ചെറുകോല്‍പ്പുഴ ഹിന്ദുമത പരിഷത്ത്: 16ന് അവലോകനം

January 14, 2012 കേരളം

പത്തനംതിട്ട: ചെറുകോല്‍പ്പുഴ ഹിന്ദുമത പരിഷത്തിനു സര്‍ക്കാര്‍ തലത്തില്‍ ചെയ്തുവരുന്ന സേവനങ്ങള്‍ അവലോകനം ചെയ്യുന്നതിനു മന്ത്രി പി.ജെ. ജോസഫ് 16നു ചെറുകോല്‍പ്പുഴയിലെത്തും. ഉച്ചയ്ക്ക് 12ന് ചെറുകോല്‍പ്പുഴ വിദ്യാധിരാജ ഹാളിലാണ് അവലോകന യോഗം. തുടര്‍ന്ന് ഉച്ചകഴിഞ്ഞു രണ്ടിന് മാരാമണ്‍ റിട്രീറ്റ് സെന്ററില്‍ മാരാമണ്‍ കണ്‍വന്‍ഷന്‍ ക്രമീകരണങ്ങളും മന്ത്രി അവലോകനം ചെയ്യും.
നൂറാമതു ഹിന്ദുമത പരിഷത്താണ ഫെബ്രുവരി അഞ്ചു മുതല്‍ 12 വരെ ചെറുകോല്‍പ്പുഴയില്‍ നടക്കുന്നത്. ശതാബ്ദി പരിഷത്തിന്റെ ഭാഗമായി ചട്ടമ്പി സ്വാമിയുടെ സ്മൃതി മണ്ഡപം രണ്ടിന് തുറക്കും. സ്മൃതിമണ്ഡപം സ്ഥാപിക്കുന്ന ഭാഗം അടിയന്തരമായി വൃത്തിയാക്കി നല്കാന്‍ ജില്ല കളക്ടര്‍ പി. വേണുഗോപാല്‍ നിര്‍ദേശിച്ചു.
കെഎസ്ആര്‍ടിസി പത്തനംതിട്ട, ചെങ്ങന്നൂര്‍, തിരുവല്ല, അടൂര്‍, മല്ലപ്പള്ളി എന്നിവിടങ്ങളില്‍ നിന്ന് ആവശ്യാനുസരണം ബസ് സര്‍വീസ് നടത്തും. എല്ലാ ദിവസവും അവസാന സര്‍വീസ് രാത്രി പത്തിന് ആയിരിക്കും. ബസുകളില്‍ ചെറുകോല്‍പ്പുഴ വഴി എന്ന ബോര്‍ഡ് വയ്ക്കുന്നതിനും നിര്‍ദേശമുണ്ട്. പരിഷത്ത് നഗറിന്റെ ഇരുകരകളിലുമായി കോര്‍പറേഷന്‍ താത്കാലിക സ്റ്റേഷന്‍ മാസ്റ്റര്‍ ഓഫീസുകളും തുറക്കും. പരിഷത്ത് നഗറിലെ താത്കാലിക പാലത്തിന്റെ സുരക്ഷ, ജലനിരപ്പ് ക്രമീകരണം എന്നിവയുടെ ചുമതല മേജര്‍ ഇറിഗേഷന്‍ വകുപ്പിനാണ്. 31നകം പരിഷത്ത് നഗറിലേക്കുള്ള അനുബന്ധ റോഡുള്‍പ്പെടെയുള്ള എല്ലാ റോഡും പരിശോധിച്ച് അറ്റകുറ്റപ്പണി നടത്താന്‍ പൊതുമരാമത്ത് നിരത്തുവിഭാഗത്തെ ചുമതലപ്പെടുത്തി.
നഗറില്‍ താത്കാലിക ഡിസ്‌പെന്‍സറി, ആംബുലന്‍സ് സൗകര്യം എന്നിവ ഏര്‍പ്പെടുത്തും. പരിഷത്ത് നഗറിലും പരിസരത്തും വ്യാജ മദ്യവില്പന തടയുന്നതിന് എക്‌സൈസ് മിന്നല്‍ പരിശോധന ഊര്‍ജിതമാക്കും. പഞ്ചായത്തുകളില്‍ യാചക നിരോധനവും ഏര്‍പ്പെടുത്തും. പരിഷത്തിന്റെ സുഗഗമമായ നടത്തിപ്പിനായുള്ള സര്‍ക്കാര്‍ വകുപ്പുകളുടെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിന് തിരുവല്ല ആര്‍ഡിഒയെ കോ-ഓര്‍ഡിനേറ്ററായും റാന്നി തഹസില്‍ദാരെ അസിസ്റ്റന്റ് കോ-ഓര്‍ഡിനേറ്ററായും നിയമിച്ചിട്ടുണ്ട്. യോഗത്തില്‍ രാജുഎബ്രഹാം എംഎല്‍എ, ജില്ല പഞ്ചായത്ത് പ്രസിഡന്റ് ബാബു ജോര്‍ജ്, എഡിഎം എച്ച്.സലിംരാജ്, ഹിന്ദുമത പരിഷത്ത് വൈസ്പ്രസിഡന്റ് കെ.ജി.ശങ്കരനാരായണപിള്ള, സെക്രട്ടറി എം.പി.ശശിധരന്‍ നായര്‍, വിവിധ വകുപ്പ് തലവന്മാര്‍ തുടങ്ങിയവരും പങ്കെടുത്തു.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം