ജി. മാധവന്‍നായരെ സര്‍ക്കാര്‍ തസ്തികയില്‍ നിയമിക്കുന്നതിന് വിലക്ക്

January 25, 2012 ദേശീയം

ന്യൂഡല്‍ഹി: ഐഎസ്ആര്‍ഒ മുന്‍ ചെയര്‍മാന്‍ ജി. മാധവന്‍ നായരെ സര്‍ക്കാര്‍ തസ്തികയില്‍ നിയമിക്കുന്നതിന് വിലക്ക്. എസ്-ബാന്‍ഡ് വിവാദത്തില്‍ ഉള്‍പ്പെട്ടതിനെ തുടര്‍ന്നാണ് വിലക്ക്. മാധവന്‍ നായര്‍ ഉള്‍പ്പെടെ നാല് ശാസ്ത്രജ്ഞരെയാണ് വിലക്കിയിരിക്കുന്നത്. ഐഎസ്ആര്‍ഒ മുന്‍ സയന്റിഫിക് സെക്രട്ടറി എ. ഭാസ്‌കര്‍ നാരായണ, ഐഎസ്ആര്‍ഒയുടെ വാണിജ്യവിഭാഗമായ ആന്‍ട്രിക്‌സിന്റെ മുന്‍ മാനേജിംഗ് ഡയറക്ടര്‍ കെ.ആര്‍. ശ്രീധരമൂര്‍ത്തി, ഐഎസ്ആര്‍ഒയുടെ സാറ്റലൈറ്റ് സെന്റര്‍ മുന്‍ ഡയറക്ടര്‍ കെ.എന്‍. ശങ്കര എന്നിവരാണ് വിലക്ക് ഏര്‍പ്പെടുത്തിയ മറ്റ് ശാസ്ത്രജ്ഞര്‍. നിലവിലും ഭാവിയിലും സര്‍ക്കാര്‍ തസ്തികയില്‍ നിയമിക്കപ്പെടുന്നതിനാണ് വിലക്ക്. സമിതികളില്‍ പോലും ഇവരെ നിയമിക്കാന്‍ പാടില്ലെന്ന് സ്‌പേസ് ഡിപ്പാര്‍ട്ട്‌മെന്റ് പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നു.

സ്‌പേസ് ഡിപ്പാര്‍ട്ട്‌മെന്റ് ഡയറക്ടര്‍ സന്ധ്യ വേണുഗോപാല്‍ ഒപ്പുവച്ച ഉത്തരവ് ഈ മാസം 13 ന് ഇറങ്ങിയതായിട്ടാണ് രേഖപ്പെടുത്തിയിരിക്കുന്നത്. എന്നാല്‍ എസ് ബാന്‍ഡ് ഇടപാടില്‍ ഇവരുടെ പങ്കോ വിലക്കിന് കാരണമായ വ്യക്തമായ കാരണമോ ഉത്തരവില്‍ പറയുന്നില്ല. എസ്-ബാന്‍ഡ് ഇടപാട് പരിശോധിക്കാന്‍ നിയോഗിച്ച ഉന്നതാധികാര സമിതിയുടെ റിപ്പോര്‍ട്ട് സൂക്ഷ്മമായി പരിശോധിച്ചതിന്‍ പ്രകാരമാണ് വിലക്കെന്ന് ഉത്തരവില്‍ പറയുന്നു. ഉത്തരവിന്റെ പകര്‍പ്പ് കേന്ദ്രത്തിലെ എല്ലാ ഡിപ്പാര്‍ട്ട്‌മെന്റിലെയും സെക്രട്ടറിമാര്‍ക്കും സംസ്ഥാന ചീഫ് സെക്രട്ടറിമാര്‍ക്കും അയച്ചിട്ടുണ്ട്്.

നാലാം തലമുറയില്‍പെട്ട എസ്-ബാന്‍ഡ് സ്‌പെക്ട്രത്തിന്റെ വിപണനം സംബന്ധിച്ച കരാര്‍ ഐഎസ്ആര്‍ഒയുടെ വാണിജ്യ വിഭാഗമായ ആന്‍ട്രിക്‌സും സ്വകാര്യ കമ്പനിയായ ദേവാസ് മള്‍ട്ടി മീഡിയയും തമ്മില്‍ 2005 ലാണ് ഒപ്പുവച്ചത്. കേന്ദ്രസര്‍ക്കാരിന് വന്‍ നഷ്ടം ഉണ്ടാകുമെന്ന വിലയിരുത്തലിനെ തുടര്‍ന്ന് ഇടപാട് റദ്ദാക്കിയിരുന്നു. ഐഎസ്ആര്‍ഒയുടെ ജി സാറ്റ് -6, ജി സാറ്റ് -6 (എ) എന്നീ ഉപഗ്രഹങ്ങളുടെ ട്രാന്‍സ്‌പോണ്ടര്‍ കപ്പാസിറ്റിയുടെ 90 ശതമാനവും 1350 കോടി രൂപയ്ക്ക് 12 വര്‍ഷത്തേക്ക് ദേവാസ് മള്‍ട്ടി മീഡിയയ്ക്ക് നല്‍കുന്നതായിരുന്നു കരാര്‍.

കൂടുതല്‍ വാര്‍ത്തകള്‍ - ദേശീയം