തലസ്ഥാനത്തെ നൂറോളം ഹോട്ടലുകളില്‍ പോലീസിന്റെ മിന്നല്‍ പരിശോധന

January 21, 2012 കേരളം

തിരുവനന്തപുരം: തലസ്ഥാനത്തെ നൂറോളം ഹോട്ടലുകളില്‍ പോലീസിന്റെ മിന്നല്‍ പരിശോധന. പിടികിട്ടാപ്പുള്ളികളടക്കം 40 ഓളം പേര്‍ പിടിയിലായി. കൃത്യമായ യാത്രാരേഖകളില്ലാതെ ഹോട്ടലുകളില്‍ താമസിച്ചിരുന്ന ജാര്‍ഖണ്ഡ്, ബംഗാള്‍, ഉത്തരാഞ്ചല്‍, തിമിഴ്‌നാട് സ്വദേശികളെയാണ് പോലീസ് അറസ്റ്റു ചെയ്തത്. ഇന്നലെ വൈകുന്നേരം 5 മുതല്‍ രാത്രി 11 വരെയായിരുന്നു റെയ്ഡ്. സംസ്ഥാനത്ത് അന്യസംസ്ഥാന തൊഴിലാളികളിലൂടെ വ്യാപകമായി കള്ളനോട്ട് വിതരണം ചെയ്യുന്നതിന്റെ അടിസ്ഥാനത്തിലായിരുന്നു റെയ്ഡ്. ഡി.സി.പി മോഹനന്റെ നേതൃത്വത്തിലായിരുന്നു പരിശോധന. മാസങ്ങളായി ഏതൊരു രേഖയുമില്ലാതെ ഹോട്ടലുകളില്‍ മുറിയെടുത്ത് താമസിച്ചുവന്ന നിരവധി പേര്‍ പിടിയിലായിട്ടുണ്ട്. ചോദ്യം ചെയ്യലില്‍ പലരും എന്തിനാണ് താമസിച്ചതെന്ന് വ്യക്തമായ ഉത്തരം നല്‍കിയിട്ടില്ല. മോഷണം അടക്കം നിരവധി കേസുകളില്‍ അടുത്തിടെ അന്യസംസ്ഥാന തൊഴിലാളികള്‍ പിടിയിലായിരുന്നു. ഇതും റെയിഡിന് പോലീസിനെ പ്രേരിപ്പിച്ചു.

ഒരാളുടെ പേരില്‍ മുറിയെടുത്ത ശേഷം നാലും അഞ്ചു പേരാണ് താമസിക്കുന്നത്. ഇവരെക്കുറിച്ച് ഹോട്ടലുകാര്‍ക്ക് വ്യക്തമായ അറിവില്ല. ഈ സാഹചര്യത്തില്‍ കൃത്യമായ രേഖകള്‍ സൂക്ഷിക്കാതെ മുറി നല്‍കിയതിന് 50 ഓളം ഹോട്ടലുകള്‍ക്ക് നോട്ടീസ് നല്‍കിയിട്ടുണ്ട് വരും ദിവസങ്ങളിലും പോലീസിന്റെ പരിശോധന തുടരും. റെയിഡിന് ഡി.സി.പിയെക്കൂടാതെ ഫോര്‍ട്ട് എ.സി രാധാകൃഷ്ണന്‍,കന്റോണ്‍മെന്റ് എ.സി ഹരിദാസ്, ശംഖുംമുഖം എ.സി വിമല്‍ എന്നിവര്‍ നേതൃത്വം നല്‍കി.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം