ഉത്തരാഖണ്ഡില്‍ ബി.ജെ.പി.ക്ക് പ്രചാരണം നടത്താന്‍ അണ്ണ ഹസാരെ സംഘമെത്തുന്നു

January 20, 2012 ദേശീയം

ഡെറാഡൂണ്‍: ഉത്തരാഖണ്ഡില്‍ ബി.ജെ.പി.ക്ക് അനുകൂലമായി പ്രചാരണം നടത്താന്‍ അണ്ണ ഹസാരെ സംഘമെത്തുന്നു. അഴിമതി തടയാന്‍ ശക്തമായ ലോകായുക്ത നടപ്പാക്കിയ സംസ്ഥാനമെന്ന നിലയ്ക്കാണ് ഹസാരെയും കൂട്ടരും പ്രചാരണത്തിനെത്തുന്നത്. ലോക്പാല്‍ നിയമം പാസാക്കാത്ത കേന്ദ്രസര്‍ക്കാറിനെ വിമര്‍ശിച്ചും ലോകായുക്ത നടപ്പാക്കിയ ബി.സി.ഖണ്ഡൂരി സര്‍ക്കാറിനെ പ്രശംസിച്ചുമായിരിക്കും സംഘത്തിന്റെ പ്രചാരണം. കോണ്‍ഗ്രസ്സിനെതിരായ ഈ പ്രചാരണം തിരഞ്ഞെടുപ്പില്‍ ബി.ജെ.പി.ക്ക് കൂടുതല്‍ ഉണര്‍വു നല്‍കും.

ശനിയാഴ്ച ഹരിദ്വാറില്‍ നിന്നാണ് ഹസാരെ സംഘം പ്രചാരണം തുടങ്ങുക. അരവിന്ദ് കെജ്‌രിവാള്‍, കിരണ്‍ ബേദി, മനീഷ് സിസോദിയ, കുമാര്‍ ബിശ്വാസ് എന്നിവര്‍ നേതൃത്വം നല്‍കും. തലസ്ഥാനമായ ഡെറാഡൂണ്‍, രുദ്രപ്പുര്‍, അല്‍മോഡ, ഹല്‍ദ്വാനി എന്നിവിടങ്ങളിലും മുഖ്യമന്ത്രി യുടെ മണ്ഡലമായ കോട്ദ്വാറിലും ഹസാരെ സംഘം ലോകായുക്തയുടെ നേട്ടങ്ങള്‍ വിവരിക്കും.

അവസാനഘട്ടത്തില്‍ വീര്യം പകരാന്‍ 26നും 27നും ഹസാരെ നേരിട്ട് പ്രചാരണത്തിനെത്താന്‍ സാധ്യതയുണ്ടെന്നും ബി.ജെ.പി. നേതാക്കള്‍ അറിയിച്ചു. എന്നാല്‍ കാലാവസ്ഥ കഠിനമായാല്‍ ഹസാരെ വരാനിടയില്ല. അഴിമതി ആരോപണങ്ങള്‍ക്ക് വിധേയനായ മുന്‍മുഖ്യമന്ത്രി രമേശ് പൊഖ്‌റിയാല്‍ നിഷാങ്കിന്റെ മണ്ഡലമായ ധോയിവാലയില്‍ ഹസാരെ സംഘം പര്യടനത്തിനുണ്ടാവില്ല. ഹല്‍ദാനി ഉള്‍പ്പെടെയുള്ള കോണ്‍ഗ്രസ് ശക്തികേന്ദ്രങ്ങളാണ് ലക്ഷ്യം.

ഖണ്ഡൂരിയുടെ നേരിട്ടുള്ള ക്ഷണമനുസരിച്ചാണ് ഹസാരെ സംഘം ഉത്തരാഖണ്ഡിലെത്തുന്നത്. ലോകായുക്തയുടെ സവിശേഷതകളെക്കുറിച്ച് ജനങ്ങളോട് വിവരിക്കാന്‍ നേരിട്ടെത്തണമെന്ന് ഹസാരെയോട് അഭ്യര്‍ഥിച്ചതായി കഴിഞ്ഞ ദിവസം ‘മാതൃഭൂമി’ക്ക് അനുവദിച്ച അഭിമുഖത്തില്‍ മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു. ബി.ജെ.പി.ക്കു വേണ്ടിയുള്ള പ്രചാരണം എന്നതിലുപരി ലോകായുക്തയുടെ നേട്ടങ്ങള്‍ വിവരിക്കാനാണ് ഹസാരെയോട് അഭ്യര്‍ഥിച്ചിട്ടുള്ളതെന്നും അദ്ദേഹം പറഞ്ഞു. സ്വാഭാവികമായും അതു തിരിച്ചടിയാവുന്നത് കോണ്‍ഗ്രസ്സിനായിരിക്കും.

2011 ഒക്ടോബര്‍ 29നാണ് ഖണ്ഡൂരി മന്ത്രിസഭ ലോകായുക്ത ബില്‍ അംഗീകരിച്ചത്. തുടര്‍ന്ന് നവംബര്‍ ഒന്നിന് നിയമസഭ ബില്‍ പാസ്സാക്കി. നവംബര്‍ നാലിന് ഗവര്‍ണറുടെ അംഗീകാരം ലഭിച്ച ശേഷം എട്ടിന് രാഷ്ട്രപതിയുടെ അംഗീകാരത്തിനായി കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിനു സമര്‍പ്പിച്ചു. എന്നാല്‍ ഇതുവരെയും രാഷ്ട്രപതിയുടെ അംഗീകാരം ലഭിച്ചിട്ടില്ല. കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള കേന്ദ്രസര്‍ക്കാര്‍ തിരഞ്ഞെടുപ്പു മുന്നില്‍ക്കണ്ട് ബോധപൂര്‍വം അംഗീകാരം വൈകിക്കുകയാണെന്നാണ് ബി.ജെ.പി.യുടെ ആരോപണം. പലതവണ കത്തയച്ചിട്ടും അനുമതിയുടെ കാര്യത്തില്‍ തീരുമാനമെടുക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ശ്രമിച്ചില്ലെന്നും പാര്‍ട്ടിയും സംസ്ഥാനസര്‍ക്കാറും ആരോപിക്കുന്നു. ഹസാരെ സംഘം തിരഞ്ഞെടുപ്പുഗോദയിലിറങ്ങുമ്പോള്‍ സ്വാഭാവികമായും ഈ വിഷയങ്ങള്‍ വീണ്ടും ചര്‍ച്ചയാവും

കൂടുതല്‍ വാര്‍ത്തകള്‍ - ദേശീയം