തീര്‍ഥാടകന്‍ പൊള്ളലേറ്റു മരിച്ച സംഭവത്തില്‍ തമിഴ്‌നാട് പോലീസ് അന്വേഷണം ആരംഭിച്ചു

January 19, 2012 കേരളം

ശബരിമല: തീപ്പൊള്ളലേറ്റു ഗുരുതരാവസ്ഥയില്‍ ചെന്നൈയിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന തമിഴ്‌നാട് സ്വദേശിയായ അയ്യപ്പഭക്തന്‍ മരിച്ച സംഭവത്തില്‍ പോലീസ് അന്വേഷണം തുടങ്ങി. ചെന്നൈ തിരുവേല്‍ക്കാട് തിരുവെങ്കിടനഗറില്‍ ശാന്തവേലാണ് (39) കഴിഞ്ഞ ദിവസം ചെന്നൈയിലെ ആശുപത്രിയില്‍ മരിച്ചത്. ഗുരുസ്വാമി ചന്ദ്രസ്വാമിയുടെ നേതൃത്വത്തില്‍ ജനുവരി ആദ്യവാരത്തിലാണ് 80 പേരടങ്ങുന്ന സംഘത്തോടൊപ്പം ശാന്തവേല്‍ ശബരിമലയിലേക്കു തിരിച്ചത്. എന്നാല്‍ പമ്പയില്‍ സംഘത്തില്‍ നിന്നു വേര്‍പിരിഞ്ഞ ശാന്തവേല്‍ ഒമ്പതിനു പൊള്ളലേറ്റു കോട്ടയം മെഡിക്കല്‍ കോളജില്‍ ചികിത്സയിലാണെന്ന വിവരമാണ് ഭാര്യ ചിത്രയ്ക്കും ബന്ധുക്കള്‍ക്കും ലഭിച്ചത്. തുടര്‍ന്നു ബന്ധുക്കള്‍ കോട്ടയത്തെത്തി ഇയാളെ ചെന്നൈ കീഴ്പക്കം ആശുപത്രിയിലേക്കു മാറ്റുകയായിരുന്നു. അവിടെ വച്ചാണ് 16നു മരിച്ചത്. പമ്പയില്‍ ഹോട്ടലിലെ ബോയ്‌ലറില്‍ നിന്നും ചൂടുവെള്ളം ശരീരത്തില്‍ വീണാണ് പൊള്ളലേറ്റതെന്നു പറയപ്പെടുന്നു. തുടര്‍ന്നു ചെന്നൈ കീഴ്പക്കം പോലീസ് പമ്പയിലെത്തി അന്വേഷണം നടത്തി കേസ് രജിസ്റ്റര്‍ ചെയ്തു.

എന്നാല്‍ ബോയ്‌ലറിലെ ചൂടുവെള്ളം ബോധപൂര്‍വം ഹോട്ടലുടമ ഒഴിച്ചതാണെന്നും അബദ്ധത്തില്‍ സംഭവിച്ചതാണെന്നും പറയപ്പെടുന്നു. ഇതേപ്പറ്റി കൂടുതല്‍ വിവരങ്ങള്‍ പോലീസ് വ്യക്തമാക്കിയിട്ടില്ല. എന്നാല്‍ പമ്പാ പോലീസ് സംഭവവുമായി ബന്ധപ്പെട്ട് മറ്റൊരു കഥയാണ് പറയുന്നത്. തീപ്പൊള്ളലേറ്റത് പരമ്പരാഗത പാതയിലെ കരിമലയില്‍ വച്ചാണെന്നും തീര്‍ഥാടകരാണ് പമ്പാ ആശുപത്രിയില്‍ ഇയാളെ എത്തിച്ചതെന്നും പറയുന്നു. സംഭവം നടന്നത് തങ്ങളുടെ അതിര്‍ത്തിയില്‍ അല്ലെന്നും പെരുവന്താനം പോലീസ് അതിര്‍ത്തിയിലായിരുന്നെന്നുമാണ് പമ്പാ പോലീസ് പറയുന്നത്.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം