പാദപൂജ

January 21, 2012 ഗുരുവാരം

സ്വാമി സത്യാനന്ദ സരസ്വതി
ശ്രദ്ധാത്രൈവിധ്യം

ശ്രദ്ധ – പ്രാണായാമത്തിന് :-  ധര്‍മത്തെ അടിസ്ഥാനമാക്കി കര്‍മങ്ങള്‍ നിര്‍വഹിക്കുവാനും അര്‍ഥസമ്പാദനം ധര്‍മകര്‍മങ്ങളിലൂടെ സാധിക്കുവാനും രാജസഗുണപ്രധാനമായി സമ്പാദിച്ച അര്‍ഥം കൊണ്ടുണ്ടാകുന്ന ദോഷഫലം പരിഹരിക്കുന്നതിന് അര്‍ഥത്തെ ധര്‍മമാര്‍ഗത്തില്‍ ഉപയോഗിക്കുന്നതിനും അവശ്യം വേണ്ട കാര്യമാണ് ശ്രദ്ധ. ധര്‍മം, അര്‍ഥം, കാമം, മോക്ഷം എന്നീ നാമങ്ങളാല്‍ പ്രഖ്യാതങ്ങളായിട്ടുള്ള പുരുഷാര്‍ത്ഥങ്ങള്‍ നിര്‍വഹിക്കുന്നതിന് ശ്രദ്ധ അനുപേക്ഷണീയമാണ്. സാധകന് ആരംഭകാലത്തില്‍ സ്വാഭാവികമായുണ്ടാകുന്ന അലസതയും യോഗവിഘ്‌നകാരികളായിത്തീരുന്ന ദോഷങ്ങളും പരിഹരിക്കുന്നതിന് പ്രധാനമായും വേണ്ടത് ശ്രദ്ധ തന്നെയാണ്. യോഗസാധന അനുഷ്ഠിക്കുമ്പോള്‍ അശ്രദ്ധ സംഭവിച്ചാലുണ്ടാകുന്ന ആപത്തും പ്രത്യേകം ഓര്‍ത്തിരിക്കേണ്ടതാണ്. പ്രാണായാമപരിശീലനകാലഘട്ടം അനുഷ്ഠാനങ്ങളില്‍ അതീവശ്രദ്ധ കേന്ദ്രീകരിക്കേണ്ട സമയമാണ്. യോഗിക്കുണ്ടാകുന്ന അനുഭവങ്ങളും വിഭ്രാന്തിയും ശ്രദ്ധയേയും അശ്രദ്ധേയേയും അടിസ്ഥാനമാക്കിയാണുണ്ടാകുന്നത്.
പ്രാണയാമപരിശീലനക്രമത്തില്‍ പൂരകകുംഭകരേചകങ്ങള്‍ ശീലിക്കുമ്പോള്‍ ഗുരുപദേശമനുസരിച്ച് ഓരോന്നിലും ശ്രദ്ധകേന്ദ്രീകരിച്ചേ തീരൂ. അലക്ഷ്യമായ കുംഭകപരിശീലനം മൂലം വിഭ്രാന്തിയും സ്മൃതിഭ്രംശവും സംഭവിക്കുമെന്നത് പ്രത്യേകം സ്മരിക്കേണ്ടകാര്യമാണ്. മാത്രകള്‍ ശ്രദ്ധിക്കാതെ മനസ്സിനെ അലസമായി വ്യാപരിപ്പിച്ചാല്‍ കുംഭകത്തില്‍ സ്ഥിതിചെയ്യുന്ന പ്രാണന്‍ വീണ്ടും ഊര്‍ദ്ധ്വഗമനം ചെയ്യുകയാണെങ്കില്‍ സാധനകന് അമിതമായ ആപത്ത് സംഭവിക്കുന്നു. വായ് തുറന്ന് താടിയെല്ല് അതിന്റെ ചുഴിയില്‍ നിന്നു തെറ്റി കീഴോട്ടമര്‍ന്ന് കഴുത്തിനെ മറച്ചുകൊണ്ട് ഉരസ്സില്‍ പറ്റിയിരിക്കുന്നതുവരെയുള്ള ആപത്ത് ഇതുകൊണ്ട് സംഭവിക്കാം. പ്രാണനെ സ്വസ്ഥനിലയിലേക്ക് കൊണ്ടുവരുന്നതിനും പിന്നെ പ്രയാസമുണ്ടാകും. തുടര്‍ന്ന് സംഭവിക്കാവുന്ന ആപത്തുകളെ വര്‍ണിക്കുന്നത് പ്രയോജനരഹിതമാകയാല്‍ അതിനു മുതിരുന്നില്ല. ശ്രദ്ധയുടെ പ്രാധാന്യത്തെ ഊന്നിപ്പറയുന്നതിന് ഒരു സൂചനയെന്നോണം ഇക്കാര്യം പ്രസ്താവിക്കുക മാത്രമാണ് ചെയ്തത്. യോഗപരിശീലന  സമയങ്ങളില്‍ ശരീരത്തിനുണ്ടാകുന്ന പ്രത്യേക പ്രസന്നതയും ചൈതന്യവും മറ്റൊന്നിലും നിന്നു ലഭിക്കാത്ത പ്രത്യേക സുഗന്ധവും  സ്ത്രീവശ്യത്തിനു കാരണമായ ഫലങ്ങളുളവാക്കത്തക്കതാണ്. ഗുരുസങ്കല്പത്തിലും ഉപാധേയത്തിലും പ്രതിഷ്ഠിതമായ ദൃഢപ്രജ്ഞ ശ്രദ്ധാപൂര്‍വമുള്ള ഉപാസനയില്‍ക്കൂടി വളര്‍ത്തിയെടുത്താല്‍ മാത്രമേ ഇത്തരം അപകടങ്ങള്‍ തരണം ചെയ്യാനാകൂ. അല്ലാത്തപക്ഷം യോഗഭ്രംശവും അധഃപതനവും സംഭവിക്കും. വര്‍ജിക്കേണ്ടവയില്‍ അതീവശ്രദ്ധ പതിപ്പിക്കാത്തപക്ഷം യോഗവിഘ്‌നകാരികളായ ദോഷങ്ങള്‍ സംഭവിക്കുകയും യോഗഭ്രംശം വരികയും ചെയ്യും.
കമലദളം പോലെ നിര്‍ലേപനായിരിക്കുവാനാണ് ഉപനിഷത്തുപദേശിക്കുന്നത്. രസവര്‍ജനം, ഗന്ധവര്‍ജനം, രൂപവര്‍ജനം, സ്പര്‍ശഗുണവര്‍ജനം, ശബ്ദനിരോധം തുടങ്ങി സാധകന്‍ നേടിയെടുക്കേണ്ട കാര്യങ്ങള്‍ ശ്രദ്ധാപൂര്‍വമുള്ള അനുഷ്ഠാനങ്ങളിലൂടെ മാത്രമേ സാധ്യമാകുകയുള്ളൂ. സര്‍വജീവരാശികളുടെയും ഹൃദയമായി പ്രവര്‍ത്തിക്കുന്ന പ്രകൃതിയെ ജയിക്കുന്നതിന് ആവശ്യമായ സാധനയാണ് അനുഷ്ഠിക്കുന്നതെന്ന ബോധം സാധകന് ശ്രദ്ധകൊണ്ടു മാത്രമേ നിലനിര്‍ത്തുവാന്‍ കഴിയൂ. ”സര്‍വേഷാമേവ സത്വാനാം മൃത്യുര്‍ ഹൃദയം” – ‘സര്‍വജീവരാശികളുടേയും ഹൃദയം മൃത്യുവാകുന്നു’ – ഈ ബോധം ജീവാത്മാവിന്റെ സര്‍വശരീരങ്ങളിലും പ്രവര്‍ത്തിക്കുകയും മൃത്യുദോഷത്തെ ഓര്‍മിപ്പിക്കുകയും  ചെയ്യും. ഇതില്‍ നിന്നുള്ള മുക്തി ശ്രദ്ധാപൂര്‍വമുള്ള അനുഷ്ഠാനങ്ങളില്‍ക്കൂടി മാത്രമേ നിര്‍വഹിക്കാനാവുകയുള്ളൂ.

കൂടുതല്‍ വാര്‍ത്തകള്‍ - ഗുരുവാരം