ശബരിമലയില്‍ കളഭാഭിഷേകം നടന്നു

January 20, 2012 കേരളം,ക്ഷേത്രവിശേഷങ്ങള്‍

* നാളെ നട അടയ്ക്കും
* കുംഭമാസ പൂജയ്ക്കായി ഫെബ്രുവരി  13ന് നട തുറക്കും

ശബരിമല: ശബരിഗിരീശന് വ്യാഴാഴ്ച ദേവസ്വം വകയായി കളഭാഭിഷേകം നടന്നു. തന്ത്രി കണ്ഠര് മഹേശ്വരര്, മേല്‍ശാന്തി എന്‍. ബാലമുരളി എന്നിവരുടെ കാര്‍മികത്വത്തില്‍ ആയിരുന്നു കളഭപൂജ.
ഉച്ചപൂജ സമയത്ത് വാദ്യമേളങ്ങളുടെ അകമ്പടിയോടെ തന്ത്രിയും മേല്‍ശാന്തിയും ക്ഷേത്രത്തിന് പ്രദക്ഷിണം ചെയ്തശേഷമാണ് കളഭകലശം ശ്രി കോവിലിനുള്ളിലെത്തിച്ച് അഭിഷേകം നടത്തിയത്. അഞ്ച് കിലോഗ്രാം ചന്ദനമുട്ടി അരച്ച് കുങ്കുമവും പച്ചക്കര്‍പ്പൂരവും ചേര്‍ത്തായിരുന്നു കളഭം ഒരുക്കിയത്.
ഇന്ന് രാത്രി ഹരിവരാസനം പാടി നട അടയ്ക്കുന്നതോടെ ഭക്തജനങ്ങള്‍ക്കുള്ള അയ്യപ്പദര്‍ശനം അവസാനിക്കും. ഇന്നു രാത്രി 8 മണി വരെമാത്രമേ പമ്പയില്‍നിന്നു അയ്യപ്പന്മാരെ സന്നിധാനത്തേക്ക് കയറ്റിവിടുകയുള്ളു.
നാളെ രാവിലെ അഭിഷേകം നിവേദ്യം ഗണപതിഹോമം എന്നിവയ്ക്കു ശേഷം തിരുവാഭരണം തിരിച്ചെഴുന്നള്ളിപ്പ് തുടങ്ങും. രാജപ്രതിനിധിയുടെ ദര്‍ശനംത്തിനുശേഷം ഭഗവാനെ ഭസ്മാഭിഷിക്തനാക്കി ഹരിവരാസനം പാടി നട അടയ്ക്കും.
കുംഭമാസ പൂജയ്ക്കായി ഫെബ്രുവരി 13ന് വൈകുന്നേരം 5.30ന് നട തുറക്കും.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം