നും വി.എസ്.പറഞ്ഞു.
തനിക്കെതിരായ കേസില്‍ പാര്‍ട്ടി ആവശ്യമായ സമയത്ത് വേണ്ട ഇടപെടല്‍ നടത്തും. തന്നെ കള്ളക്കേസില്‍ കുടുക്കാനായി വിജിലന്‍സിനുമേല്‍ സമ്മര്‍ദ്ദമുണ്ടായിരുന്നു. കള്ളക്കേസില്‍പ്പെടുത്തിയാല്‍ താന്‍ അടങ്ങിക്കൊള്ളും എന്നാണ് ധാരണയെങ്കില്‍ ആ വെള്ളം വാങ്ങിവെയ്ക്കുന്നതാണ് നല്ലതെന്നും വി.എസ് പറഞ്ഞു. എഴുതി തയാറാക്കിയ പ്രസ്താവന വായിച്ച വി.എസ് മാധ്യമപ്രവര്‍ത്തകരുടെ കൂടുതല്‍ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കിയില്ല.
നേരത്തെ, വിജിലന്‍സ് തനിക്കെതിരേ കേസ് രജിസ്റ്റര്‍ ചെയ്ത സാഹചര്യത്തില്‍ പ്രതിപക്ഷ നേതൃസ്ഥാനം രാജിവയ്ക്കാന്‍ തയാറാണെന്ന് വി.എസ് സിപിഎം കേന്ദ്രനേതൃത്വത്തെ അറിയിച്ചിരുന്നു. പാര്‍ട്ടി ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ടിനെയാണ് വി.എസ് രാജിസന്നദ്ധത അറിയിച്ചത്. എന്നാല്‍ തിടുക്കപ്പെട്ട് തീരുമാനമെടുക്കേണ്ടെന്നും കേസ് രാഷ്ട്രീയപ്രേരിതമാണെന്നും ആയിരുന്നു കാരാട്ടിന്റെ പ്രതികരണം.
എഫ്‌ഐആര്‍ സമര്‍പ്പിക്കുക മാത്രമാണ് ഇപ്പോള്‍ ചെയ്തിരിക്കുന്നതെന്നും ഇത് കേവലം നടപടിക്രമം മാത്രമാണെന്നും കാരാട്ട് വി.എസിനെ ധരിപ്പിച്ചു.
കേസ് രാഷ്ട്രീയപ്രേരിതമാണെന്ന് വി.എസ് ഇന്നലെ തുറന്നടിച്ചിരുന്നു. എന്നാല്‍ ഇതിനുശേഷവും പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയോ മറ്റ് മുതിര്‍ന്ന നേതാക്കളോ വി.എസിന് ശക്തമായ പിന്തുണയുമായി രംഗത്തെത്തിയിരുന്നില്ല. എല്‍ഡിഎഫ് കണ്‍വീനര്‍ വൈക്കം വിശ്വനും കോടിയേരി ബാലകൃഷ്ണനും ഇത് സംബന്ധിച്ച ചോദ്യങ്ങളോട് പ്രതികരിക്കാന്‍ പോലും തയാറായുമില്ല. എന്നാല്‍ ഇന്നു രാവിലെ പാര്‍ട്ടി സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ കേസില്‍ വി.എസിനെ പ്രതിരോധിച്ച് കണ്ണൂരില്‍ പ്രസ്താവന നടത്തിയിരുന്നു. ഇതിനു പിന്നാലെയാണ് തല്‍ക്കാലം രാജിയില്ലെന്ന നിലപാട് വി.എസ് സ്വീകരിച്ചത്.
മുഖ്യമന്ത്രിയായിരിക്കെ 2009 ല്‍ കാസര്‍ഗോഡ് താലൂക്കില്‍ ബന്ധുവും വിമുക്ത ഭടനുമായ ടി.കെ. സോമന് ചട്ടവിരുദ്ധമായി 2.33 ഏക്കര്‍ റവന്യൂഭൂമി പതിച്ചുനല്‍കിയെന്നാണ് ആരോപണം. ക്രിമിനല്‍ ഗൂഢാലോചന, വഞ്ചനാകുറ്റം, തെളിവുനശിപ്പിക്കല്‍ എന്നിവ ഉള്‍പ്പെടുന്ന ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ 120 ബി, 420, 201 വകുപ്പുകള്‍ പ്രകാരവും അഴിമതി നിരോധന നിയമത്തിലെ 13-1 (ബി), 13-2 എന്നീ വകുപ്പുകളുമാണ് വി.എസ് ഉള്‍പ്പെടെയുള്ള എട്ട് പ്രതികള്‍ക്കെതിരേ ചുമത്തിയിരിക്കുന്നത്. ഏഴ് വര്‍ഷം വരെ തടവ് ലഭിക്കാവുന്ന കുറ്റങ്ങളാണിത്. വി.എസ് ഒന്നാം പ്രതിയും റവന്യൂമന്ത്രിയായിരുന്ന കെ.പി. രാജേന്ദ്രന്‍ രണ്ടാം പ്രതിയും വി.എസിന്റെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന ഷീല തോമസ് മൂന്നാം പ്രതിയുമായിട്ടാണ് എഫ്‌ഐആര്‍ തയാറാക്കിയിരിക്കുന്നത്.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം