പാദപൂജ

January 14, 2012 ഗുരുവാരം

സ്വാമി സത്യാനന്ദ സരസ്വതി
ശ്രദ്ധാത്രൈവിധ്യം
”ത്രിവിധാ ഭവതി ശ്രദ്ധാ ദേഹിനാം സാ സ്വഭാവജാ-
സാത്വികീ രാജസീചൈവതാമസീചേതി താം ശൃണു”

ഓം സദ്ഗുരുഭ്യോ നമഃ

-ദേഹികള്‍ക്ക് സ്വാഭാവികമായിത്തന്നെയുള്ള ശ്രദ്ധ മൂന്നുവിധമാകുന്നു. സാത്വികി, രാജസി, താമസി, എന്നിവയാണവ. അതിനെ നീ കേട്ടാലും’ – എന്ന് ഗീതയില്‍ കാണുന്ന ഭഗവത്‌വചനം ഓരോ വ്യക്തിക്കും, വ്യക്തിയിലൂടെ പ്രപഞ്ചത്തിലാകമാനവും ശ്രദ്ധേയമായിരിക്കുന്ന ശാസ്ത്രസത്യമായി എന്നും നിലനില്‍ക്കും.
”സത്ത്വാനുരൂപാ സര്‍വസ്യ ശ്രദ്ധാ ഭവതി ഭാരത
ശ്രദ്ധാമയോളയം പുരുഷോ യോ യച്ഛ്രദ്ധ സ ഏവ സഃ”
– ”എല്ലാ പ്രാണികളുടേയും ശ്രദ്ധ സത്വഗുണത്തിന്റെ താരതമ്യത്തെ അനുസരിച്ചിരിക്കുന്നു. അതിനാല്‍ ലൗകികനായ പുരുഷന്‍ ശ്രദ്ധാവികാരനായിത്തീരുന്നു. ഏതൊരുവന്‍ ഏതുപ്രകാരമുള്ള ശ്രദ്ധയോടുകൂടിയിരിക്കുന്നുവോ അവന്‍ അപ്രകാരമുള്ള ശ്രദ്ധയുള്ളവന്‍ തന്നെയായിരിക്കും (സാത്വികത്തില്‍ കേന്ദ്രീകൃതമാകുമ്പോള്‍ സാത്വികശ്രദ്ധയും രാജസത്തില്‍ രാജസീശ്രദ്ധയും താമസത്തിലാകുമ്പോള്‍ താമസീശ്രദ്ധയുമാണ് ഉണ്ടാകുന്നത്.)
മേല്പറഞ്ഞ മൂന്നുവിധം ശ്രദ്ധകളില്‍ സാത്വികീ,  പ്രജ്ഞയെ ഈശ്വരത്വത്തിലേയ്ക്ക് നയിക്കുന്നതാണ്.  രാജസീ ഭൗതികസ്വഭാവത്തോടുകൂടിയതും സര്‍വകര്‍മവ്യാപാരത്തിന് വികാരവിചാരങ്ങളെ സൃഷ്ടിക്കുന്നതുമാണ്. കാമക്രോധാദി ഷഡ്‌വികാരങ്ങള്‍ ഇവയോട് ബന്ധപ്പെട്ടുണ്ടാകുന്നു. മേല്പറഞ്ഞ ഓരോ വികാരത്തിലൂടെയും ജീവന്‍ വസ്തു ബന്ധമുള്ളതായും തന്മൂലം തികഞ്ഞ ഭൗതികസ്വഭാവത്തിലുറച്ചതായും തീരുന്നു. ക്രിയാത്മകമായ രാജസഗുണം പലപ്പോഴും നന്മതിന്മകളെ വേര്‍തിരിക്കുന്നതിന് വിവേകം കാണിക്കാറില്ല. വിവേകത്തെവികസിപ്പിക്കുന്നതിനു പകരം വികാരത്തെ വര്‍ധിപ്പിക്കുകയാണ് ഇത് ചെയ്യുന്നത്. പൂര്‍വജന്മകൃതങ്ങളായ പാപങ്ങള്‍ ജീവാത്മാവിനെ പ്രേരിപ്പിക്കുന്നതാണ് പ്രാരബ്ധമെന്ന പേരില്‍ ഓരോ ജീവിയും അനുഭവിക്കുന്നത് രാജസിയായിഭവിക്കുന്ന ശ്രദ്ധയില്‍ നിന്നും ഓരോ ജന്മത്തിലും അടുത്ത ജന്മത്തിലേക്കുള്ള പ്രാരബ്ധം സമ്പാദിക്കുകയാണ് ചെയ്യുന്നത്.
”പ്രാരബ്ധം സിദ്ധ്യതി തദാ യദാ ദേഹാത്മനാ സ്ഥിതിഃ”
-‘ശരീരത്തില്‍ ആത്മബുദ്ധിയുണ്ടാകുമ്പോഴാണ് പ്രാരബ്ധം സിദ്ധമാകുന്നത്.’ ”ആത്മമനസ്സമാനത്വം ഭവിക്കയാല്‍ ആത്മനാസ്തല്‍ കൃതബന്ധം ഭവിയ്ക്കുന്നു”. എന്ന് അധ്യാത്മരാമായണത്തില്‍ ബന്ധകാരണം വിവരിച്ചിരിക്കുന്നു. ദേഹത്തിലുള്ള ആത്മശുദ്ധി ത്യജിക്കണമെങ്കില്‍ സ്വാത്വികീ ശ്രദ്ധയിലേക്ക് വളര്‍ന്നേ തീരൂ. അതുകൊണ്ടു മാത്രമേ പ്രാരബ്ധകര്‍മങ്ങള്‍ നശിക്കുകയുള്ളൂ. പ്രജ്ഞാവികാസം മൂലമുണ്ടാകുന്ന ആത്മബോധത്തിലൂടെ മാത്രമേ ദേഹമെന്നും പ്രാരബ്ധമെന്നുള്ള ചിന്ത നശിക്കുകയുള്ളൂ.

”അജ്ഞാനജനബോധാര്‍ത്ഥം പ്രാരബ്ധമിതി ചോച്യതേ”
-‘അജ്ഞാനികളായുള്ളവരുടെ അറിവിനുവേണ്ടിയാണ് പ്രാരബ്ധത്തെപ്പറ്റി ചര്‍ച്ച ചെയ്തിരിക്കുന്നത്.’ ത്യജിക്കേണ്ട വിഷയങ്ങളെ കാര്യകാരണബന്ധത്തോടുകൂടി നിര്‍വചിക്കുന്നത് സംശയരഹിതമായ തീരുമാനത്തിനുവേണ്ടിയാണ്. തന്മൂലം പ്രാരബ്ധകര്‍മങ്ങള്‍ ചെയ്തുതീര്‍ക്കാനാവശ്യമായ പ്രജ്ഞാദാര്‍ഢ്യം കൈവരിക്കാന്‍ കഴിയും. കാര്‍മേഘങ്ങള്‍ മാറുമ്പോള്‍ സൂര്യോദയം സ്പഷ്ടമാകുന്നതുപോലെ പ്രാരബ്ധം നീങ്ങുമ്പോള്‍ ആത്മസ്വരൂപം പ്രകാശിക്കുന്നു. (”സ്വയം ആവിര്‍ഭവേദാത്മാ മേഘാപായേംശുമാനിവ”) ജാഗ്രത്  സ്വപ്നം സുഷുപ്തി എന്നീ മൂന്നവസ്ഥകളിലും ജീവന്‍ വ്യാപരിക്കുമ്പോഴുണ്ടാകുന്ന അനുഭവം അജ്ഞാനത്തെ സൃഷ്ടിക്കുന്നതും അനുഭവിപ്പിക്കുന്നതുമാണ്. ശ്രദ്ധ രാജസിയായി മാറുന്നതുകൊണ്ടാണ് ഈ അനുഭവമുണ്ടാകുന്നത്. രാജസിയില്‍ നിന്ന് സാത്വികിയിലേക്കുള്ള പുരോഗതിയിലൂടെ മാത്രമേ അവസ്ഥാത്രയത്തെയും അവയില്‍ നിന്നുളവാകുന്ന അജ്ഞാനത്തെയും അതിജീവിക്കാന്‍ കഴിയൂ. സാത്വികിയുടെ ഈ വര്‍ധനവ് രാജസിയുടെ അധഃപതനത്തെ തടയുന്നതും ജീവനെ തമസ്സിലേയ്ക്കുള്ള പ്രയാണത്തില്‍ നിന്ന് ഉദ്ധരിക്കുന്നതുമാണ്. ശ്രദ്ധ രാജസിയാകുമ്പോള്‍ വ്യക്തി രാജസഗുണപ്രധാനിയായും ദേഹാഭിമാനിയായും തീരുന്നു. ദേഹാഭിമാനിക്ക് സംഭവിക്കാത്ത സ്വഭാവദോഷങ്ങളില്ല. എന്നാല്‍ സാത്വികി ഇതില്‍ നിന്ന് വിപരീതമായ ഫലമാണ് പ്രദാനം ചെയ്യുന്നത്. രാജസിയാല്‍ സൃഷ്ടിക്കപ്പെടുന്ന ശീതോഷ്ണവ്യത്യാസങ്ങള്‍, സുഖദുഃഖങ്ങള്‍, മാനാവമാനങ്ങള്‍ ഇവയെല്ലാം സാത്വികി സമ്പൂര്‍ണമായും വര്‍ജിക്കുന്നു. സാത്വികീശ്രദ്ധയ്ക്ക് പ്രാധാന്യം കൂടുമ്പോള്‍ മനസ്സ് സമാധിസ്ഥമായിത്തീരുന്നു. നശ്വരമായ വികാരഭേദങ്ങള്‍ പിന്നെ സംഭവിക്കുന്നില്ല ”കാഷ്ഠവത് ജായതേ ദേഹഃ” ശരീരത്തെ ഒരു തടിയെന്നപോലെ ജഡവസ്തുവായി കാണുന്നു. അതുകൊണ്ട് അഭിമാനദോഷം സംഭവിക്കുന്നില്ല. ”ന വിജാനാതി സ ശീതോഷ്ണം ന ദുഃഖം ന സുഖം തഥാ, ന മാനം നാവമാനം ച” എന്ന ഹഠയോഗപ്രദീപികാവാക്യം ഈ അവസ്ഥയെ സ്പഷ്ടമായി വിശദീകരിക്കുന്നു.
സാത്വികി, രാജസീ എന്നീ ശ്രദ്ധാവിഭാഗങ്ങള്‍ വ്യത്യസ്തങ്ങളായി തോന്നുന്നത് ഇത്തരത്തിലുള്ള രണ്ടു ശ്രദ്ധാവിഭാഗകല്പനയുള്ളതുകൊണ്ടല്ല. ശ്രദ്ധ എപ്പോഴും ഏകശരീരിയാണ്. ജീവനെ നയിക്കുന്നതും കര്‍മങ്ങളില്‍ വ്യാപരിപ്പിക്കുന്നതും ശ്രദ്ധയാണ്. എന്നാല്‍ ജീവന്റെ പൂര്‍വകര്‍മവാസന മൂലമുള്ള വ്യാപാരത്താല്‍ സമ്പാദിക്കുന്ന ഗുണങ്ങളാണ് ശ്രദ്ധയ്ക്ക് വകഭേദങ്ങള്‍ സൃഷ്ടിക്കുന്നത്. ഗുണഭേദങ്ങളില്‍ നിന്ന് മുക്തമായ ശ്രദ്ധയ്ക്കും പ്രജ്ഞയ്ക്കും തമ്മില്‍ വലിയ അന്തരമുണ്ടാവുകയില്ല. ജീവാത്മാവിനെ സാത്വികീഭാവത്തിലേക്ക് നയിക്കുന്ന സര്‍വകര്‍മങ്ങളിലും പ്രാധാന്യമര്‍ഹിക്കുന്നത് ശ്രദ്ധയാണ്. ശ്രദ്ധാവിരഹിതമായ യജ്ഞം താമസമാണെന്ന് നേരത്തേ സൂചിപ്പിച്ചത് ശ്രദ്ധയുടെ പ്രാധാന്യം വ്യക്തമാക്കുന്നു. ശരീരത്തെ നിലനിര്‍ത്തുന്നതിനുള്ള കര്‍മങ്ങളുടെ സാധാരണ സ്വഭാവം രാജസഗുണത്തോടുകൂടിയതാണ്. എന്നാല്‍ അത്തരം കര്‍മങ്ങള്‍ തന്നെ ശ്രദ്ധാപൂര്‍വം നിര്‍വഹിക്കുന്നതാകയാല്‍ ഓരോ കര്‍മത്തെയും ധര്‍മാധിഷ്ഠിതമാക്കുവാനും ഈശ്വരബുദ്ധി പുലര്‍ത്തുവാനും സാധ്യമാകും.

കൂടുതല്‍ വാര്‍ത്തകള്‍ - ഗുരുവാരം