തടിയന്റവിട നസീറിനെ പാര്‍പ്പിച്ച ബ്ലോക്കില്‍നിന്ന് മൊബൈല്‍ ഫോണ്‍ കണ്ടെടുത്തു

January 19, 2012 കേരളം

മുളങ്കുന്നത്തുകാവ്: വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിലെ മുറിക്കുള്ളില്‍നിന്ന് മൊബൈല്‍ ഫോണും സിം കാര്‍ഡും ബാറ്ററിയും കണ്ടെത്തി. കുളിമുറിയുടെ തറയിലെ ടൈല്‍ ഇളക്കിമാറ്റി അറയുണ്ടാക്കി അതിനുള്ളിലാണ് സൂക്ഷിച്ചിരുന്നത്. ഫോണില്‍ ക്യാമറയുമുണ്ട്. ജയില്‍ അധികൃതര്‍ വിയ്യൂര്‍ പോലീസില്‍ പരാതി നല്‍കി. എന്നാല്‍, കോടതിയുടെ അനുമതി ലഭിച്ചശേഷമേ കേസെടുക്കാന്‍ കഴിയൂകയുള്ളൂ.

ബി. ബ്ലോക്കിലെ സെല്ലില്‍നിന്നാണ് ഇവ കണ്ടെടുത്തത്. ഭീകരവാദക്കേസിലെ പ്രതികളായ തടിയന്റവിട നസീറിനെയും സംഘത്തെയും ഈ ബ്ലോക്കില്‍ താമസിപ്പിച്ചിരുന്നു. ഇവരെ ഈ മാസം 18ന് പൂജപ്പുര ജയിലിലേക്ക് മാറ്റിയിരുന്നു. ഇവര്‍ പോയതിനുശേഷം കഴിഞ്ഞദിവസം സെല്ലില്‍ പരിശോധന നടത്തിയപ്പോഴാണ് തറയില്‍ പാകിയ ഒരു ടൈല്‍ ഇളകിയതായി കണ്ടത്. അത് എടുത്തുമാറ്റിയപ്പോള്‍ ചെറിയ അറ കണ്ടെത്തുകയായിരുന്നു. തിരിച്ചറിയാന്‍ കഴിയാത്ത രീതിയിലാണ് മൊബൈല്‍ ഫോണ്‍ ഒളിപ്പിച്ചശേഷം ടൈല്‍ വെച്ചിരുന്നത്.

കഴിഞ്ഞ 15ന് ഡി. ബ്ലോക്കില്‍നിന്ന് മറ്റൊരു മൊബൈല്‍ ഫോണും സിം കാര്‍ഡും പിടിച്ചെടുത്തിരുന്നു. ഇതുമായി ബന്ധപ്പെട്ട് ഒരു നടത്തിപ്പുകാരനെ ചോദ്യംചെയ്തു. ഇയാളില്‍നിന്നാണ് അറയില്‍ മൊബൈല്‍ ഫോണ്‍ സൂക്ഷിച്ചിരുന്ന കാര്യം അറിഞ്ഞത്. കൂടുതല്‍ അന്വേഷണത്തിനായി ഫോണ്‍ സൈബര്‍ സെല്ലിന് കൈമാറും. സിം കാര്‍ഡ് കണ്ടെടുത്ത സംഭവത്തില്‍ കൂടുതല്‍ അന്വേഷണം ഉണ്ടാകുമെന്നാണ് അറിയുന്നത്.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം