കരസേനയില്‍ കേരളത്തിന്റെ പ്രാതിനിധ്യം വര്‍ദ്ധിച്ചു: ബ്രിഗേഡിയര്‍ എം.എം. ഗുപ്ത

January 19, 2012 കേരളം

കൊച്ചി: കരസേനയില്‍ കേരളത്തിന്റെ പ്രാതിനിധ്യം കൂടിവരികയാണെന്നും വിവിധ നിയമനങ്ങള്‍ക്കായി നടത്തുന്ന റിക്രൂട്ട്‌മെന്റ് റാലികളില്‍ യുവാക്കളുടെ പ്രകടനം മികച്ചതാണെന്നും ബാംഗ്‌ളൂര്‍ ഹെഡ് ക്വാര്‍ട്ടേഴ്‌സ് റിക്രൂട്ടിങ് സോണ്‍ ഡപ്യൂട്ടി ഡയറക്ടര്‍ ജനറല്‍ ബ്രിഗേഡിയര്‍ എം.എം. ഗുപ്ത പറഞ്ഞു. എറണാകുളം മഹാരാജാസ് കോളേജ് ഗ്രൗണ്ടില്‍ ജനവരി 23 വരെ നടക്കുന്ന റാലിക്ക് മേല്‍നോട്ടം വഹിക്കാന്‍ എത്തിയതായിരുന്നു അദ്ദേഹം.

സംസ്ഥാനത്ത് സംഘടിപ്പിക്കുന്ന ഓരോ റാലിയിലും പ്രാതിനിധ്യം കൂടിവരുന്നുണ്ട്. ശാരീരികക്ഷമതയിലും കേരളത്തില്‍ നിന്നുള്ളവര്‍ മികച്ച നിലവാരമാണ് പുലര്‍ത്തുന്നത്. ആര്‍മിയിലെ ജോലികളിലേക്കുള്ള തിരഞ്ഞെടുപ്പ് തികച്ചും സുതാര്യവും മെറിറ്റ് അടിസ്ഥാനത്തില്‍ മാത്രമുള്ളതുമാണ്. ജോലിക്കുവേണ്ടിയുള്ള റാലിയില്‍ പങ്കെടുക്കുന്നതിന് ഇടനിലക്കാരെ ചുമതലപ്പെടുത്തിയിട്ടില്ല. മുന്‍കൂര്‍ അപേക്ഷയോ സാമ്പത്തിക ഇടപാടുകളോ ഇതിനില്ല. കര്‍ശനമായ മെഡിക്കല്‍, ശാരീരികക്ഷമത, യോഗ്യതാ രേഖാ പരിശോധനയിലൂടെ മാത്രമാണ് റിക്രൂട്ട്‌മെന്റെന്നും അറിവില്ലായ്മ ചൂഷണം ചെയ്ത് ആരും വഞ്ചിക്കപ്പെടരുതെന്നും അദ്ദേഹം പറഞ്ഞു. ഒറ്റ കുട്ടിയുള്ള കുടുംബങ്ങളില്‍ നിന്നുപോലും ആര്‍മിയിലെ ജോലിക്ക് വിടാന്‍ സന്നദ്ധത കാട്ടുന്നത് അഭിമാനാര്‍ഹമാണെന്ന് പത്രസമ്മേളനത്തില്‍ പങ്കെടുത്ത തിരുവനന്തപുരത്തെ ആര്‍മി റിക്രൂട്ടിങ് ഓഫീസ് ഡയറക്ടര്‍ ബി.കെ. ഭരദ്വാജ് പറഞ്ഞു.

16 മുതല്‍ വിവിധ ദിവസങ്ങളായി തിരുവനന്തപുരം, കൊല്ലം, ഇടുക്കി, കോട്ടയം, എറണാകുളം, ആലപ്പുഴ, പത്തനംതിട്ട എന്നിവിടങ്ങളില്‍ നിന്നുള്ള യുവാക്കള്‍ക്കു വേണ്ടി സോളിഡര്‍ ടെക്‌നിക്കല്‍, നഴ്‌സിങ് അസിസ്റ്റന്റ്, ക്ലര്‍ക്ക്, സ്‌റ്റോര്‍കീപ്പര്‍, സോളിഡര്‍ ജനറല്‍ ഡ്യൂട്ടി തുടങ്ങിയ വിവിധ തസ്തികകളിലേക്കുള്ള റിക്രൂട്ട്‌മെന്റ് റാലിയാണ് എറണാകുളത്ത് നടന്നുവരുന്നത്. തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് പിന്നീട് എഴുത്തുപരീക്ഷ ഉണ്ടാകും.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം