അഴീക്കോട് മാഷിന്റെ സംസ്‌കാരം നാളെ

January 24, 2012 കേരളം

തൃശൂര്‍: ഇന്ന് രാവിലെ തൃശൂരില്‍ അന്തരിച്ച ഡോ. സുകുമാര്‍ അഴീക്കോടിന്റെ സംസ്‌കാരം നാളെ നടക്കും. കണ്ണൂര്‍ പയ്യാമ്പലത്താണ് സംസ്‌കാരം. 10 മണി വരെ ഇരവിമംഗലത്തെ വീട്ടില്‍ പൊതു ദര്‍ശനത്തിന് വച്ച മൃതദേഹം സാഹിത്യ അക്കാദമി ഹാളിലേക്ക് മാറ്റി. വൈകിട്ട് നാല് മണിവരെ അക്കാദമി ഹാളില്‍ പൊതുദര്‍ശനത്തിന് വയ്ക്കുന്ന മൃതദേഹം ഇതിനുശേഷം കണ്ണൂരിലേക്ക് കൊണ്ടുപോകും. രാത്രി കോഴിക്കോട് ടൗണ്‍ഹാളിലും മൃതദേഹം പൊതുദര്‍ശനത്തിന് വയ്ക്കും. തൃശൂരില്‍ തന്നെ മാഷിന്റെ മൃതദേഹം സംസ്‌കരിക്കണമെന്ന് സുഹൃത്തുക്കള്‍ ആഗ്രഹം പ്രകടിപ്പിച്ചിരുന്നെങ്കിലും വീട്ടുകാരുടെയും ബന്ധുക്കളുടെയും താല്‍പര്യപ്രകാരമാണ് കണ്ണൂരില്‍ സംസ്‌കാരം നടത്തുന്നത്. തുടര്‍ന്ന് ജില്ലാ കളക്ടര്‍ ഇടപെട്ട് ഇരുകൂട്ടരുമായും ചര്‍ച്ച നടത്തി. ഇക്കാര്യത്തില്‍ ബന്ധുക്കളുടെ താല്‍പര്യമാണ് അംഗീകരിക്കേണ്ടതെന്ന് മുഖ്യമന്ത്രിയും പറഞ്ഞു.

അഴീക്കോട് മാഷിന്റെ നിര്യാണത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, സ്പീക്കര്‍ ജി. കാര്‍ത്തികേയന്‍, കേന്ദ്രമന്ത്രിമാരായ വയലാര്‍ രവി, കെ.വി തോമസ്, ഇ. അഹമ്മദ്, മുല്ലപ്പള്ളി രാമചന്ദ്രന്‍, മന്ത്രിമാരായ കെ.സി ജോസഫ്, കെ.എം മാണി, പി.ജെ ജോസഫ്, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, കെ.ബാബു, അടൂര്‍ പ്രകാശ്, ജെഎസ്എസ് നേതാവ് കെ.ആര്‍ ഗൗരിയമ്മ തുടങ്ങിയവര്‍ അനുശോചിച്ചു.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം